വിവാദ സ്ഥലത്തു നിന്ന് ഇറക്കരുതെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രന്‍ സുരേഷ്‌കുമാറിനേയും കണ്ടു; വിവരമറിഞ്ഞു വി.എസ് നിര്‍ത്താതെ ചിരിച്ചു

എസ്. രാജേന്ദ്രന്‍ എം.എല്‍.എ കൈവശം വച്ചിരിക്കുന്ന സ്ഥലത്തിനെതിരേ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ ദൗത്യസംഘത്തെ കണ്ടു; വിവരങ്ങളെല്ലാം വി.എസ് അന്നേ അറിഞ്ഞത്
വിവാദ സ്ഥലത്തു നിന്ന് ഇറക്കരുതെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രന്‍ സുരേഷ്‌കുമാറിനേയും കണ്ടു; വിവരമറിഞ്ഞു വി.എസ് നിര്‍ത്താതെ ചിരിച്ചു

എസ്. രാജേന്ദ്രന്‍ എം.എല്‍.എ കൈവശം വച്ചിരിക്കുന്ന ഭൂമി നിയമാനുസൃതം പട്ടയം ലഭിച്ചതല്ലെന്നതിനു കൂടുതല്‍ തെളിവുകള്‍. രാജേന്ദ്രന്‍ കയ്യേറ്റ മാഫിയയുടെ ആളാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ എന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞതിനു പിന്നാലെ സി.പി.എമ്മും വിഷയത്തില്‍ പ്രതിരോധത്തിലായി. രാജേന്ദ്രന്‍ പട്ടയം കിട്ടി എന്നു പറയുന്ന കാലത്തു ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി യോഗം പോലും ചേര്‍ന്നിരുന്നില്ലെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അതേ സമയം ഇതേ ഭൂമിക്കെതിരേ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ മൂന്നാര്‍ ദൗത്യ തലവന്‍ കെ. സുരേഷ്‌കൂമാറിനെയും രാജേന്ദ്രന്‍ സന്ദര്‍ശിച്ചിരുന്നു. സമകാലിക മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സുരേഷ് കുമാര്‍ ഇതു വ്യക്തമാക്കുകയും ചെയ്തു (സമകാലിക മലയാളം വാരിക, 2016 ഓഗസ്റ്റ് 22, സംഭാഷണം, കെ.സുരേഷ് കുമാര്‍/പി.എസ് റംഷാദ്.)  സംഭാഷണത്തില്‍ നിന്ന്:


'ദേവികുളം ഭാഗത്തേക്കു പോകുമ്പോള്‍ കൊടുംവളവില്‍ ഇരിക്കുന്ന അഞ്ചു ഹോട്ടലുകളും കയ്യേറ്റമാണെന്നു സമ്മര്‍കാസില്‍ പൊളിച്ച ദിവസം തന്നെ മനസ്‌സിലായി. ദേശീയപാതയിലുള്ള കയ്യേറ്റം 24 മണിക്കൂര്‍ നോട്ടീസ് കൊടുത്തു പൊളിക്കാന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അധികാരമുണ്ട്. നോട്ടീസ് നേരത്തെ കൊടുത്തതാണെന്നും മനസ്‌സിലായി. ഞാന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയറെ കൊണ്ടുനിര്‍ത്തി കയ്യേറ്റം മാര്‍ക്ക് ചെയ്യിച്ചു. സ്വയം പൊളിക്കാന്‍ ഹോട്ടലുകാരോടു പറഞ്ഞിട്ടു ഗസ്റ്റ് ഹൗസിലേക്കു പോയി. വൈകുന്നേരമായപ്പോള്‍ രാജേന്ദ്രന്‍ എം.എല്‍.എയും ഏതാനും ആളുകളും കൂടി വന്നു. സംസാരിക്കണം. അതില്‍ അഞ്ചു പേര്‍ ഈ അഞ്ചു ഹോട്ടലുകളുടെ ഉടമകളാണ്. ആ കാര്യം സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നു ഞാന്‍ തറപ്പിച്ചു പറഞ്ഞു. ഇപ്പോള്‍ കൊടുത്ത നോട്ടീസല്ല, ഞാന്‍ കൊടുത്തതുമല്ല. പൊളിക്കാതെ പറ്റുകയില്ല. അവര്‍ പോയി. പിന്നെ രണ്ടു പേര്‍ കൂടി വന്നു. വ്യാപാരി-വ്യവസായി സംഘടനയുടെ പ്രതിനിധികളാണ്. നദിയുടെ അന്‍പതു വാരയ്ക്കുള്ളില്‍ ഉള്ളതു മുഴുവന്‍ നിയമവിരുദ്ധമാണെന്നു ഞാന്‍ എവിടെയോ പറഞ്ഞതുവച്ചു കടകളൊക്കെ പൊളിക്കും എന്നു ഭയന്നു വന്നതാണ്. ചെറിയ ഒരു കയ്യേറ്റവും ഒഴിപ്പിക്കില്ല എന്നു ഞാന്‍ പറഞ്ഞു. ചെറിയ കടക്കാരെയും പെട്ടിക്കടക്കാരെയും പുനരധിവസിപ്പിക്കാന്‍ പാക്കേജ് ഉണ്ടാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞതും ആവര്‍ത്തിച്ചു. അവരും പോയിക്കഴിഞ്ഞപ്പോള്‍ രാജേന്ദ്രന്‍ മുറിയുടെ കര്‍ട്ടന്‍ നീക്കിയിട്ട് പുറത്തേക്കു ചൂണ്ടി പറഞ്ഞു, ഞാന്‍ വയ്ക്കുന്ന വീടാണ്. പൊളിക്കുമോ എന്നാണു ചോദ്യം. അതൊന്നും എന്റെ പ്രയോറിറ്റിയല്ല എന്നു പറഞ്ഞ് എം.എല്‍.എയെ സന്തോഷത്തോടെ വിട്ടു. മറ്റവരേയും കൂട്ടിവന്നത് ഇതിനാണെന്നു മനസ്‌സിലായി.'


