ആറുമാസമായിട്ടും വിഎസിന് വേതനമില്ല, ഭരണപരിഷ്‌കാര കമ്മിഷനോട് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് 

ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും മറ്റ് അംഗങ്ങളും വേതനമില്ലാതെയാണ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. വിഎസിന്റെ പതിനൊന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് ശമ്പളം നിശ്ചയിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത
ആറുമാസമായിട്ടും വിഎസിന് വേതനമില്ല, ഭരണപരിഷ്‌കാര കമ്മിഷനോട് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണപരിഷ്‌കാര കമ്മിഷന്‍ സ്ഥാപിതമായി ആറു മാസം പിന്നിട്ടിട്ടും ചെയര്‍മാന്റെയോ അംഗങ്ങളുടെയോ വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും മറ്റ് അംഗങ്ങളും വേതനമില്ലാതെയാണ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. വിഎസിന്റെ പതിനൊന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് ശമ്പളം നിശ്ചയിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

വേതനം ലഭിക്കണമെങ്കില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ വിഎസിനും അംഗങ്ങള്‍ക്കും വേതനം നിശ്ചയിച്ച് മന്ത്രിസഭായോഗ തീരുമാനം വരണം. അത് ഇതുവരെ വന്നിട്ടില്ല. എന്ന് വരുമെന്ന കാര്യത്തില്‍ ഭരണത്തിന്റെ ഉന്നതവൃത്തങ്ങളില്‍ ഉള്ളവര്‍ ഇ്‌പ്പോഴും കൈമലര്‍ത്തുകയാണ്. 

ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും അംഗങ്ങളായി മുന്‍ ചീഫ് സെക്രട്ടറിമാരായ സിപി നായരും നീല ഗംഗാധരനുമാണ് കമ്മിഷനില്‍ ഉള്ളത്. ക്യാബിനറ്റ് റാങ്കോടെയാണ് വിഎസിനെ  ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത്. ഓഗസ്റ്റ് 18 നാണ് വിഎസ് കമ്മിഷന്‍ ചെയര്‍മാന്‍ ആയി സ്ഥാനമേറ്റത്. കമ്മിഷന്റെ ഓഫിസ് സെക്രട്ടേറിയറ്റില്‍ വേണം എന്നതു സംബന്ധിച്ച് വിഎസ് സര്‍ക്കാരിനു മുന്നില്‍ നിര്‍ദേശം വച്ചിരുന്നു. എന്നാല്‍ ഇതു സര്‍ക്കാര്‍ തള്ളി. പിഎംജിയിലാണ് കമ്മിഷന് ഓഫിസ് അനുവദിച്ചത്. ഇവിടെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും കമ്മിഷന്‍ അംഗങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടെയും വേതനം സംബന്ധിച്ച് അവ്യക്തത തുടരുകയായിരുന്നു. ഈയാഴ്ച സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ചും വേതനംസംബന്ധിച്ചും ഉത്തരവ് ഇറങ്ങിയെങ്കിലും കമ്മിഷന്‍ അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനം നീളുകയാണ്. 

ഭരണപരിഷ്‌കാരകമ്മിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ വിഎസിന്റെ ശമ്പളത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു ഉത്തരവും പൊതുഭരണവകുപ്പില്‍ നിന്നും വന്നിട്ടില്ല. ക്യാബിനറ്റ് പദവി വിഎസിന് ഉള്ളതിനാല്‍ മന്ത്രിമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് എല്ലാം അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com