അതിരപ്പിള്ളി പദ്ധതി വേണ്ട; സര്‍ക്കാറിന് ആയിരങ്ങളുടെ നിവേദനം

കെഎസ്ഇബിയും പരിസ്ഥിതി റിപ്പോര്‍ട്ട് നല്‍കിയ ഏജന്‍സിയും നല്‍കുന്ന പലവിവരങ്ങളും പരസ്പരവിരുദ്ധമായവയും അര്‍ദ്ധ സത്യങ്ങളുമാണു
അതിരപ്പിള്ളി പദ്ധതി വേണ്ട; സര്‍ക്കാറിന് ആയിരങ്ങളുടെ നിവേദനം

അതിരപ്പിള്ളി പദ്ധതിക്കെതിരെ ആയിരങ്ങള്‍ ഒപ്പുവെച്ച നിവേദനം.  'അതിരപ്പിള്ളി പദ്ധതിക്കെതിരെ കേരളത്തിലെ ജനങ്ങള്‍ ഒന്നിക്കുന്നു' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് നിവേദനം പുറത്തിറക്കിയിരിക്കുന്നത്. കെ സച്ചിദാനന്ദന്‍, പോള്‍ സക്കറിയ, ബി ആര്‍ പി ഭാസ്‌കര്‍, ആര്‍ വി ജി മേനോന്‍, സാറാ ജോസഫ്, കെ ജി ശങ്കരപ്പിള്ള, സേതു, എം എന്‍ കാരശ്ശേരി, സിവിക് ചന്ദ്രന്‍, ടി ടി ശ്രീകുമാര്‍, സുനില്‍ പി ഇളയിടം, ജെ ദേവിക, വി കെ ശ്രീരാമന്‍, അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, പി എന്‍ ഗോപീകൃഷ്ണന്‍, ശാരദക്കുട്ടി, കെ പി രാമനുണ്ണി, അനിത തമ്പി, സി എസ് ചന്ദ്രിക തുടങ്ങി നിരവധി പ്രമുഖര്‍ നവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനും മറ്റു മന്ത്രാലയങ്ങള്‍ക്കുമാണ് നിവേദനം

നിവേദനത്തിന്റെ പൂര്‍ണ്ണരൂപം  

മഴയില്ലായ്മ കൊണ്ടും കുടിവെള്ളക്ഷാമം കൊണ്ടും ജീവിതം ദുഃസഹമാക്കുന്ന കാലാവസ്ഥാവ്യതിയാനം കൊണ്ടും നാം പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന ഈ കാലത്തും അതിരപ്പിള്ളിയില്‍ ജലവൈദ്യുതപദ്ധതി നടപ്പിലാക്കുവാന്‍ ഗവണ്മെന്റ് താല്പര്യപ്പെടുന്നു എന്ന ഖേദകരമായ വിഷയമാണു ഞങ്ങളെ ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള പരിസ്ഥിതിനാശം, വനനശീകരണം എന്നിവയും അതുവഴി കൂടി വന്നു ചേരുന്ന കാലാവ്യസ്ഥാവ്യതിയാനവുമാണു നാം എത്തിപ്പെട്ടിരിക്കുന്ന ദുഃസ്ഥിതിക്ക് കാരണമെന്ന് ലോകമെമ്പാടുമുള്ള മറ്റെല്ലാ ജനതയോടുമൊപ്പം മലയാളികളും തിരിച്ചറിയുന്ന കാലമാണിത്.

പദ്ധതികാരണം പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല എന്ന തരത്തില്‍ കെഎസ്ഇബിയും പരിസ്ഥിതി റിപ്പോര്‍ട്ട് നല്‍കിയ ഏജന്‍സിയും നല്‍കുന്ന പലവിവരങ്ങളും പരസ്പരവിരുദ്ധമായവയും അര്‍ദ്ധ സത്യങ്ങളുമാണു. ചാലക്കുടിപുഴ, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശത്തെ ഒരു വലിയ വിഭാഗം ജനതയുടെ കുടിവെള്ളശ്രോതസാണു. നിലവില്‍ പൈപ് ലൈന്‍ വഴി വിതരണം ചെയ്യപ്പെടുന്ന ആ കുടിവെള്ളപദ്ധതികളെ മാത്രമല്ല ചാലക്കുടിപുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ജലസേചനപദ്ധതികളെയും ബന്ധപ്പെട്ട കാര്‍ഷികവ്യവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കും.

