പോരാടാതെ നിവൃത്തിയില്ല, പോരാട്ടത്തില്‍ ഒത്തുതീര്‍പ്പുമില്ല: സദാചാര പൊലീസിങ്ങിനെതിരെ ഡോ. ഗീത

പോരാടാതെ നിവൃത്തിയില്ല, പോരാട്ടത്തില്‍ ഒത്തുതീര്‍പ്പുമില്ല: സദാചാര പൊലീസിങ്ങിനെതിരെ ഡോ. ഗീത

കൊച്ചി: സദാചാര പൊലീസിങ്ങിന് എതിരായി പോരാടാതെ നിവൃത്തിയില്ലെന്നും ആ പോരാട്ടത്തില്‍ ഒത്തുതീര്‍പ്പില്ലെന്നും എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. പി ഗീത. വിവിധ കാരണങ്ങള്‍ പറഞ്ഞ് നാട്ടുകാരില്‍ ചിലര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പൊലീസില്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വമായ ചില തെറ്റിദ്ധരിപ്പിക്കലുകള്‍ നടക്കുന്നതായി ഡോ ഗീത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. 

മകളുടെ വിവാഹം നടത്തുന്നില്ല, പുരുഷന്മാരെ ബഹുമാനിക്കുന്നില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ്, ഡോ. ഗീത സദാചാര പൊലീസിങ്ങിന് ഇരയാവുന്നതായി നേരത്തെ സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വകാര്യതെ അതിലംഘിക്കുന്ന വിധത്തിലാണ് അയല്‍ക്കാരില്‍ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനമെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ അസഭ്യവര്‍ഷവും അശ്ലീല ചേഷ്ടകളുമാണ് തുടര്‍ന്നുണ്ടായതെന്നും ഡോ. ഗീത പറഞ്ഞിരുന്നു. തനിക്കെതിരായ സാദാചാര അക്രമം വാര്‍ത്തയായതോടെ കേസിന്റെ കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കലും നുണപ്രചാരണവുമാണ് നടക്കുന്നതെന്ന് അവര്‍ ഫെയസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഡോ. ഗീതയുടെ പോസ്റ്റില്‍നിന്ന്:

