രാജേന്ദ്രന് പറയുന്നതെല്ലാം നുണ;പട്ടയം വ്യാജമെന്ന് ലാന്റ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2017 08:15 AM |
Last Updated: 30th March 2017 03:39 PM | A+A A- |

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ കൈവശമുള്ളത് വ്യാജ പട്ടയമെന്നും ഭൂമി തിരിച്ചു പിടിക്കണമെന്നും ലാന്റ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2015 ജനുവരിയില്‍ അന്നത്തെ ലാന്റ് റവന്യു കമ്മീഷണര്‍ എംസി മോഹന്‍ദാസ് അന്നത്തെ റവന്യു മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്ന് കമ്മീഷണര്‍ ഇടുക്കി ജില്ലാ കളക്ടറോട് ശുപാര്‍ശ ചെയ്‌തെങ്കിലും നടപടിയെടുത്തില്ല. സര്‍വേ നമ്പര്‍ 843,912 എന്നിവ പുറമ്പോക്കാണെന്നും സര്‍വേ നമ്പര്‍ 843 കെഎസ്ഇബിയുടെ കൈവശമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജേന്ദ്രന് പട്ടയം നല്‍കിയത് സംബന്ധിച്ച രേഖകള്‍ ദേവികുളം താലൂക്ക് ആഫീസില്‍ ഇല്ല എന്നും ഇതുസംബന്ധിച്ച് രാജേന്ദ്രന്‍ ഹാജരാക്കിയ രേഖകള്‍ എല്ലാം വ്യാജമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍വേ നമ്പര്‍ 843 എ യിലുള്ള എട്ടു സെന്റ് വസ്തുവിന് നികുതി അട്ക്കുന്നതിനായി എസ് കാജേന്ദ്രന്‍ കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജ് ഓഫീസറെ സമീപിച്ചതോടെയാണ് ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. രേഖ പരിശോധിച്ച വില്ലേജ് ഓഫീസര്‍ ഈ ഭൂമിയുടെ സര്‍വേ നമ്പര്‍ 912 ആണെന്നും സര്‍വേ നമ്പര്‍ 843ല്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് സര്‍വേ നമ്പര്‍ തിരുത്താന്‍വേണ്ടി കളക്ടര്‍ക്ക് അേേപക്ഷ നല്‍കിയ രാജേന്ദ്രന്റെ അപേക്ഷ കളക്ടര്‍ നിരസിച്ചു. പട്ടയം അപേക്ഷ രജിസ്റ്ററിലും പട്ടയം നല്‍കിയതിന്റെ രജിസ്റ്ററിലും രാജേന്ദ്രന്റെ പേരില്ല എന്നത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കളക്ടറുടെ നിരസിക്കല്‍.
ഇതിനെതിരെ രാജേന്ദ്രന്‍ ലാന്റ് റവന്യു കന്നീഷണര്‍ക്ക് അപ്പീല്‍ നല്‍കി. ആ അപ്പീലാണ് രാജന്ദ്രന് കുരിശായി ഭവിച്ചത്. തുടര്‍ന്നു ലാന്റ് റവന്യു തമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ രാജേന്ദ്രന്റെ കൈവശമുള്ളത് വ്യാജ പട്ടയമാണെന്ന് കണ്ടെത്തി. ഇത് മന്ത്രിക്ക് റിപ്പോര്‍ട്ടാക്കി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ കൂടുതലല്‍ നടപടികള്‍ ഒന്നും യുഡിഎഫ് മന്ത്രിയഭയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.