കള്ളറിസോര്‍ട്ടുകള്‍ക്കു കറന്റ് കൊടുത്തോ; എത്ര കെട്ടിടങ്ങള്‍ പൊളിച്ചു; സര്‍ക്കാരിനെ വെട്ടിലാക്കി ഹരിത ട്രിബ്യൂണലില്‍ സ്വമേധയാ കേസ്

2015-ല്‍ ഹരിത ട്രിബ്യൂണലില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ എത്രയെണ്ണം പാലിച്ചു എന്നു വ്യക്തമാക്കണം
മൂന്നാര്‍ ചിത്തിരപുരത്ത് പണിതുയര്‍ത്തിയിരിക്കുന്ന എട്ടു നില കെട്ടിടം. ഫോട്ടോ: വിന്‍സന്റ് പുളിക്കല്‍
മൂന്നാര്‍ ചിത്തിരപുരത്ത് പണിതുയര്‍ത്തിയിരിക്കുന്ന എട്ടു നില കെട്ടിടം. ഫോട്ടോ: വിന്‍സന്റ് പുളിക്കല്‍

മൂന്നാറിലെ അനധികൃത നിര്‍മാണവും ഭൂമി കയ്യേറ്റവും തടയുന്നതിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് സംസ്ഥാന സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം.  2015-ലെ വിധിയില്‍ ട്രിബ്യൂണല്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നു ചോദിച്ചെങ്കിലും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. 

മൂന്നാര്‍ മലിനീകരണം മുന്‍നിര്‍ത്തി 2015 ഒക്ടോബര്‍ ഒന്നിനു പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതാണ് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്.  അന്ന് കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുന്നതും അനധികൃത കെട്ടിടങ്ങള്‍ക്കു വൈദ്യുതി വിച്ഛേദിക്കുന്നതും ഉള്‍പ്പെടെയുള്ള ഒന്‍പതു കാര്യങ്ങള്‍ ചെയ്യാമെന്ന് സര്‍ക്കാര്‍ അക്കമിട്ടു സമ്മതിച്ചിരുന്നു. അവ പാലിച്ചോ എന്നു വ്യക്തമാക്കാനാണ് ട്രിബ്യൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 

കയ്യേറ്റം തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും ഉത്തരവ് നടപ്പാക്കാന്‍ സമയബന്ധിതമായി ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കണമെന്നും ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനം പരിസ്ഥിതി സെക്രട്ടറിയെ എതിര്‍കക്ഷിയാക്കിയാണ് ട്രിബ്യൂണല്‍ സ്വമേധയാ കേസ് എടുത്തത്. 2015-ല്‍ കേസ് പരിഗണിച്ചപ്പോള്‍ ട്രിബ്യൂണലില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇവയായിരുന്നു:

1. 18-04-2007 ലെ സര്‍ക്കാര്‍ ഉത്തരവ് അനിസരിച്ച് മൂന്നാറിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനായി റവന്യു വകുപ്പ് പ്രത്യേക ദൗത്യസംഘത്തെ നിയമിച്ചിട്ടുണ്ട്. ഈ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം പിന്നീട് ഇടുക്കി ജില്ലയിലെ മുഴുവന്‍ മേഖലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. കയ്യറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്

2. കയ്യേറ്റം കണ്ടെത്താനും സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനും തിരിച്ചുപിടിച്ചവ സംരക്ഷിക്കാനും റവന്യു, സര്‍വേ, പൊലീസ് വകുപ്പുകള്‍ നടപടി തുടങ്ങി. ദേവികുളം സബ്കലക്ടറെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തിയാണ് നടപടികള്‍ പുരോഗമിക്കുന്നത്.

3. മൂന്നാറില്‍ വാണിജ്യാവശ്യങ്ങള്‍ക്കു കെട്ടിടം പണിയാന്‍ എന്‍.ഒ.സി കൊടുക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും തരത്തില്‍ ഇളവ് വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരാണ് അനുമതി നല്‍കേണ്ടത്. അങ്ങനെ നല്‍കുമ്പോള്‍ തന്നെ പട്ടയലംഘനം നടന്നിട്ടുണ്ടോ എന്നും പട്ടയത്തിന്റെ സാധുത എന്താണെന്നും പരിശോധിക്കും. 

4. എന്‍.ഒ.സി കിട്ടാത്ത ഒരു കെട്ടിടത്തിനും വൈദ്യുതി കണക് ഷന്‍ നല്‍കേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

5. മൂന്നാറിലെ പൊതു, സ്വകാര്യ, വന ഭൂമികളില്‍ യൂക്കാലി കൃഷി ചെയ്യുന്നതു പ്രത്യേക ഉത്തരവിലൂടെ നിരോധിച്ചിട്ടുണ്ട്.

6. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഇടിച്ചു നിരത്താന്‍ മന്ത്രി തല ഉപസമിതിയെ ശുപാര്‍ശ ചെയ്തിരുന്നു. എ.ഡി.ജിപി രാജന്‍ മധേക്കര്‍ ഇത്തരം കയ്യേറ്റങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

7. ക്രൈബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.

8. മൂന്നാര്‍ മേഖലയിലെ ഭൂമി പ്രശ്‌നം കൈകാര്യ ചെയ്യുന്നതിനായി സ്‌പെഷല്‍ ട്രിബ്യൂണല്‍ രൂപീകരിച്ചിട്ടുണ്ട്.

9. 2007 മുതല്‍ സര്‍ക്കാരിലേക്കു തിരികെ ലഭിച്ച ഭൂമി സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

2015-ല്‍ ട്രിബ്യൂണലില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഈ ഉറപ്പുകളില്‍ എത്രമാത്രം പാലിക്കപ്പെട്ടിട്ടുണ്ട് എന്നു വ്യക്തമാക്കാനാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com