ഞങ്ങള്‍ക്ക് മാഞ്ചിയവും അക്കേഷ്യയും വേണ്ട,കുടിവെള്ളം മതി;മാഞ്ചിയത്തിനും അക്കേഷ്യയ്ക്കും എതിരെ ഒരുനാട് സമരത്തിനിറങ്ങുന്നു 

അക്കേഷ്യയും മാഞ്ചിയവും ഞങ്ങള്‍ക്ക വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് കുടിവെള്ളമാണ്. വനമാണ്. കാട് വെളുപ്പിക്കാന്‍ ഞങ്ങളിനി സമ്മതിക്കില്ല.
ഞങ്ങള്‍ക്ക് മാഞ്ചിയവും അക്കേഷ്യയും വേണ്ട,കുടിവെള്ളം മതി;മാഞ്ചിയത്തിനും അക്കേഷ്യയ്ക്കും എതിരെ ഒരുനാട് സമരത്തിനിറങ്ങുന്നു 

അക്കേഷ്യയും മാഞ്ചിയവും ഞങ്ങള്‍ക്ക വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് കുടിവെള്ളമാണ്. വനമാണ്. കാട് വെളുപ്പിക്കാന്‍ ഞങ്ങളിനി സമ്മതിക്കില്ല. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കാട് വെട്ടിത്തെളിച്ച് അക്കേഷ്യയും മാഞ്ചിയവും നട്ടുപിടിപ്പിക്കുന്ന വനം വകുപ്പിലെ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നടപടികള്‍ക്കെതിരെ ഒരു നാട്  സമരത്തിനൊരുങ്ങുന്നു. തിരുവനന്തപുരം ജില്ലയിലെ പാലോട് നിവാസികളാണ് സ്വാഭാവിക വനം വന്‍തോതില്‍ നഷ്ടപ്പെട്ട് കുടിവെള്ളമില്ലാതെ കൊടും വരള്‍ച്ചയിലേക്ക് നാട് കൂപ്പു കുത്തിയതിനെ തുടര്‍ന്ന് സമര മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നത്. 

സാമൂഹ്യ വനവത്കരണ വകുപ്പ് വനത്തിനുള്ളില്‍ വ്യാപകമായി നടത്തുന്ന അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷനെതിരെ സമര പ്രഖ്യാപനവും ജനകീയ കമ്മിറ്റി രൂപികരണവും ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് പാലോട് എ എ ആഡിറ്റോറിയത്തില്‍ നടക്കും. പ്രദേശത്തെ രാഷ്ട്രീയ,യുവജന സംഘടാനാ പ്രതിനിധികളും നാട്ടുകാരും പരിപാടിയില്‍ പങ്കെടുക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു യോഗം ഉദ്ഘാടനം ചെയ്യും. 

മാഞ്ചിയവും അക്കേഷ്യയും വ്യാപകമായി നട്ടു പിടിപ്പിക്കുന്നത് കാരണം പ്രദേശത്ത് കാര്യമായ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. പരിസ്ഥിതി സന്തുലനം താറുമാറാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കനത്ത കുടിവെള്ള ക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്. മാഞ്ചിയവും അക്കേഷ്യയും വലിച്ചെടുക്കുന്ന ജലത്തിന്റെ അളവ് വളരെ കൂടുതലാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു സമകാലിക മലായളത്തിനോട് പ്രതികരിച്ചു. 

മുമ്പ് റിസര്‍വ് വനത്തില്‍ മാറ്റിവെച്ചിരിക്കുന്ന സ്ഥലത്ത് കശുമാവും ആഞ്ഞിലിയും ഒക്കെയായിരുന്നു കൃഷി ചെയ്തുകൊണ്ടിരുന്നത്. പിന്നീടത് യൂക്കാലിയിലേക്ക് മാറി. അതുകഴിഞ്ഞാണ് കൂടുതല്‍ ലാഭം കിട്ടുന്ന അക്കേഷ്യ, മാഞ്ചിയം കൃഷിയിലേക്ക് മാറിയത്. വളരാന്‍ കാലതാമസമില്ല എന്നതും നല്ല തടിയാണ് എന്നതുമാണ് ഇതിലേക്ക് മാറാന്‍ ഉള്ള പ്രധാന കാരണം. 

