ആര്യാടന്‍ യുഡിഎഫിന് വോട്ട് ചെയ്യുമോ എന്ന് സംശയം ,പാരമ്പര്യം അങ്ങനെയാണല്ലോയെന്ന് പന്ന്യന്‍ രവീന്ദ്രന്‍ 

ആര്യാടന്‍ യുഡിഎഫിന് വോട്ട് ചെയ്യുമോ എന്ന് സംശയം ,പാരമ്പര്യം അങ്ങനെയാണല്ലോയെന്ന് പന്ന്യന്‍ രവീന്ദ്രന്‍ 

സ്വന്തം മുന്നണിയുടെ കൂടെ നിന്ന് മുന്നണിക്കു എതിരായി പ്രവര്‍ത്തിച്ച ചരിത്രമാണ് ആര്യാടനുള്ളത്

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സിപിഐയുടെ പിന്തുണ പോലും നേടാന്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് കഴിയില്ല എന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താനവനയ്‌ക്കെതിരെ സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ആര്യാടന്‍ മുഹമ്മദ് യുഡിഎഫില്‍ നിന്നുകൊണ്ട് സകല നാണക്കേടുകളും പറഞ്ഞ ആളാണ്. മുന്നണിയോടും, സ്വന്തം പാര്‍ട്ടിയോടുമുള്ള കടമ നിര്‍വഹിക്കാന്‍ കഴിയാത്ത ആളാണ്. അത്തരമൊരാള്‍ പറയുന്ന കാര്യം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. അദ്ദേഹം സമകാലിക മലയാളത്തിനോട് പ്രതികരിച്ചു. 

സിപിഐ എന്ന പാര്‍ട്ടിയെ കുറിച്ച് ആര്യാടന് ഒന്നും അറിയില്ല. കമ്മ്യൂണിസ്റ്റുകാര്‍ എന്താണ് എന്ന് അദ്ദേഹത്തിന് അറിയില്ല. അദ്ദേഹം പറയുന്നതില്‍ ഒരു ധാര്‍മികതയുമില്ല.ആര്യാടന്റെ വാക്കുകള്‍ക്കൊന്നും മറുപടി അര്‍ഹിക്കുന്നില്ല. 
ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയമുള്ള,ജനങ്ങളോട് ബാധ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അടങ്ങിയതാണ്. ആ പ്രസ്ഥാനത്തില്‍ നില്‍ക്കുന്നത് ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഭാഗമായിട്ട് കൂടിയാണ്. ആ പ്രസ്ഥാനത്തിന് ചില കടമകളുണ്ട്. അത് നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികള്‍ക്ക് എതിരായി നമ്മുടെ രാജ്യത്തിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ അണി നിരത്തുകയും അവര്‍ക്കു വേണ്ടി പോരാടുകയും ചെയയുന്ന മുന്നണിയാണ് ഇടതുപക്ഷം. ആ മുന്നണിയെക്കുറിച്ച് ഇപ്പോഴും ആര്യാടന് വലിയ പിടിയൊന്നുമില്ല. കഥയറിയാതെ അദ്ദേഹം ആട്ടം കാണുകയാണ്.

മലപ്പുറത്ത് തീര്‍ച്ചയായും ഒരു മാറ്റം വരും. ഇത്തവണ നല്ല മത്സരമാണ് നടക്കുക. ഞങ്ങള്‍ നടത്തുന്ന പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. അതിന്റെ അ്ങ്കലാപ്പു കൂടി ആര്യാടന്റെ വാക്കുകളില്‍ കാണാം. ആര്യാടന്റെ വോട്ട് യുഡിഎഫിന് കിട്ടുമോ എന്നകാര്യം സംശയമാണ്. മാറ്റി ചെയ്യുമോ എന്ന് അറിയില്ല.അദ്ദേഹത്തിന്റെ പാരമ്പര്യം അതാണല്ലോ. സ്വന്തം മുന്നണിയുടെ കൂടെ നിന്ന് മുന്നണിക്കു എതിരായി പ്രവര്‍ത്തിച്ച ചരിത്രമാണ് ആര്യാടനുള്ളത്. യുഡിഎഫിന്റെ വോട്ട് മാറ്റി കുത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണോ അദ്ദേഹം ഇതൊക്കെ പറഞ്ഞ് നാട്ടില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് എന്ന് സംശയമുണ്ട്. അദ്ദേഹത്തിന് ലീഗിനോട് പണ്ടേ വിരോധമാണ് എന്ന കാര്യം എല്ലാവരര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് മറച്ചു വെച്ച് ആളാകാന്‍ വേണ്ടി, വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ വേണ്ടി പറയുന്നതാകും ഇതെല്ലാം. ചിലര്‍ അങ്ങനെയാണ്. കാപട്യത്തിന്റെ മുഖവുമായി വരുന്നവര്‍ കൂടെയുണ്ട് എന്ന് കാണിക്കാന്‍ വേണ്ടി ചിലതൊക്കെ പുലമ്പും. ഇതും അങ്ങനെ കണ്ടാല്‍ മതിയാകും. പാര്‍ട്ടി തീരുമാനിച്ച പ്രകാരം എല്ലാ നേതാക്കളും പ്രചരണത്തിന് മലപ്പുറത്തെത്തും. പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com