ജിഷ്ണുവിന്റെ മരണം: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയെന്ന് ഡിജിപി, ജിഷ്ണുവിന്റെ അമ്മ നടത്താനിരുന്ന നിരാഹാരസമരം വെണ്ടെന്നുവച്ചു
By സമകാലിക മലയാളം ഡസ്‌ക് | Published: 26th March 2017 09:22 PM |
Last Updated: 26th March 2017 09:22 PM | A+A A- |

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയി ദുരൂഹസാഹചര്യത്തില്‍ സംഭവത്തില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഡിജിപി ഓഫിസിനുമുന്നില്‍ നിരാഹാരം നടത്താനിരിക്കെയാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. പ്രതികളെ മുഴുവന്‍ പിടികൂടാനും പോലീസ് തീരുമാനിച്ചതോടെയാണ് മഹിജയുടെ നിരാഹാര സമരം വേണ്ടെന്നു വച്ചത്.
ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങാനിരിക്കുകയാണ്. ഒളിവില്‍ കഴിയുന്ന പ്രതികളെയടക്കം എത്രയും വേഗം കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് തലപ്പത്തുനിന്നുതന്നെ തീരുമാനവുമായി. പ്രധാന പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ സര്‍ക്കാരും ജിഷ്ണുവിന്റെ അമ്മ മഹിജയും സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
മറ്റൊരു കേസില്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റു ചെയ്തതു സംബന്ധിച്ച് കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചതും ഏറെ ചര്‍ച്ചയ്ക്ക് ഇടനല്‍കിയിരുന്നു.