വിനാശകാലേ വിപരീത ബുദ്ധി; മാണിയെ പിന്തുണച്ച ഇടതുപക്ഷത്തോട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
By സമകാലിക മലയാളം ഡസ്‌ക് | Published: 03rd May 2017 04:38 PM |
Last Updated: 03rd May 2017 04:38 PM | A+A A- |

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പിന്തുണച്ച ഇടതുപക്ഷത്തിന്റെ തീരുമാനത്തോട് തനിക്ക് സഹതാപമാണെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
''കേരളത്തിലെ ഏറ്റവും അഴിമതികളില്‍ ഒന്ന് നടത്തിയ നേതാവിന്റെ ഉറപ്പ് വിശ്വസിച്ച കോണ്‍ഗ്രസ്സിനോട് എനിക്ക് സഹതാപമില്ല; എന്റെ സഹതാപം ആ കോഴനേതാവിനെ പരസ്യമായി പിന്തുണച്ച ഇടതുപക്ഷത്തോടാണ്; വിനാശകാലേ വിപരീതബുദ്ധി'' എന്നായിരുന്നു ഗീവര്‍ഗീസ് മാര്‍ കുറിലോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
നേരത്തേയും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പരസ്യമായ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയിരുന്നു. മൂന്നാറിലെ കൈയ്യേറ്റം സംബന്ധിച്ചായിരുന്നു അത്. ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തില്‍ പാപ്പാത്തിച്ചോലയില്‍ കുരിശു പൊളിച്ചതുമായി ബന്ധപ്പെട്ട്; ''കുരിശു നീക്കിയപ്പോള്‍ സന്തോഷിച്ചത് ക്രിസ്തു തന്നെയായിരിക്കും'' എന്ന് പ്രതികരിച്ച് അദ്ദേഹം തന്റെ നിലപാട് വ്യക്തമായും പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്നുവന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു. ഫെയ്‌സ്ബുക്കില്‍ സജീവമായി ഇടപെടുന്ന അദ്ദേഹം മന്ത്രി മണിയുടെ വിവാദപരാമര്‍ശങ്ങളെക്കുറിച്ചും പ്രസ്താവന നടത്തിയിരുന്നു. മണിയുടെ വായ മൂടിക്കെട്ടണമെന്നായിരുന്നു ഗീവര്‍ഗീസ് കൂറിലോസിന്റെ അന്നത്തെ പ്രതികരണം.