സുഭാഷ് വാസു നാളികേര ബോര്‍ഡ് ചെയര്‍മാനാവും, മൂന്നു കേന്ദ്ര ബോര്‍ഡുകളില്‍ കൂടി ബിഡിജെഎസിന് അംഗങ്ങള്‍

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനം, ഐടിഡിസിയിലും കയര്‍ ബോര്‍ഡിലും സ്‌പൈസസ് ബോര്‍ഡിലും ഓരോ അംഗങ്ങള്‍ എന്നിവയാണ് അമിത് ഷാ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍.
സുഭാഷ് വാസു നാളികേര ബോര്‍ഡ് ചെയര്‍മാനാവും, മൂന്നു കേന്ദ്ര ബോര്‍ഡുകളില്‍ കൂടി ബിഡിജെഎസിന് അംഗങ്ങള്‍

കൊച്ചി: ബിഡിജെഎസ് നേതാവ് സുഭാഷ് വാസു നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായേക്കും. കേന്ദ്ര സഹമന്ത്രിയുടെ പദവിയില്‍ ആയിരിക്കും നിയമനം. ബിഡിജെഎസും ബിജെപിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

സംസ്ഥാന ബിജെപി നേതാക്കള്‍ ബിഡിജെഎസിനെ അവഗണിക്കുന്നു എന്ന പരാതിയുമായാണ് തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷനെ കണ്ടത്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു കൂടിക്കാഴ്ചയെങ്കിലും ബിഡിജെഎസിന് നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല എന്ന കാര്യമാണ് തുഷാര്‍ മുഖ്യമായും ചൂണ്ടിക്കാട്ടിയത്. 

കേന്ദ്ര സഹമന്ത്രി പദവിയോടെ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനം, ഐടിഡിസിയിലും കയര്‍ ബോര്‍ഡിലും സ്‌പൈസസ് ബോര്‍ഡിലും ഓരോ അംഗങ്ങള്‍ എന്നിവയാണ് അമിത് ഷാ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍. ഇതിനു പുറമേ ബിഡിജെഎസ് നിര്‍ദേശിക്കുന്ന പത്തു പേരെ ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിക്കും. ഈ നിര്‍ദേശങ്ങള്‍ ബിഡിജെഎസ് നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് സുഭാഷ് വാസുവിനെയാവും നാളികേര വികസന ബോര്‍ഡ് അധ്യക്ഷസ്ഥാനത്തേക്കു നിര്‍ദേശിക്കുക എന്നാണണ് സൂചന.

വ്യക്തമായ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെടുകയും സഖ്യത്തില്‍ ഏര്‍പ്പെടുകയും ചെയ്ത പാര്‍ട്ടിയാണ് ബിഡിജെഎസ് എന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ഭരണത്തില്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല എന്ന പരാതി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍ അത് അവര്‍ തന്നെ പരിഹരിക്കേണ്ട വിഷയമാണെന്നും അത്തരത്തില്‍ അവഗണിക്കപ്പെടാന്‍ നിന്നുകൊടുക്കേണ്ടതില്ല എന്നുമാണ് ബിഡിജെഎസ് നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പരസ്യ അഭിപ്രായ പ്രകടനം നടത്തിയതും അതിനു പിന്നാലെ തുഷാര്‍ അമിത് ഷായെ കണ്ടതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com