അത്രയ്ക്കു പരമ്പരാഗതമല്ല, പൂരത്തിന്റെ വഴികള്‍

പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ ഇത്തവണ പൂരം ചടങ്ങു മാത്രമാക്കുമെന്ന് ദേവസ്വങ്ങള്‍ ഭീഷണി മുഴക്കിയെങ്കിലും അത്ര കടുത്ത പാരമ്പര്യവാദത്തിന്റേതല്ല തൃശൂര്‍ പൂരത്തിന്റെ ചരിത്രം.
അത്രയ്ക്കു പരമ്പരാഗതമല്ല, പൂരത്തിന്റെ വഴികള്‍


പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ ഇത്തവണ പൂരം ചടങ്ങു മാത്രമാക്കുമെന്ന് ദേവസ്വങ്ങള്‍ ഭീഷണി മുഴക്കിയെങ്കിലും അത്ര കടുത്ത പാരമ്പര്യവാദത്തിന്റേതല്ല തൃശൂര്‍ പൂരത്തിന്റെ ചരിത്രം. ഇപ്പോഴും ചില കാര്യങ്ങളിലൊന്നും അതിന് പാരമ്പര്യത്തിന്റെ കടുംപിടിത്തമില്ലെന്നു ബോധ്യമാവാന്‍ നടുവിലാല്‍ വരെ പോയാല്‍ മതി. അവിടെ ഉയരുന്ന തിരുവമ്പാടിയുടെ ഫൈബര്‍ പന്തല്‍ പൂരത്തില്‍ ഇത് ആദ്യത്തേതാണ്.

ബാഹുബലിയുടെ സെറ്റിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് നടുവിലാലിലെ ഫൈബര്‍ പന്തല്‍ ഉയര്‍ന്നിരിക്കുന്നത്. പരമ്പരാഗതമായി നിര്‍മിക്കുന്ന പൂരപ്പന്തലിന്റെ കെട്ടും മട്ടുമേയല്ല, ഇതിന്. വിയ്യൂരിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന മധു തിരുവമ്പാടിക്കു വേണ്ടി പണിതുയര്‍ത്തിയ പന്തലിനെ കൗതുകത്തോടെയാണ് നാട്ടുകാര്‍ കണ്ടത്. അടിത്തറയായി വമ്പന്‍ ഇരുമ്പുപൈപ്പുകള്‍ നാട്ടി അതിനു മുകളില്‍ ഫൈബറില്‍ നിര്‍മിച്ച അലങ്കാത്തൂണുകള്‍ കെട്ടിയുയര്‍ത്തിയാണ് സ്വര്‍ണഗോപുരം പോലെ തോന്നിക്കുന്ന ഈ പന്തല്‍ നിര്‍മിച്ചത്.

ഇത്തവണ വിവാദത്തിന്റെ കേന്ദ്രമായ വെടിക്കെട്ടു പോലും പൂരം തുടങ്ങി എത്രയോ നാള്‍ കഴിഞ്ഞാണ് ആഘോഷമായി മാറിയത് എന്നാണ് ചരിത്രം. ആറാട്ടുപുഴ പൂരത്തിലേക്ക് ദേശത്തെ ക്ഷേത്രങ്ങളെ വിലക്കിയതില്‍ പ്രതിഷേധിച്ച് ശക്തന്‍ തുടങ്ങിയതാണ് തൃശൂര്‍ പൂരം. 1798ല്‍ ആദ്യ പൂരം നടക്കുമ്പോഴും പിന്നീടിങ്ങോട്ട് കുറെക്കാലത്തേക്കും കതിന മാത്രമായിരുന്നു പൂരത്തിന് വെടിക്കെട്ട് എന്നു പറയാന്‍ ഉണ്ടായിരുന്നത്. 1920ന് ശേഷമാണ് വെടിക്കെട്ട് ശബ്ദവര്‍ണ ഘോഷങ്ങളിലേക്ക് വഴിമാറിയത് എന്നാണ് പൂരത്തെക്കുറിച്ചു പഠിച്ചവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതാണ് പരമ്പരാഗത വെടിക്കെട്ട് എന്ന രീതിയില്‍ അവതരിപ്പിക്കുന്നത്. പരമ്പരാഗത രീതിയില്‍ വെടിക്കെട്ടിന് അനുമതിയില്ലെങ്കില്‍ പൂരം ചടങ്ങുമാത്രമായി നടത്തും എന്നായിരുന്നു ഒരു വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി പൂരം കൊടിയേറ്റം പാറമേക്കാവ് വിഭാഗം ചടങ്ങുമാത്രമായി നടത്തുകയും ചെയ്തു. ഇലഞ്ഞിത്തറ മേളം പോലും ഉപേക്ഷിക്കുമെന്നുംവാര്‍ത്തകള്‍ വന്നു.

ഇലഞ്ഞിത്തറയിലെ വാദ്യവിസ്മയം പൂരത്തിന്റെ തുടക്കകാലം മുതലേ ഉളളതാണ്. എന്നാല്‍ അതിനൊപ്പം തന്നെ ഇപ്പോള്‍ പൂരപ്രേമികളെ ആകര്‍ഷിക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് ഇന്നീ കാണുന്ന മേളസമൃദ്ധി വന്നിട്ട് അധികം കാലമൊന്നുമായില്ല. ചെറു പഞ്ചവാദ്യമായിരുന്നു മുമ്പ് ഉണ്ടായിരുന്നതെന്നും വിപുലമായ രീതിയിലേക്ക് അതു മാറിയിട്ട് നൂറു വര്‍ഷത്തില്‍ താഴെയേ ആയിട്ടുള്ളു എന്നുമാണ് വിദഗ്ധമതം. 

ഇതിനേക്കാള്‍ രസകരമാണ് കുടമാറ്റത്തിന്റെ കാര്യം. പൂരം തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് ഉണ്ടായിരുന്നേയില്ലത്രേ. ഒരു നൂറ്റാണ്ടു മുമ്പാണ് പൂരത്തില്‍ കുടമാറ്റം തുടങ്ങിയത്. കുടമാറ്റം തന്നെ ഓരോ വര്‍ഷവും എങ്ങനെയൊക്കെയാണ് മാറിമറിയുന്നത്. ശീലക്കുടകള്‍ വര്‍ണക്കുടകളായും രൂപക്കുടകളായുമെല്ലാം മാറി. ഈ വര്‍ഷം എന്തെന്ത് പുതുമയാണ് തിരുവമ്പാടിയും പാറമേക്കാവും കുടകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് ആര്‍ക്കറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com