എസ്ബിടി എന്ന പേര് മാഞ്ഞുപോകുമ്പോള്‍...
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2017 10:19 AM |
Last Updated: 31st March 2017 11:38 AM | A+A A- |

ഏഴു പതിറ്റാണ്ട് കേരളത്തിന് താങ്ങായി നിന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന പേര് ഇന്നത്തോടെ ഇല്ലാതാകും. എസ്ബിടിയെ പറ്റി പറയുമ്പോള്‍ ഇപ്പോള്‍ രാവണ പ്രഭു സിനിമയില്‍ മുണ്ടക്കല്‍ ശേഖരന്‍ പറയുന്ന ഡയലോഗാണ് മലായളികള്‍ക്ക് ഓര്‍മ്മ വരുന്നത്.'' മംഗലശേരി... പേരിന് മുമ്പില്‍ കൊമ്പന് നെറ്റിപ്പട്ടം പോലെ നീ കൊണ്ടു നടന്ന നിന്റെ തറവാട്ട് പേര് ഇനി നിന്റെകൂടെയില്ല...അതുമാഞ്ഞ് പോയി..."
ശരിയാണ്. മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മാഞ്ഞു പോകുന്നത്. ഏഴു പതിറ്റാണ്ടുകള്‍ മലയാളിയുടെ സാമ്പത്തിക ഭദ്രതയ്ക്ക് കൈത്താങ്ങായി നിന്നിരുന്ന പേരാണ് നാളെമുതല്‍ ഇല്ലാതാകുന്നത്.നാളെ മുതല്‍ എസ്ബിഐ ശാഖകളായി ആകും എസ്ബിടി ശാഖകള്‍ പ്രവര്‍ത്തിക്കുക.
എസ്ബിഐയില്‍ ലയിച്ചെങ്കിലും നിലവിലെ എസ്ബിടി ശാഖകള്‍ പൂട്ടില്ല. നിലവിലുള്ള പാസ്ബുക്കും ചെക്ബുക്കും ജൂണ്‍ വരെ ഉപയോഗിക്കാം. അടുത്തടുത്തുള്ള 160 ശാഖകള്‍ സ്ഥലപ്പേരില്‍ അല്പം മാറ്റംവരുത്തി നിലനിര്‍ത്തും. ഒരേസ്ഥലത്ത് രണ്ട് ശാഖകള്‍ വരുമ്പോഴുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണിത്. ഇവയുടെ ഐ.എഫ്.എസ്.സി കോഡ് മാറില്ല.
നിലവില്‍ കേരളത്തില്‍ എസ്ബിഐയെക്കാളും ശാഖകലും വരുമാനവും ഉള്ളത് എസ്ബിടിക്കാണ്. എസ്ബിടിക്ക് 888 ശാഖകളും എസ്ബിഐക്ക് 483 ശാഖകളുമാണുള്ളത്. എസ്ബിടി-എസ്ബിഐ ലയനം പൂര്‍ത്തിയാകുന്നതോടെ എസ്ബിഐക്ക് 1371 ശാഖകള്‍ ഉണ്ടാകും.
എസ്ബിടിയുടെ പൂജപ്പുരയിലെ ആസ്ഥാന മന്ദിരം എസ്ബിഐ ആസ്ഥാനമായി മാറും.രണ്ടാഴ്ച്ചയ്ക്കുള്ളില്‍ എസ്ബിഐ ഓഫീസായി ഇത് പ്രവര്‍ത്തിച്ചു തുടങ്ങും.