'വിദ്യാര്‍ത്ഥികളെ കൊല്ലുന്ന ഇടിമുറികള്‍ ഇല്ലാതാക്കണം' ജിഷ്ണുവിന്റെ അമ്മ സുപ്രീംകോടതിയില്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 24th March 2017 11:09 AM |
Last Updated: 24th March 2017 04:10 PM | A+A A- |

ന്യൂഡല്‍ഹി: സ്വാശ്രയകോളേജുകളിലെ വിദ്യാര്‍ത്ഥികളെ ഇടിച്ചു ശരിയാക്കുന്ന ഇടിമുറികള്‍ ഇല്ലാതാക്കണമെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മഹിജ ഇടിമുറി അവസാനിപ്പിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്.
സ്വാശ്രയ കോളേജുകളിലെ ഇടിമുറികളുടെ രക്തസാക്ഷിയായ തന്റെ മകനെപ്പോലെ ഇനി മറ്റൊരു വിദ്യാര്‍ത്ഥിയുണ്ടാകരുതെന്ന അപേക്ഷയോടെയാണ് ഇടിമുറികള്‍ നിര്‍ത്തലാക്കാനുള്ള ഈ അമ്മയുടെ ഹര്‍ജി. പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 27ന് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയ്‌ക്കൊപ്പം മഹിജയുടെ അപേക്ഷയും പരിഗണിക്കും.