'പി സി മാഷുടെ മകള്‍ പഴയ ഗീതയെ ആണ് ഞങ്ങള്‍ക്കു വേണ്ടത് ' എന്ന് റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി രണ്ടിലധികം പേരോട് പറഞ്ഞതായറിയുന്നു. ഇതു ശരിയാണെങ്കില്‍ എനിക്കു ചിലതു പറയാനുണ്ട്.
പി സി പരമേശ്വരന്‍ എന്നാണ് എന്റെ അച്ഛന്റെ പേര്. സ്വാതന്ത്ര്യ സമരക്കാലത്ത് ഹിന്ദി പ്രചാരക് ആയിരുന്നു. തുടര്‍ന്ന് ഹിന്ദി മാഷും ആയിരുന്നു. 2000 ത്തില്‍ അദ്ദേഹം മരിച്ചു പോയി. അതല്ല പ്രശ്‌നം. വെള്ളം പോലെയാണ് കാലം. അതിന് പുറകോട്ടൊഴുകാന്‍ കഴിയാത്തതുപോലെ കാലത്തിനും അതു സാധ്യമല്ല. അതു കൊണ്ടു തന്നെ ഈ മുന്‍കൂര്‍ ആവശ്യവും ശാഠ്യവും മറ്റേതു ജീവജാലങ്ങള്‍ക്കുമെന്ന പോലെ എനിക്കും അസാധ്യമാണ് . ഞാനിപ്പോള്‍ അപര്‍ണ പ്രശാന്തി എന്ന പെണ്‍കുട്ടിയുടെയും അതുല്‍ എന്ന ആണ്‍കുട്ടിയുടെയും അമ്മയും പവിത്രന്റെ ഭാര്യയുമാണ്. സമാന്തരമായ ഒരെഴുത്തു ജീവിതവും സാമൂഹിക ജീവിതവും ഉള്ളവളുമാണ്. ഇവയെ ഒട്ടാകെ തള്ളിക്കളഞ്ഞു കൊണ്ടുള്ള ഒരു വിധേയ സ്ത്രീ ജീവിതം ഒരു നിലക്കും എനിക്കു കഴിയില്ല ഞാന്‍ തയ്യാറുമല്ല എന്നു പ്രസിദ്ധപ്പെടുത്തുന്നു. പഞ്ചായത്ത് പ്രസിഡണ്ട് മുമ്പാകെ നിലപാടു വിശദീകരണത്തിന് ഞങ്ങള്‍ തയ്യാറാണെന്നറിയിച്ച സാഹചര്യത്തിലാണ് ഏകപക്ഷീയമായ ഈ നിര്‍ദേശം മുന്‍ വെക്കപ്പെട്ടിരിക്കുന്നത് എന്നത് പ്രത്യക്ഷത്തില്‍ 'വെറും ' എന്നു തള്ളാമെന്നു തോന്നുമെങ്കിലും അങ്ങനെ വ്യാഖ്യാനിക്കാന്‍ തല്പര കക്ഷികള്‍ക്കു പഴുതുണ്ടെങ്കിലും ഈ പരാമര്‍ശത്തിന്റെ ഗൗരവം എനിക്കു തിരിച്ചറിയേണ്ടി വരുന്നുണ്ട്.അദ്ദേഹം ഈ വാര്‍ഡിന്റെ പ്രതിനിധിയായിട്ടും ഫോണ്‍ ചെയ്തു പോലും കഴിഞ്ഞ 6 മാസത്തിനിടക്ക് ഒരിക്കല്‍പ്പോലും കാര്യങ്ങള്‍ ആരാഞ്ഞിട്ടില്ലെങ്കില്‍പ്പോലും ഞാനും കുടുംബവും ആ നിര്‍ദേശം അംഗീകരിച്ചത് ഞങ്ങള്‍ തുടരുന്ന സാമൂഹിക ജീവിതത്തോടുള്ള പരിഗണനകള്‍ കൊണ്ടു മാത്രമാണ്.
സംഘടിതമായി നടത്തിക്കൊണ്ടിരിക്കുന്നതും ഗീബല്‍സിനെപ്പോലും ലജ്ജിപ്പിക്കുന്നതുമായ അപവാദങ്ങളും നുണകളും പ്രചരിപ്പിക്കപ്പെട്ടു കഴിഞ്ഞ സാഹചര്യത്തില്‍ ഞങ്ങള്‍ക്കു പറയാനുള്ളത് ഞങ്ങള്‍ തന്നെ പറയേണ്ടിയിരിക്കുന്നു. അഹങ്കാരി, സഹകരിക്കാത്തവള്‍, ബഹുമാനിക്കാത്തവര്‍ നപരുമാറാനറിയാത്തവര്‍ എന്നിങ്ങനെ കഴിഞ്ഞ 6 മാസത്തിനിടയില്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ മുന്‍ കൈയില്‍ ചാര്‍ത്തിക്കിട്ടിയ പട്ടങ്ങള്‍ നിരവധിയാണ്. അതുപോകട്ടെ.
കേസിന്റെ കാര്യത്തില്‍ ചില ബോധപൂര്‍വമായ തെറ്റിദ്ധരിപ്പിക്കലുകള്‍ നടന്നിട്ടുള്ളതായി മനസിലാക്കുന്നു. ഗര്‍ഭിണി മതില്‍ ചാടി വന്നു നായക്കുട്ടിയെ കൊന്നുവെന്നു പരാതിപ്പെട്ടെന്നും വീടു മെയിന്റനന്‍സിന്റെ ഭാഗമായി ബന്ധുവീട്ടിലേക്കു താമസം മാറ്റിയ അയല്‍ക്കാര്‍ ഞങ്ങളുടെ ശല്യം കൊണ്ടു മാറിപ്പോയതാണെന്നും മറ്റും അതില്‍ ചുരുക്കം ചിലതു മാത്രമാണ്. വസ്തുതാ വിരുദ്ധവും ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇടപെടലുകളാണിവ.

ഇത് ഈ ഊരുവിലക്കിനോടുള്ള പ്രതിരോധ സന്ദര്‍ഭത്തില്‍ ഒരാരോപണം എന്ന നിലയില്‍ ഉന്നയിച്ചവര്‍ മനസിലാക്കുക ഈ നിയമ പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് ഒത്തുതീര്‍പ്പില്ല.
കുറുക്കന്മാരുടെ ചിതറുന്ന ചോര നക്കി തൃപ്തിയടയുന്ന ചെന്നായ്ക്കളെ കരുതിയിരിക്കണമെന്നത് ഒരു ബാലപാഠം മാത്രമാണ്. അതു മനസിലാകാതെ അതിന്റെ ഏജന്‍സിയായി മാറാന്‍ തയ്യാറാവുന്നവര്‍ ആരായാലും കാലക്രമേണ വലിയ വില കൊടുക്കേണ്ടി വരും. അതു മനസിലാക്കിയാല്‍ അവര്‍ക്കു നല്ലത്.കാരണം 'നാട്ടുകാര്‍ ''ക്ക് പേരും വിലാസവും ഉണ്ടായി വരിക തന്നെ ചെയ്യും.
നാട്ടുപ്രമാണിത്തം, മാടമ്പിത്തം, നാട്ടുകൂട്ടം വിചാരണ വിധി എന്നൊക്കെ പറയാന്‍ രസമുണ്ടെങ്കിലും അനുഭവിക്കാന്‍ അത്ര രസമുണ്ടാവില്ല. അതു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ പോരാടാതെ നിവൃത്തിയുമില്ല.


പോസ്റ്റിന്റെ പൂര്‍ണരൂപം:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com