ഗുഡ് മോണിങ്, ഗുഡ് നൈറ്റ് മെസേജുകളില്‍ തുടക്കം, പിന്നീട് നിലവിട്ട ഫോണ്‍ വിളികള്‍, ശശീന്ദ്രനെ കുടുക്കിയത് ആസൂത്രിത നീക്കത്തിലെന്ന് പൊലീസ്

ഗോവ ഫോണ്‍ വിളിയില്‍ വനിതയുടെ ഭാഗത്തുനിന്ന് അതിരുവിട്ട സംഭാഷണമുണ്ടായെന്നും അതുകൊണ്ടാണ് പെണ്‍ ശബ്ദം എഡിറ്റ് ചെയ്ത് നീക്കിയതെന്നുമാണ് പൊലീസിന്റെ നിഗമനം.
ഗുഡ് മോണിങ്, ഗുഡ് നൈറ്റ് മെസേജുകളില്‍ തുടക്കം, പിന്നീട് നിലവിട്ട ഫോണ്‍ വിളികള്‍, ശശീന്ദ്രനെ കുടുക്കിയത് ആസൂത്രിത നീക്കത്തിലെന്ന് പൊലീസ്

തിരുവനന്തപുരം: നിരന്തരമായി മെസേജുകള്‍ അയച്ചാണ് ഹണി ട്രാപ്പ് ഒരുക്കിയ യുവതി മുന്‍ മന്ത്രി എകെ ശശീന്ദ്രനെ കുരുക്കിയതെന്ന് പൊലീസിനു വിവരം ലഭിച്ചു. ഗുഡ് മോണിങ് സര്‍, ഗുഡ് നൈറ്റ് സര്‍ എന്ന രീതിയിലായിരുന്നു ആദ്യ മെസേജുകള്‍. ഇത് പിന്നീട് നിലവിട്ട രീതിയിലേക്കു മാറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ ബൈറ്റ് എടുക്കാനെന്ന പേരിലാണ് യുവതി ശശീന്ദ്രനെ സമീപിച്ചത്. ഇതിനൊപ്പം നമ്പര്‍ കൈമാറുകയായിരുന്നു. ആസൂത്രിതമായി നടത്തിയ നീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് പൊലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. 

ഗുഡ് മോണിങ്ങിലും ഗുഡ് നൈറ്റിലും തുടങ്ങിയ മെസേജുകള്‍ പിന്നീട് ഫോണ്‍ വിളിയിലേക്കു മാറുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും ഈ ഫോണ്‍ വിളികള്‍ക്കിടെ ഇവര്‍ ശശീന്ദ്രനോടു പറഞ്ഞു. ഇത്തരത്തിലുള്ള നിരന്തരമായ വിളിയിലൂടെ ശശീന്ദ്രന്റെ പൂര്‍ണ വിശ്വാസം നേടിയെടുത്താണ് കെണിയൊരുക്കിയത്. 

ഗോവയിലെ ഫോണ്‍വിളിക്കു മുമ്പുള്ള കോളുകളും റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ അതിലൊന്നും ഇത്തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ചേരുവകള്‍ ഇല്ലായിരുന്നു. ഗോവ ഫോണ്‍ വിളിയില്‍ വനിതയുടെ ഭാഗത്തുനിന്ന് അതിരുവിട്ട സംഭാഷണമുണ്ടായെന്നും അതുകൊണ്ടാണ് പെണ്‍ ശബ്ദം എഡിറ്റ് ചെയ്ത് നീക്കിയതെന്നുമാണ് പൊലീസിന്റെ നിഗമനം. 

എന്‍സിപിയുടെ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്്മാനാണ് ചാനലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചാനല്‍ ചെയര്‍മാനും സിഇഒയും എഡിറ്റോറിയില്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി. വനിതാ മാധ്യമ പ്രവര്‍ത്തകരും പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com