പെസഹയില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന കര്‍ദിനാളിന്റെ നിര്‍ദ്ദേശം സഭയെ പുറകോട്ടാണ് നയിക്കുന്നത്: സി. ജെസ്മി, അഡ്വ. ഇന്ദുലേഖ ജോസഫ്
By സമകാലിക മലയാളം ഡസ്‌ക് | Published: 29th March 2017 06:30 PM |
Last Updated: 30th March 2017 03:01 PM | A+A A- |

കൊച്ചി: പെസഹ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ കര്‍മത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ടതില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സര്‍ക്കുലറിനെത്തുടര്‍ന്ന് സിസ്റ്റര്‍ ജെസ്മി, അഡ്വ. ഇന്ദുലേഖ എന്നിവര്‍ പ്രതികരിക്കുന്നു.
''സഭയില്‍ ശുശ്രൂഷാ പൗരോഹിത്യമെന്നത് അപ്പോസ്തല പൗരോഹിത്യമാണ് എന്നാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവും പോള്‍ തേലക്കാട്ട് പിതാവുമൊക്കെ പറയുന്നത്. മാര്‍പ്പാപ്പ കഴിഞ്ഞ വര്‍ഷം സ്ത്രീകളുടെ കാല്‍ കഴുകിയതിനെത്തുടര്‍ന്ന് ഈ പിതാക്കന്മാര്‍ പറഞ്ഞ വാചകം എന്നെ ഞെട്ടിച്ചുകളഞ്ഞതാണ്. മാര്‍പ്പാപ്പ ലതീന്റെയാണ് എന്നായിരുന്നു അത്. ക്രൈസ്തവ സഭയുടെയാകെ മാര്‍പ്പാപ്പയെ ഇങ്ങനെ സങ്കുചിതമായി കാണുന്നതെങ്ങനെയാണ് എന്നതാണ് എന്നെ ഞെട്ടിച്ചത്.'' - സിസ്റ്റര്‍ ജെസ്മി തുടര്‍ന്നു
''മാര്‍പ്പാപ്പയുടെ ഈ പ്രവൃത്തി മാതൃകാപരമാണ്. അത് തുടര്‍ന്നാല്‍ പതിയെ കൂദാശ കര്‍മ്മം ചെയ്യാന്‍ കന്യാസ്ത്രീകള്‍ക്ക് അനുവാദം നല്‍കേണ്ടിവരും എന്നതാണ് ഇവിടെയുള്ള പിതാക്കന്മാരെ ഭയപ്പെടുത്തുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട് എന്നതാണ് പോള്‍ തേലക്കാട്ട് പിതാവ് കന്യാമറിയത്തെ ചൂണ്ടിക്കാട്ടി പറഞ്ഞത്. യേശുവിന്റെ കാലത്തിനുശേഷം അങ്ങനെയൊരു പ്രാധാന്യം കൊടുക്കപ്പെട്ടത് ഏത് സ്ത്രീയ്ക്കാണ് എന്ന ചോദ്യത്തിന് ഉത്തരമില്ല. സ്ത്രീകളെ മുഖ്യധാരയിലേക്ക് വരുത്തുമെന്ന് പറയുമ്പോഴും പിന്നോട്ടു വലിക്കുന്ന നയമാണ് ഈ പിതാക്കന്മാര്‍ ചെയ്യുന്നത്. പിതാക്കന്മാരുടെ ഈ തീരുമാനം സഭയെത്തന്നെ പിന്നിലേക്ക് വലിച്ചുകൊണ്ടുപോവുന്നതിനേ സഹായിക്കൂ.''
ജനാധിപത്യരീതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യങ്ങളില്‍ ഏകാധിപത്യസ്വഭാവത്തോടെയാണ് സഭ പലപ്പോഴും തീരുമാനങ്ങളെടുക്കുന്നത് എന്നായിരുന്നു അഡ്വ. ഇന്ദുലേഖ ജോസഫിന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം. ''യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യ മഗ്ദലമറിയം തന്നെയായിരുന്നു. ശിഷ്യര്‍ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ നടത്താമെങ്കില്‍ സ്ത്രീകളുടെ കാല്‍കഴുകല്‍ നടത്താനും പറ്റും.'' - ഇന്ദുലേഖ പറയുന്നു.
സിസ്റ്റര്‍ ജെസ്മിയുടെ വാദത്തില്‍നിന്നും ഇന്ദുലേഖ കുറച്ചുകൂടി മുന്നോട്ടു പോകുന്നു. കന്യാസ്ത്രീകള്‍ സ്ത്രീകളുടെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തട്ടെ എന്നാണ് ഇന്ദുലേഖയുടെ വാദം.
മാര്‍ ആലഞ്ചേരിയുടെ നിര്‍ദ്ദേശത്തില്‍ അപ്പോസ്തലന്മാര്‍ക്കുമാത്രമാണ് കാല്‍കഴുകല്‍ ശുശ്രൂഷ ചെയ്യാന്‍ സാധിക്കുന്നത് എന്നാണ്. ഇതില്‍ ഒരു മാറ്റം മാര്‍പ്പാപ്പയാല്‍ ഉണ്ടായ സാഹചര്യത്തിലെങ്കിലും ജനാധിപത്യരീതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളുണ്ടാക്കുകയാണ് വേണ്ടതെന്ന് ഇന്ദുലേഖ വാദിക്കുന്നു.
കഴിഞ്ഞവര്‍ഷം മാര്‍പ്പാപ്പ സ്ത്രീകളുടെ കാല്‍കഴുകി കൂദാശകര്‍മ്മങ്ങള്‍ ചെയ്തിരുന്നു. ഇത് കേരളത്തിലടക്കം പല സഭകളും അംഗീകരിക്കാതിരിക്കുകയും പല സഭകളും നടപ്പാക്കുകയും ചെയ്തിരുന്നു. ഇക്കുറി ഇത് നേരത്തെ കണ്ടുകൊണ്ടാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.