പെണ്‍കുട്ടിയെ അവഹേളിക്കുന്നതരത്തില്‍ വാട്ട്‌സ് ആപ് ഗ്രൂപ്പില്‍ ഫോട്ടോ പ്രചരിപ്പിച്ച മംഗളം ചാനല്‍ സി.ഇ.ഒ.യ്‌ക്കെതിരെ പരാതി

മംഗളം ചാനല്‍ സി.ഇ.ഒ. അജിത്കുമാറിനുനേരെ ഒരു പരാതി പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തിയത്.
പെണ്‍കുട്ടിയെ അവഹേളിക്കുന്നതരത്തില്‍ വാട്ട്‌സ് ആപ് ഗ്രൂപ്പില്‍ ഫോട്ടോ പ്രചരിപ്പിച്ച മംഗളം ചാനല്‍ സി.ഇ.ഒ.യ്‌ക്കെതിരെ പരാതി

കൊച്ചി: മംഗളം ചാനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കി വിവാദമായ ഫോണ്‍സംഭാഷണ ഓഡിയോയ്ക്ക് പിന്നാലെ മറ്റൊരു വിവാദവും മംഗളം ചാനലിനെ ചുറ്റിപ്പറ്റി കൊഴുക്കുന്നു.
മംഗളം ചാനലില്‍ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിനെത്തുടര്‍ന്ന് എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ മംഗളം ചാനലിന്റേത് മാധ്യമപ്രവര്‍ത്തനമല്ലെന്ന പേരില്‍ വിവാദമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മംഗളം ചാനല്‍ സി.ഇ.ഒ. അജിത്കുമാറിനുനേരെ ഒരു പരാതി പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തിയത്. എ.കെ. ശശീന്ദ്രന്‍ ഒരു ഉദ്ഘാടനത്തിനു നില്‍ക്കുമ്പോള്‍ നാടമുറിക്കാനുള്ള കത്രിക താലത്തിനോടൊപ്പം പിടിച്ചിരിക്കുന്ന പെണ്‍കുട്ടിയെ നോക്കി പുഞ്ചിരിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തില്‍ പെണ്‍കുട്ടിയുടെ മുഖം മറച്ചിരുന്നില്ല. ഈ ചിത്രം വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ ഫോണ്‍വിളി വിവാദത്തില്‍പ്പെട്ട സ്ത്രീ ഈ പെണ്‍കുട്ടിയാണെന്ന മട്ടില്‍ പ്രചാരമുണ്ടായി. അത് തനിക്ക് അപമാനമുണ്ടാക്കി എന്ന് കാണിച്ച് അജിത് കുമാറിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്.
പെണ്‍കുട്ടിയുടെ സുഹൃത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ജിയേഷാണ് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയത്.
''ഒരു ഉദ്ഘാടനചടങ്ങില്‍ മന്ത്രി ഒരു പെണ്‍കുട്ടിയോട് ചിരിച്ചു എന്നതില്‍ എന്ത് തെറ്റാണ്, എന്ത് സദാചാര പ്രശ്‌നമാണ് ഇവര്‍ കാണുന്നത്? ഈ ചിത്രം സോഷ്യല്‍മീഡിയകളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് അപമാനിതയാക്കപ്പെട്ടുവെന്നും അതുകൊണ്ട് എത്രയും വേഗം ആ ചിത്രം പ്രചരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയത്''- ജിയേഷ് പറഞ്ഞു.
പരപ്പനങ്ങാടി പോലീസ് സൈബര്‍ സെല്ലിലേക്ക് കേസ് കൈമാറിയതായും പറഞ്ഞു. ഈ പരാതിക്കൊപ്പംതന്നെ പെണ്‍കുട്ടിയുടെ കുടുംബം മംഗളം സി.ഇ.ഒ അജികുമാറിനെതിരെ പരാതി നല്‍കുകയും ചെയ്തു. ''ഇത് ആരാണ് ആദ്യം പോസ്റ്റ് ചെയ്തത് എന്ന് അറിയില്ല. എന്നാല്‍ ഈ ഫോട്ടോ അജിത്കുമാര്‍ അടക്കം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതായി അറിയാം.'' - പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ത്തന്നെ വനിതാകമ്മീഷനും ഇവര്‍ പരാതി നല്‍കും. കോഴിക്കോട് ഇന്റീരിയര്‍ ഡിസൈനിംഗിന് പഠിക്കുന്ന ഇരുപതു വയസ്സുള്ള ഈ പെണ്‍കുട്ടി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഒരു എക്‌സിബിഷന്‍ ഉദ്ഘാടനചിത്രമായിരുന്നു അത്. ഉദ്ഘാടനത്തിനെത്തിയ മന്ത്രി നാട മുറിക്കുന്നതിനായി താലത്തില്‍ വച്ചിരിക്കുന്ന കത്രിക എടുക്കുമ്പോള്‍ താലം പിടിച്ചിരിക്കുന്ന പെണ്‍കുട്ടിയോട് ചിരിക്കുന്നതായിരുന്നു ആ ചിത്രം. മംഗളം ചാനലിലുള്ള മറ്റുള്ളവര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തതിനെതിരെ അതേ ഗ്രൂപ്പുകളില്‍ത്തന്നെ വിമര്‍ശനമുണ്ടായിരുന്നു. ഇതേ ഫോട്ടോ ഫെയ്‌സ്ബുക്കിലേക്കടക്കം ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com