കൃഷ്ണയ്യരുടെ വസതി ബിജെപി ഓഫീസായി മാറുമോ?

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വീട് ബിജെപി സ്വന്തമാക്കാനൊരുങ്ങുന്നു
കൃഷ്ണയ്യരുടെ വസതി ബിജെപി ഓഫീസായി മാറുമോ?

കൊച്ചി: ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ നിയമമന്ത്രിയും ജസ്റ്റിസുമായിരുന്ന അന്തരിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ കൊച്ചിയിലുള്ള സദ്ഗമയ എന്ന വീട് ബിജെപി സ്വന്തമാക്കാനൊരുങ്ങുന്നു.
ബിജെപി മധ്യകേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കുന്നതിനൊപ്പം ദേശീയ നേതാക്കള്‍ എത്തുമ്പോള്‍ താമസിക്കുന്നതിനും മറ്റുമായി ആസ്ഥാനമന്ദിരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സദ്ഗമയയില്‍ നോട്ടമിട്ടിരിക്കുന്നത്. ദേശീയ നേതൃത്വമാണ് വി.ആര്‍. കൃഷ്ണയ്യരുടെ വീടിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.
കേരളത്തില്‍നിന്നും വ്യാപകമായ എതിര്‍പ്പുണ്ടായിരുന്ന വേളയില്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്രമോഡി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ രണ്ടുതവണ സന്ദര്‍ശിച്ചിരുന്നു. ഇത് നടന്നത് സദ്ഗമയ എന്ന ഈ വീട്ടില്‍ വച്ചായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ഈ വീടുമായി അങ്ങനെയൊരു വൈകാരികബന്ധമുണ്ട്. രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം സദ്ഗമയ സന്ദര്‍ശിച്ചിട്ടുണ്ട്. ആര്‍.എസ്.എസ്. സര്‍സംഘ് ചാലക്‌മോഹന്‍ ഭാഗവതും ജസ്റ്റിസ് കൃഷ്ണയ്യരെ കാണാന്‍ ഈ വീട്ടില്‍ വന്നിട്ടുണ്ട്. ഇതുപോലെ പല ദേശീയ നേതാക്കളും കേരളത്തില്‍ സന്ദര്‍ശിച്ചിട്ടുള്ള മറ്റൊരു വീട് വേറെയുണ്ടായിട്ടുണ്ടാവില്ല. മാത്രമല്ല ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെപ്പോലൊരു വ്യക്തിത്വത്തിന്റെ ഭാവനം എന്ന നിലയിലും പാര്‍ട്ടിയ്ക്ക് അത് ഗുണം ചെയ്യുമെന്നാണ് ബിജെപി ദേശീയ നേതൃത്വം വിശ്വസിക്കുന്നത്.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഇടതുപക്ഷ സഹയാത്രികനായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ അവസാനകാലഘട്ടങ്ങളില്‍ അദ്ദേഹം പാര്‍ട്ടിയ്‌ക്കെതിരെ പല കാര്യങ്ങളിലും നിലപാടെടുത്തിരുന്നു. അദ്ദേഹം ബി.ജെ.പി. സംഘടിപ്പിച്ച ചില പൊതുകാര്യപ്രസക്തമായ പരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട്. ഇതൊക്കെ കണക്കിലെടുത്തുതന്നെയാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തന്ത്രപരമായ നീക്കം. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വീട് സ്വന്തമാക്കുകയാണെങ്കില്‍ പാര്‍ട്ടിയ്ക്ക് അത് വലിയ നേട്ടമാകും എന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന നേതൃത്വവും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെ പ്രധാനപ്പെട്ട കേന്ദ്രമായാണ് ബിജെപി നേതൃത്വം കാണുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ വ്യക്തമായ സാന്നിധ്യം ഉറപ്പിച്ചുവെങ്കിലും കേരളത്തില്‍ വേരുറപ്പിക്കാന്‍ സാധിക്കാത്തത് ബിജെപി നേതൃത്വം അതീവഗൗരവതരമായാണ് കാണുന്നത്. ഒരു എം.പിയെയെങ്കിലും 2019ല്‍ കേരളത്തില്‍നിന്നും ബിജെപിയ്ക്ക് ലോക്‌സഭയിലേക്കെത്തിക്കാന്‍ സാധിക്കണം എന്ന നിര്‍ദ്ദേശത്തോടെയുള്ള പ്രവര്‍ത്തനമാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതിനുള്ള ഒരുക്കങ്ങള്‍ എന്ന നിലയിലാണ് മധ്യകേരളത്തില്‍ ആസ്ഥാന മന്ദിരമെന്ന നിലയില്‍ എറണാകുളത്ത് കെട്ടിടങ്ങള്‍ക്കായുള്ള അന്വേഷണങ്ങള്‍ നടക്കുന്നത്. കലൂരില്‍ സ്ഥലം കണ്ടെത്തിയതായും വാര്‍ത്തയുണ്ട്. അങ്ങനെയെങ്കില്‍ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളിലുള്ളവര്‍ക്ക് വന്നാല്‍ താമസിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനുമൊക്കെയായി വിശാലമായ സൗകര്യത്തോടുകൂടിയ ഒരു സ്ഥലമായിരിക്കും അത്.
ഇതിനുപുറമെയാണ് സദ്ഗമയ കൂടി വാങ്ങുവാനുള്ള താല്‍പര്യം ദേശീയ നേതൃത്വം അറിയിച്ചത്. ആസ്ഥാനമന്ദിരം ഒരുക്കുന്നതിന് കേന്ദ്രകമ്മിറ്റി ധനസഹായം നല്‍കും. അതിനു മുന്നേ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമെന്ന നിലയില്‍ വിപുലമായ ഫണ്ട് പിരിവു നടത്താനും ദേശീയ നേതൃത്വം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com