വലിയ കാര്‍ഷികത്തകര്‍ച്ചയും അതിലേര്‍പ്പെട്ട ജനങ്ങളുടെ സാമ്പത്തിക തകര്‍ച്ചയുമാണു ഫലം. അതിലുപരി പദ്ധതിക്കു വേണ്ടി പുഴയിലെ ഒഴുക്കില്‍ വരുത്തുന്ന നിയന്ത്രണങ്ങള്‍ പുഴയൊഴുകുന്ന വഴികളിലെ മുഴുവന്‍ ജലവിതാനത്തെയും ബാധിക്കുകയും ചെയ്യും. രൂക്ഷമായ വരള്‍ച്ചയാണു അതുവഴിയുണ്ടാകുക എന്നു ചുരുക്കം. നിലവിലെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തുന്ന ഏതൊരു നീക്കവും മാലിന്യ സംസ്‌കരണത്തിനുള്ള പുഴയുടെ സ്വയംശേഷിയെ തകര്‍ക്കുന്നതാകും.

ഏറ്റവും പ്രധാനമാണു ആ പ്രദേശത്തെ മനുഷ്യരുള്‍പ്പടെയുള്ള സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥിതിയെ നിലനിര്‍ത്തുന്നതില്‍ പുഴയ്ക്കുള്ള പങ്ക്. അതിലുള്ള ഏത് തരത്തിലുള്ള ഇടപെടലും അപരിഹാര്യമായ പ്രഹരമാണു പരിസ്ഥിതി സന്തുലനത്തിനു ഏല്‍പ്പിക്കുക. കൂടാതെ പ്രദേശത്തെ ആദിവാസികള്‍ ഉള്‍പ്പടെയുള്ള ജനതയും ശക്തിയുക്തം എതിര്‍ക്കുന്ന പദ്ധതിയാണിത്. അവരുടെ ജീവസന്ധാരണത്തിന്റെ ഉപാധിയായിത്തീര്‍ന്നിട്ടുള്ള പുഴ ഒരുക്കുന്ന പരിസരങ്ങളെയും ഉപജീവനത്തിന്റെ ഉള്‍പ്പടെയുള്ള സാധ്യതകളെയും ഇത് മോശമായി ബാധിക്കുമെന്നതില്‍ സംശയമേതുമില്ല.

പ്രസരണനഷ്ടം നിയന്ത്രിച്ചും ദുര്‍വ്യയം കുറയ്ക്കാന്‍ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയും, വൈദ്യുതിലാഭത്തിനു വേണ്ടി നടത്താവുന്ന ശാസ്ത്രീയവും നൂതനവുമായ സംവിധാനങ്ങള്‍ അവലംബിച്ചുമുള്ള ഒരു വഴിയാണു പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഹിതകരം. പുഴ ഒരു ജീവവാഹിനിയാണു. പണം കൊണ്ടോ സാങ്കേതികത കൊണ്ടോ പകരം വയ്ക്കാന്‍ നമുക്ക് കഴിവില്ലാത്ത ഒന്ന്. പരിസ്ഥിതിയെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ഒരു വികസനവും സ്ഥായിയല്ല എന്ന തിരിച്ചറിവാണു നമുക്ക് വേണ്ടത്. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതില്‍ കേരളത്തിലെ ജനങ്ങളോടൊപ്പം വിവിധ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഞങ്ങളേവര്‍ക്കുമുള്ള തീവ്രമായ എതിര്‍പ്പ് രേപ്പെടുത്തുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കരുതെന്ന് ഞങ്ങളൊന്നിച്ച് ഇതിനാല്‍ ശക്തമായി ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com