കയ്യേറ്റത്തിന്റെ കാര്യത്തില്‍ ആരോപണ വിധേയരായവര്‍ക്കൊപ്പം രാജേന്ദ്രന്‍ എം.എല്‍.എ ഇത്തവണയും ഉന്നത റവന്യു ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചെന്ന വിവരം വാര്‍ത്തയാകുന്നതിനിടെയാണ് പഴയ സംഭവങ്ങളും ചര്‍ച്ചയാകുന്നത്. വി.എസ് സര്‍ക്കാരിന്റെ കാലത്തുണ്ടായ മൂന്നാര്‍ ദൗത്യത്തിനിടെ എം.എല്‍.എ ഇടപെട്ട വിധവും സുരേഷ്‌കുമാര്‍ റംഷാദുമായുള്ള അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്:
'എല്ലാദിവസവും രാവിലെ ഏഴിനു മൂന്നാര്‍ പൊലീസ് സ്റ്റേഷനിലാണ് ഞാനും ഋഷിരാജ് സിങ്ങും തമ്മില്‍ കാണുന്നത്. അവിടെ നിന്നാണു പോകുന്നത്. എവിടെയാണ് ആ ദിവസത്തെ ഓപ്പറേഷന്‍ എന്ന് എനിക്കു മാത്രമേ അറിയൂ. തുടങ്ങും മുന്‍പു സംഘത്തിലെ മുഴുവന്‍ ആളുകളുടേയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യും. ഒരു സ്ഥലത്തു പോയിക്കഴിഞ്ഞാല്‍ അവിടുത്തെ പണി പൂര്‍ത്തിയാക്കിയിട്ടല്ലാതെ മടങ്ങരുത് എന്നാണു തീരുമാനം. ഇടയ്ക്ക് ഇടപെടല്‍ വിളികള്‍ ഉണ്ടാകാതിരിക്കണം. പൊളിക്കുന്ന കെട്ടിടത്തിന്റെ ഉടമകള്‍ എം.എല്‍.എയെ വിളിക്കും. എം.എല്‍.എ ഞങ്ങളെ വിളിക്കുമ്പോള്‍ കിട്ടില്ല. രണ്ടാംദിവസം എം.എല്‍.എ തിരുവനന്തപുരത്തു പത്രസമ്മേളനം നടത്തി. സ്‌പെഷല്‍ ഓഫിസറെ മാറ്റുമെന്നു മുഖ്യമന്ത്രിക്കു കത്തെഴുതി എന്നായിരുന്നു പറഞ്ഞത്. കത്തിന്റെ പകര്‍പ്പു മാധ്യമങ്ങള്‍ക്കും കൊടുത്തു. അടുത്തദിവസം രാവിലെ വി.എസ് എന്നെ വിളിച്ചു. നാളെ രാവിലെ തന്നെ പത്രക്കാരെ വിളിച്ച് എല്ലാം പറയാനായിരുന്നു വി.എസിന്റെ നിര്‍ദ്ദേശം. കര്‍ട്ടന്‍ പൊക്കി കാണിച്ച കാര്യം മാത്രം പറയേണ്ട കേട്ടോ എന്നും വി.എസ് പറഞ്ഞു. അദ്ദേഹം ചിരിയോടു ചിരിയാണ്.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com