അദ്ദേഹം ചിലപ്പോഴെങ്കിലും സ്വയം വിളിക്കുന്നത് മാണിസാര്‍ എന്നാണ്

ഇതുവരെ അംഗമായ മുഴുവന്‍ സഭകളിലും സര്‍ക്കാരിന്റേയോ പ്രതിപക്ഷത്തിന്റേയോ ഭാഗമായിരുന്നുകൊണ്ട് നിറഞ്ഞാടിയ നേതാവാണ് കരിങ്ങോഴയ്ക്കല്‍ മാണി
അദ്ദേഹം ചിലപ്പോഴെങ്കിലും സ്വയം വിളിക്കുന്നത് മാണിസാര്‍ എന്നാണ്

'കുഞ്ഞിക്കൂനന്‍' സിനിമയില്‍ കുഞ്ഞന്‍ എന്ന ദിലീപ് കഥാപാത്രം പറയുന്നുണ്ട്: ഞാനെന്നെ വിളിക്കുന്നത് വിമല്‍കുമാറെന്നാ. അതുപോലെയൊരു രസകരമായ സ്വഭാവം കെഎം മാണിക്കുമുണ്ട്. അദ്ദേഹം ചിലപ്പോഴെങ്കിലും സ്വയം വിശേഷിപ്പിക്കുന്നത് 'മാണിസാര്‍' എന്നാണ്. അടുപ്പമില്ലാത്ത ആരെങ്കിലും എന്തെങ്കിലും കാര്യത്തിന് വീട്ടിലോ ഓഫീസിലോ എത്തുമ്പോള്‍ ഇല്ലാത്ത അടുപ്പം ഉണ്ടെന്നു കാണിച്ച് അവരുടെ കൈപിടിക്കും. എന്നിട്ടൊരൊറ്റച്ചോദ്യമാണ്: പറഞ്ഞേ പറഞ്ഞേ മാണിസാറെന്നാ ചെയ്യേണ്ടേ...? ഒന്നും ചെയ്തില്ലെങ്കിലും ആ ചോദ്യത്തില്‍ വീഴാത്തവരില്ലെന്നത് മാണിയുടെ അനുഭവം. ക്ഷോഭിക്കുന്നതു വളരെക്കുറവ്. അങ്ങനെയുള്ളവര്‍ ക്ഷോഭിച്ചാല്‍ അടങ്ങാന്‍ സമയമെടുക്കും എന്നത് അദ്ദേഹത്തിന്റെ കാര്യത്തില്‍ ബാധകവുമല്ല. സ്വന്തം ചെയ്തികളില്‍ ഏതെങ്കിലും ശരിയല്ലെന്നോ കുഴപ്പമാണെന്നോ പറഞ്ഞുകേള്‍ക്കുമ്പോഴാണ് പെട്ടെന്നു പൊട്ടിത്തെറിക്കുന്നത്  എന്നതിന് ഇതെഴുന്നയാള്‍ക്കുമുണ്ട് അനുഭവം. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലം. ഒരു അഭിമുഖത്തിനു ഫോണില്‍ വിളിച്ച് സമയം ചോദിച്ച് പാലായിലെ വീട്ടില്‍ രാവിലെ എത്തി. കാറില്‍ പ്രചാരണപരിപാടിക്ക് പോകുമ്പോള്‍ സംസാരിക്കാം എന്നായിരുന്നു ധാരണ. കാറിന്റെ പിന്‍സീറ്റില്‍ ഒന്നിച്ചിരുന്ന് യാത്രയുടെ തുടങ്ങി. ടിഎം ജേക്കബിന്റെ കുരിയാര്‍കുറ്റി- കാരപ്പാറ കേസ്, ബാലകൃഷ്ണപിള്ളയുടെ ഇടമലയാര്‍ കേസ്, കെഎം മാണിയുടെ ഗ്രാഫൈറ്റ് കേസ് എന്നിവ സ്ഥാനമൊഴിയുന്ന ഇടതു സര്‍ക്കാര്‍ സജീവമാക്കിയിരുന്നു. ''അതേയ്, മാണിസാറിന്റെ ഈ ഗ്രാഫൈറ്റ് കേസ്...' എന്നൊരു ചോദ്യം തുടങ്ങിയപ്പോള്‍തന്നെ ഭാവം മാറി. ''ഗ്രാഫൈറ്റ് കേസോ, അതു ചോദിക്കാനാണോ ഇവിടംവരെ വന്നത്?' എന്നു മറുചോദ്യം. എന്നിട്ടു ഡ്രൈവറോട് പറഞ്ഞു: നിര്‍ത്ത്, നിര്‍ത്ത്. ലേഖകനോട്: ഇറങ്ങ്, ഇറങ്ങ്. ഡ്രൈവര്‍ കാറിന്റെ വേഗം കുറച്ചെങ്കിലും നിര്‍ത്തിയില്ല. കാര്യം ബോധ്യപ്പെടുത്തിയേ പറ്റുകയുള്ളൂ, നാണംകെട്ട് ഇറങ്ങിപ്പോകാന്‍ പറ്റില്ല. ''പറയുന്നത് മാണിസാറൊന്നു കേള്‍ക്ക്, പ്‌ളീസ്. എന്റെ ചോദ്യം പ്രോ യുഡിഎഫ് അല്ലേ. നിങ്ങള്‍ യുഡിഎഫിന്റെ മൂന്ന് ഉന്നത നേതാക്കളെ കേസില്‍ കുടുക്കി മുന്നണിയുടെ ആത്മവീര്യം തകര്‍ക്കാനല്ലേ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്.'ഇപ്പോള്‍ ക്ഷോഭം അയഞ്ഞു. ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ എന്‍ ശക്തന്‍ ആംഗ്യത്തിലൂടെ കൊടുത്ത അനുമതി പോലെ, ഡ്രൈവര്‍ക്ക് ആംഗ്യത്തില്‍ അനുമതി കൊടുത്തു. വിട്ടോ, നിര്‍ത്തണ്ട. 

