ആയുര്‍വേദ മേഖലയില്‍ ദേശീയ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് കേരളത്തിന്റെ സ്വപ്നം: കെ കെ ശൈലജ
Published: 22nd March 2017 10:14 PM |
Last Updated: 23rd March 2017 11:57 AM | A+A A- |

തിരുവനന്തപുരം: ആയുര്‍വേദ രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളം ഇന്ന് ആയുര്‍ വേദത്തിന്റെ തലസ്ഥാനമാണെന്നും അതുകൊണ്ടുതന്നെ ഈ മേഖലയില്‍ വിപുലമായ ഗവേഷണ പദ്ധതികള്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുവാനാണ് കേരളം ശ്രമിക്കുന്നതെന്നും ആയുഷ് മന്ത്രിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിന് മുന്നോടിയായി ആയുര്‍വേദ രംഗത്ത് ഒരു ദേശീയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആയുഷ് വകുപ്പ്.
ഏകദേശം 300 ഏക്കറില്‍ സ്ഥാപിക്കുന്ന ഈ ഗവേഷണ കേന്ദ്രത്തോട് അനുബന്ധമായി ആയുര്‍വേദ ആശുപത്രിയും , മ്യൂസിയവും സ്ഥാപിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദ രംഗത്ത് സമഗ്രമായ ഒരു മാറ്റത്തിനാണ് ആയുഷ് വകുപ്പ് ശ്രമിക്കുന്നതെന്നും സാധാരണ നിലവാരത്തിലുള്ള ആയുര്‍വേദ ആശുപത്രികളെ ഘട്ടം ഘട്ടമായി സൂപ്പര്‍സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.