സബ് കലക്ടറുടെ കാലു തല്ലിയൊടിക്കുമെന്ന ഭീഷണി; എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതി
Published: 30th March 2017 02:47 PM |
Last Updated: 30th March 2017 06:22 PM | A+A A- |

മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ ഭീഷണിപ്പെടുത്തിയതിന് എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി. ബിജെപിയുടെ മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ പിഎ വേലുക്കുട്ടനാണ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ 25ന് ഉച്ചയ്ക്ക് മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജേന്ദ്രന്‍ സബ് കലക്ടറെ ഭീഷണിപ്പെടുത്തുംവിധം സംസാരിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. അനധികൃത നിര്‍മാണങ്ങള്‍ക്ക് എതിരെയുള്ള സബ് കലക്ടറുടെ നടപടി ജനവിരുദ്ധമാണെന്നും അതുമായി മുന്നോട്ടുപോയാല്‍ മടക്കം നാലു കാലില്‍ ആയിരിക്കും എന്നും എംഎല്‍എ പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുരേഷ് കുമാര്‍ മടങ്ങിയതു പോലെ ആവില്ല, നാലുകാലിലായിരിക്കും മടക്കം എന്നാണ് എംഎല്‍എ ഭീഷണിപ്പെടുത്തിയത്. ഇത് സബ് കലക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുന്ന നടപടിയാണ്.
ഇന്ത്യന്‍ ശിക്ഷാ നിയമം 353 വകുപ്പു പ്രകാരം ശിക്ഷാര്‍ഹമായ നടപടിയാണ് എംഎല്‍എയുടേതെന്ന് പരാതിയില്‍ പറയുന്നു. എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.