കാക്കനാട്ടേക്ക് മെട്രോ വേണ്ടെന്ന് കേന്ദ്രം പറയുന്നത് എന്തുകൊണ്ട്?

കൊച്ചി മെട്രോ റെയില്‍ കാക്കനാട്ടേയ്ക്കു ദീര്‍ഘിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ആദ്യം അനുമതി നിഷേധിച്ചതു കേന്ദ്രസര്‍ക്കാരാണ്. പുതുക്കിയ പദ്ധതിയുമായി എത്തിയപ്പോള്‍ സംസ്ഥാനവും അനുമതി നല്‍കുന്നില്ല
കാക്കനാട്ടേക്ക് മെട്രോ വേണ്ടെന്ന് കേന്ദ്രം പറയുന്നത് എന്തുകൊണ്ട്?

കൊച്ചി മെട്രോറെയിലിന്റെ കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത് പദ്ധതി ലാഭകരമാകില്ല എന്ന വിലയിരുത്തലിനെ തുടര്‍ന്നെന്നു രേഖകള്‍. പുതുക്കിയ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും അനുമതി നല്‍കാതായതോടെ രണ്ടാംഘട്ടവികസനം തന്നെ പ്രതിസന്ധിയിലായി. യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ അനുമതിയുമായി സമീപിച്ച കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ അപേക്ഷ കേന്ദ്രമന്ത്രാലയം പലതവണ മടക്കി അയയ്ക്കുകയായിരുന്നു. സംസ്ഥാന അനുമതിയുടെ കാലാവധി തീര്‍ന്നതോടെയാണ് ഇടതു സര്‍ക്കാരിനെ വീണ്ടും സമീപിച്ചത്. പദ്ധതി രേഖകളിലെ പല നിര്‍ദ്ദേശങ്ങളിലും സംശയം ഉന്നയിച്ച് സംസ്ഥാനവും ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കേന്ദ്രവും ഇപ്പോള്‍ സംസ്ഥാനവും മുന്നോട്ടുവയ്ക്കുന്ന പ്രധാന പ്രശ്‌നം പദ്ധതി ലാഭകരമാകില്ല എന്ന വിലയിരുത്തലാണ്. ഒന്നാം ഘട്ടംതന്നെ അനിശ്ചിതമായി വൈകുന്നതിനിടെയാണ് രണ്ടാംഘട്ടവികസനത്തിന് സമ്മതപത്രം പോലും ലഭിക്കാത്ത സ്ഥിതി ഉണ്ടായത്. 
മെട്രോ ലാഭകരമാകുമോ എന്നു വിവിധ തലങ്ങളില്‍ ഉയര്‍ന്ന സംശയത്തെ തുടര്‍ന്നാണ് ഉദ്ഘാടനം ഏപ്രില്‍ അവസാനത്തേയ്ക്കു മാറ്റിയത്. അതുപോലും വൈകിയേക്കും എന്ന് കെ.എം.ആര്‍.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ്ജ് വിശദീകരിക്കുകയും ചെയ്തു. ഇതുകൂടാതെ പാലാരിവട്ടം മുതല്‍ പേട്ട വരെയുള്ള ഭാഗത്തെ സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അനന്തമായി തുടരുകയാണ്. രണ്ടുവര്‍ഷമെങ്കിലും വേണം ഈ ഘട്ടം പൂര്‍ത്തിയാകാന്‍ എന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. കൂടാതെ മട്ടാഞ്ചേരിയിലേക്കുള്ള വികസന പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു. 
മെേട്രായില്‍ യാത്ര ചെയ്യാന്‍ പോകുന്നവരുടെ എണ്ണത്തെക്കുറിച്ചു നല്‍കിയ പ്രൊജക്ടഡ് കണക്കുകളില്‍ പലതവണ സംശയം പ്രകടിപ്പിച്ചു കേന്ദ്രമന്ത്രാലയം മടക്കിയിരുന്നു. ഇനി അനുമതി ലഭിക്കണമെങ്കില്‍ ആദ്യം മുതല്‍ തുടങ്ങണം. കാരണം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതിയുടെ കാലാവധി കഴിഞ്ഞു. കെ.എം.ആര്‍.എല്‍ രണ്ടാമതു നല്‍കിയ അപേക്ഷയില്‍ മാറിവന്ന സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ധനവകുപ്പിലും ആസൂത്രണ വകുപ്പിലും ഫയല്‍ കറങ്ങിനടക്കുകയാണ്. ഡി.എം.ആര്‍.സിയെ ഒഴിവാക്കി ഒറ്റയ്ക്കു നടപ്പാക്കാന്‍ കെ.എം.ആര്‍.എല്‍ തീരുമാനിച്ച പദ്ധതിയാണ് കുരുക്കില്‍പ്പെട്ടിരിക്കുന്നത്. ഉദ്ഘാടനത്തെച്ചൊല്ലി ഡി.എം.ആര്‍.സിയും കെ.എം.ആര്‍.എല്ലും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസവും നിലനില്‍ക്കുകയാണ്. നിര്‍മാണം തുടങ്ങുമ്പോള്‍ തീരുമാനിച്ചിരുന്നതില്‍ നിന്നും ഒരു വര്‍ഷത്തോളം ഇപ്പോള്‍ തന്നെ പദ്ധതി വൈകി. 
കാക്കനാട്ടേയ്ക്കു നീട്ടുന്നതോടെ പ്രതിദിനം 1.26 ലക്ഷം യാത്രക്കാര്‍ മെട്രോയില്‍ കൂടുതലായി ഉണ്ടാകും എന്നൊരു പഠന റിപ്പോര്‍ട്ടാണ് കെ.എം.ആര്‍.എല്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതാകട്ടെ, ഇനിയും ശരിയായ രൂപമോ പ്രവര്‍ത്തനമോ നടക്കാത്ത സ്മാര്‍ട് സിറ്റിയില്‍ ഒന്നരലക്ഷം പുതിയ തൊഴില്‍ അവസരം കൂടി സൃഷ്ടിക്കപ്പെടും എന്ന കണക്കു ചേര്‍ത്ത് ഉണ്ടാക്കിയതാണ്. ഇതായിരുന്നു കേന്ദ്രം തള്ളിയത്. ഇത് രണ്ടാം ഘട്ടത്തിന്റെ മാത്രം പ്രശ്‌നമല്ല. ഒന്നാംഘട്ട പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ കണക്കുകളും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. 
പദ്ധതിയെക്കുറിച്ചു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളുടെ വിശദാംശങ്ങള്‍ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന സമകാലിക മലയാളം വാരികയില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com