ഇവിടെ അക്കേഷ്യയും മാഞ്ചിയവും വ്യാപകമായി കൃഷി തുടങ്ങിയിട്ട് ഇപ്പോള്‍ 20 വര്‍ഷത്തില്‍ കൂടുതലായി. മറ്റു മരങ്ങളൊന്നും പിന്നീടിവിടെ കാര്യമായി പിടിക്കാറില്ല.ഈ വര്‍ഷം വേനല്‍ ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ എത്തിയപ്പോഴാണ് ജനങ്ങള്‍ക്ക് ഇതിന്റെ ദുരവസ്ഥ കൃത്യമായി മനസ്സിലാക്കിയത്. അതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇങ്ങനെയൊരു സമര പരിപാടിയിലേക്ക് നീങ്ങിയത്. വികെ മധു പറഞ്ഞു. 

പലപ്പോളായി ജനങ്ങള്‍ ഇതിനെതിരെ പരാതി പറഞ്ഞിരുന്നു.ഒറ്റയ്‌ക്കൊറ്റയ്ക്ക്് ചെറിയ  പ്രതിരോധ സമരങ്ങളും നടന്നിരുന്നു.എന്നാല്‍ അതൊന്നും അധികാരികളുടെ കണ്ണുതുറപ്പിച്ചില്ല.വനമേഖലയായതുകൊണ്ട് ഇത്രയുംനാള്‍ പാലോട് പ്രദേശത്ത് കുടിവെള്ള ക്ഷാമം ഇത്രയും രൂക്ഷമായിരുന്നില്ല. എന്നാല്‍ ഇത്തവണ പാലോട് വാസികള്‍ ശരിക്കും കുഴങ്ങി. വറ്റിയതായി തങ്ങള്‍ക്കറിവില്ലാത്ത നീരുറവകള്‍വരെ വറ്റിയതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. കുടിവെള്ള ക്ഷാമം ഇത്രയും രൂക്ഷമായി സംഭവിക്കാന്‍ കാരണം ഇപ്പോഴുള്ള മാഞ്ചിയം, അക്കേഷ്യ കൃഷിയാണെന് നാട്ടുകാര്‍ തറപ്പിച്ചു പറയുന്നു. അത് ഇനിയും തുടര്‍ന്നാല്‍ നാട് പൂര്‍ണ്ണമായി വരണ്ടുണങ്ങും.ആ ബോധത്തില്‍ നിന്നാണ് ഇങ്ങനെയയൊരു ജനകീയ സമരത്തിലേക്ക് ഇറങ്ങി പുറപ്പെടാന്‍ ഇവര്‍ തീരുമാനിച്ചത്. 

കാട്ടില്‍ ഫലവൃക്ഷങ്ങള്‍ കുറഞ്ഞു തുടങ്ങിയപ്പോള്‍ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി. സ്വാഭാവിക വനം നശിപ്പിച്ച് കൃത്രിമ വനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ മണ്ടത്തരമാണെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാര്‍ ഇത് ചെയ്യുന്നത് ലാഭം കിട്ടുന്നതുകൊണ്ടാണ്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകായണ്.തങ്ങളുടെ സമരത്തിന്റ ഭാവി എന്താകും എന്നൊന്നും ഇവിടുത്തുകാര്‍ക്കറിയില്ല.എന്നിരുന്നാലും ഒരു നാടിന്റെ ദാഹമകറ്റാന്‍ വേണ്ടി ഇവര്‍ ഇന്നുമുതല്‍ സമരത്തിനിറങ്ങുകായണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com