സോണിയ തിരിച്ചെത്തി, കെപിസിസി അധ്യക്ഷനായി ചര്‍ച്ചകള്‍ മുറുകുന്നു; മുരളീധരനും പിടി തോമസും മുന്നില്‍

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ആശയവിനിമയം നടത്തിയെങ്കിലും എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കുക എന്ന സൂചനയൊന്നും ഹൈക്കമാന്‍ഡ് നല്‍കിയിട്ടില്ല.
സോണിയ തിരിച്ചെത്തി, കെപിസിസി അധ്യക്ഷനായി ചര്‍ച്ചകള്‍ മുറുകുന്നു; മുരളീധരനും പിടി തോമസും മുന്നില്‍

ന്യൂഡല്‍ഹി: വിദേശത്ത് ചികിത്സയിലായിരുന്ന എഐസിസി അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയതോടെ പുതിയ കെപിസിസി പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. എ വിഭാഗത്തിനു താത്പര്യമുള്ള കെ മുരളീധരനോ പിടി തോമസോ പുതിയ അധ്യക്ഷനാവുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് കേരള നേതാക്കള്‍ക്കു മുന്നില്‍ മനസു തുറന്നിട്ടില്ല.

സോണിയ തിരിച്ചെത്തുന്നതിനു മുമ്പായി കഴിഞ്ഞ ദിവസം തന്നെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കേരള നേതാക്കളുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ആശയവിനിമയം നടത്തിയെങ്കിലും എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കുക എന്ന സൂചനയൊന്നും ഹൈക്കമാന്‍ഡ് നല്‍കിയിട്ടില്ല.

പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനായതിനാല്‍ പിസിസി അധ്യക്ഷസ്ഥാനം തങ്ങള്‍ക്കുവേണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. തത്കാലം സംസ്ഥാനത്തെ ഗ്രൂപ്പു സമവാക്യം തെറ്റിച്ചുകൊണ്ടുളള തീരുമാനത്തിന് ഹൈക്കമാന്‍ഡ് ഒരുങ്ങില്ലെന്നാണ റിപ്പോര്‍ട്ടുകള്‍. പിടി തോമസ്, കെ മുരളീധരന്‍ എന്നിവരുടെ പേരുകളാണ് എ ഗ്രൂപ്പ് പ്രധാനമായും മുന്നോട്ടുവച്ചിട്ടുള്ളത്. കെ മുരളീധരന്‍ കുറെക്കാലമായി  എ ഗ്രൂപ്പുമായും ഉമ്മന്‍ ചാണ്ടിയുമായുമാണ് അടുപ്പം പുലര്‍ത്തുന്നത്. ലോ അക്കാദമി വിഷയത്തില്‍ മുരളീധരന്‍ നടത്തിയ സമരത്തിന് ഉമ്മന്‍ ചാണ്ടിയുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. ഇതിനൊപ്പം എകെ ആന്റണിയുടെ പിന്തുണ കൂടിയാവുമ്പോള്‍ മുരളീധരന്‍ പ്രസിഡന്റു സ്ഥാനത്തേക്കു വരാനുള്ള സാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ സാമുദായിക സമവാക്യങ്ങള്‍ മുരളീധരന് എതിരാണ്. പ്രതിപക്ഷ നേതൃസ്ഥാനവും കെപിസിസി അധ്യക്ഷപദവിയും ഭൂരിപക്ഷ സമുദായത്തിന് നല്‍കുന്നത് തെറ്റായ കീഴ്വഴക്കംസൃഷ്ടിക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

താത്കാലിക അധ്യക്ഷനായി വിഡി സതീശനെ നിയോഗിക്കാന്‍ രാഹുല്‍ ഗാന്ധി താത്പര്യം പ്രകടിപ്പിച്ചതായി അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്രയും വൈകിയ സ്ഥിതിക്ക് ഇനി താത്കാലിക അധ്യക്ഷന്‍ വേണ്ടെന്ന നിലപാടിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. വിഎം സുധീരന്റെ രാജി സ്വീകരിച്ചിട്ടിലെന്നാണ് നേരത്തെ ഹൈക്കമന്‍ഡ് അറിയിച്ചിരുന്നത്. സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ രാജി പിന്‍വലിക്കാന്‍ സുധീരനോട് നേതൃത്വം ആവശ്യപ്പെടുമോ എന്നും വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com