കെഎം മാണി സഹിക്കാത്ത മറ്റൊരു കാര്യം നിയമസഭയിലെ തന്റെ പ്രാഗല്‍ഭ്യത്തെ ആരെങ്കിലും ചോദ്യം ചെയ്യുകയോ അങ്ങനെ ഭാവിക്കുകയെങ്കിലുമോ ചെയ്യുന്നതാണ്. പതിനൊന്നാം നിയമസഭയുടെ കാലത്ത് അഴീക്കോട് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് സിപി എമ്മിന്റെ എം പ്രകാശന്‍ സഭയിലെത്തി. ഇടയ്ക്കുവന്ന സാമാജികനാണെങ്കിലും മുന്‍പ് എംഎല്‍എ ആയി പരിചയമില്ലെങ്കിലും വന്ന 'മൂന്നാംപക്കം' പ്രകാശന്‍ മാസ്റ്റര്‍ സഭാ ചട്ടങ്ങളൊക്കെ ഉദ്ധരിച്ചു തുടങ്ങി. പറയുന്ന കാര്യത്തെക്കുറിച്ച് സംശയങ്ങളില്ലാതെ പ്രസംഗം വേദിയിലെന്നപോലെയാണു പറയുക. ധനമന്ത്രി കെഎം മാണിയുടെ പ്രസംഗത്തിനിടയില്‍ പ്രകാശന്‍ മാസ്റ്റര്‍ പെട്ടെന്നൊന്ന് എണീറ്റു. എന്നിട്ട് സ്പീക്കറോട് പറഞ്ഞു: സര്‍, ഒരു ക്രമപ്രശ്‌നമുണ്ട്. അത് ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു. അപ്പോള്‍ മന്ത്രി ഇരിക്കുന്നതാണ് കീഴ്‌വഴക്കം. പക്ഷേ, മാണി ഇരുന്നില്ല. മുഖത്ത് അല്പം പരിഹാസവുമുണ്ട്. പ്രകാശന്റെ ക്രമപ്രശ്‌നത്തിനല്ല, പകരം ''ഞങ്ങളൊക്കെ കുറേക്കാലത്തെ അനുഭവ പരിചയമുള്ളവരാണ്.' എന്നാണു മറുപടി പറഞ്ഞത്. പ്രകാശന്‍ വീറ് വിട്ടില്ല. ഭരണപക്ഷത്തുനിന്ന് മുസ്‌ളിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ ഇടപെട്ടു പറഞ്ഞു: മാണിസാര്‍, പ്രകാശന്‍ മാസ്റ്റര്‍ ഇവിടെ പുതിയ ആളാണെങ്കിലും പുറത്ത് വലിയ നേതാവാണ്.' അപ്പോള്‍ മാണി അടങ്ങി.

ആദ്യമായി അംഗമായ നിയസഭ ചേര്‍ന്നില്ലെങ്കിലും പിന്നീട് ഇതുവരെ അംഗമായ മുഴുവന്‍ സഭകളിലും സര്‍ക്കാരിന്റേയോ പ്രതിപക്ഷത്തിന്റേയോ ഭാഗമായിരുന്നുകൊണ്ട് നിറഞ്ഞാടിയ നേതാവാണ് കരിങ്ങോഴയ്ക്കല്‍ മാണി. അതിന് അദ്ദേഹത്തെ സഹായിച്ചത് വിശദവും സമര്‍ത്ഥവുമായ പഠനമായിരുന്നു എന്നത് പ്രതിയോഗികള്‍പോലും നിഷേധിക്കാത്ത സത്യം. സഭയിലെങ്കില്‍ സഭാകാര്യങ്ങളെക്കുറിച്ച്, സെക്രട്ടേറിയറ്റിലെങ്കില്‍ സര്‍ക്കാര്‍ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ കാട്ടുന്ന വഴിയേയല്ല സഞ്ചാരം. വഴിയേക്കുറിച്ചു തികഞ്ഞ ധാരണയുള്ളതാണു കാരണം. അതുകൊണ്ട് മാണിസാറിനെ മറ്റൊരാള്‍ക്കും വഴിതെറ്റിക്കാന്‍ സാധിക്കില്ല; മറ്റൊരാള്‍ക്കും. നിയമസഭയെപ്പോലെയോ അതിനു തുല്യമോ മാണിക്ക് ബലഹീനതയായി മാറിയ മറ്റൊരു സഭയുണ്ട്. അത് കത്തോലിക്കാസഭയാണ്. അതുകൊണ്ടാണ് മാണിക്ക് ബുദ്ധിമുട്ടുണ്ടായാല്‍ സഭ അപ്പോള്‍ത്തന്നെ മുന്‍പിന്‍ നോക്കാതെ രംഗത്തിറങ്ങുന്നത്. 

ഇപ്പോള്‍ പുതിയൊരു വഴിത്തിരിവിലാണ് കെഎം മാണി. അതെങ്ങനെ പോവും എത്രത്തോളും പോവും എന്നതിന് കേരള രാഷ്ട്രീയത്തില്‍ ചെറുതാവില്ല സ്ഥാനം. കാരണം കെഎം മാണി അങ്ങനെയാണ. കെഎം മാണിയുടെ ചരിത്രവും അങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com