മന്ത്രിമാര്‍ക്കു കാര്യക്ഷമതയില്ല, നടക്കുന്നത് ഉദ്യോഗസ്ഥരുടെ തന്നിഷ്ടം; സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th March 2017 02:31 PM |
Last Updated: 24th March 2017 06:19 PM | A+A A- |

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനം. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. അംഗങ്ങളുടെ വിമര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറുപടി പറയും.
പല വകുപ്പുകളും വിവാദങ്ങള്‍ക്കു പിന്നാലെ പോവുകയാണെന്ന് അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തി. അനാവാശ്യവിവാദങ്ങള്‍ക്കു പിന്നാലെ പോവുന്ന ഇവര്‍ സര്‍ക്കാരിനു ചീത്തപ്പേരുണ്ടാവുകയാണ്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ മന്ത്രിമാര്‍ പരാജയമാണ്. സര്‍ക്കാര്‍ മാറിയെന്ന് അറിയാത്ത വിധത്തിലാണ് പല ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനം. ഇവരെ നിയന്ത്രിച്ചുകൊണ്ടുപോവേണ്ടത് മന്ത്രിമാരാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രിമാര്‍ പരാജയപ്പെടുകയാണെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.
പൊലീസിന്റെ നടപടിയുടെ പേരില്‍ സര്‍ക്കാരിന് നിരന്തരമായ പഴി കേള്‍ക്കേണ്ടി വരികയാണെന്ന് ചില അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
നേരത്തെ സിപിഐ നേതൃയോഗത്തിലും മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.