ലിയ ഉണരുന്നതും കാത്ത്....

ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകാറുള്ള സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം എറണാകുളം കാലടിയിലെ നാലുവയസുകാരിയിലാണ് കണ്ടെത്തിയിരിക്കുന്നത്.
ലിയ അമ്മയ്ക്കും ഡോക്ടറിനുമൊപ്പം
ലിയ അമ്മയ്ക്കും ഡോക്ടറിനുമൊപ്പം

വര്‍ഷങ്ങളോളം ഗാഢനിന്ദ്രയിലേക്കാണ്ടു പോയൊരു സുന്ദരിയെപ്പറ്റി കഥകളില്‍ കേട്ട പരിചയമേയുള്ളു നമുക്ക്. എന്നാലിത് യഥാര്‍ഥ ജീവിതത്തിലും സംഭവിച്ചിരിക്കുകയാണ്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരാണീ അപൂര്‍വ്വ രോഗം കണ്ടെത്തിയത്. ദിവസങ്ങളോളം തുടര്‍ച്ചയായി ഉറങ്ങുന്ന രോഗമാണിത്.

ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകാറുള്ള സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം എറണാകുളം കാലടിയിലെ നാലുവയസുകാരിയിലാണ് കണ്ടെത്തിയിരിക്കുന്നത്. സ്ലീപിങ് ബ്യൂട്ടി സിന്‍ഡ്രോം കണ്ടെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ് കാലടി കാഞ്ഞൂര്‍ സ്വദേശികളായ ഡെന്നിയുടെയും ലിനുവിന്റെയും മൂത്ത മകളായ ലിയ. 

ഡെന്നിയുടെയും ലിനുവിന്റെയും വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിനു ശേഷമാണ് ലിയയുടെ ജനനം. കുട്ടി സംസാരിച്ചു തുടങ്ങിയത് മൂന്നാം വയസിലാണ്. കഴിഞ്ഞ ഒക്ടോബറില്‍ അകാരണമായി ലിയ അബോധാവസ്ഥയിലായി. അന്ന് ചുഴലി രോഗമാണെന്ന് കരുതിയാണ് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കിയത്. ഇതിനുശേഷം നാലു മാസത്തിനിടയ്ക്ക് എട്ടു തവണയാണ് സമാന അവസ്ഥയുണ്ടായത്. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം എന്താണെന്ന് കണ്ടുപിടിക്കാനായില്ല.

പെട്ടെന്ന് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ 16നാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും കുറഞ്ഞ നിരക്കിലായിരുന്നു. തുടര്‍ച്ചയായ ഇസിജ് പരിശോധനകളിലൂടെ കോച്ചിവലിവുണ്ടാക്കുന്ന അപസ്മാരമല്ലെന്ന് മനസിലായി. അഞ്ചു ദിവസത്തേക്ക് ഒരു തരത്തിലുമുള്ള പ്രതികരണവുമില്ലാതെ ലിയ ഉറക്കത്തിലായിരുന്നു. 

പരിശോധനയില്‍ ഇത് മറ്റ് രോഗലക്ഷണങ്ങളൊന്നുമല്ലെന്ന് കണ്ടെത്തി. പിന്നീടുണ്ടായ വിദഗ്ധ പരിശോധനയില്‍ സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം ആണെന്ന് സ്ഥിരീകരിച്ചു. മനോരോഗ പരിശോധനകളിലും ക്ലെയ്ന്‍ ലെവിന്‍ സിന്‍ഡ്രോം ആണെന്ന് വ്യക്തമാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. നേരത്തെ ഇതേ രോഗം കണ്ടെത്തിയ മൂന്നില്‍ രണ്ടും പുരുഷന്‍മാരായിരുന്നു. 

ഉറക്കത്തിനു മുന്നോടിയായി അസാധാരണമായ പെരുമാറ്റവും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിന് ശേഷം അഞ്ചു ദിവസം വരെയാണ് ഉറക്കത്തിലാവുക. അതേസമയം ലിയയുടെ അമ്മയുടെ അമ്മയ്ക്കും സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നാണ് പറയുന്നത്. അവര്‍ക്ക് ദീര്‍ഘനാള്‍ ബോധക്ഷയം സംഭവിച്ചിരുന്നെന്നും അസ്വാഭാവിക മരണമായിരുന്നെന്നും കണ്ടെത്തി. 

ഇപ്പോള്‍ മരുന്നുകളോട് നല്ല പ്രതികരണം കാണിക്കുന്ന ലിയ ഉണര്‍ന്നിരിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നതായി ആസ്റ്റര്‍ മെഡിസിറ്റിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോക്ടര്‍ അക്ബര്‍ മുഹമ്മദ് ചേട്ടാലി പറഞ്ഞു. സ്ലീപ് അറ്റാക്കുകളുടെ തോത് പ്രായം കൂടുംതോറും കുറഞ്ഞു വരാറുണ്ട്. വീണ്ടും രോഗം വരുന്നതിനെ കുറിച്ചും ദീര്‍ഘനാള്‍ മരുന്നു കഴിക്കുന്നതിനെക്കുറിച്ചും ലിയയുടെ മാതാപിതാക്കള്‍ക്ക് ആശുപത്രി അധികൃതര്‍ വ്യക്തമായ ബോധവല്‍ക്കരണം നല്‍കിയാണ് പറഞ്ഞയച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com