പുറ്റിങ്ങല്‍: ഡിജിപിയുടെ നിര്‍ദേശം അപ്രത്യക്ഷമായത് അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം സംബന്ധിച്ച ഫയലില്‍ നിന്ന് ഡിജിപി രേഖപ്പെടുത്തിയ നിര്‍ദേശങ്ങള്‍ അപ്രത്യക്ഷമായതിനെക്കുറിച്ച് അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ  കത്ത്‌
പുറ്റിങ്ങല്‍: ഡിജിപിയുടെ നിര്‍ദേശം അപ്രത്യക്ഷമായത് അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:  പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം സംബന്ധിച്ച ഫയലില്‍ നിന്ന് ഡിജിപി രേഖപ്പെടുത്തിയ നിര്‍ദേശങ്ങള്‍ അപ്രത്യക്ഷമായതിനെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചു. ഫയലില്‍ നിന്ന് ഡിജിപിയുടെ കുറിപ്പ് നഷ്ടപ്പെടാന്‍ ഉണ്ടായ സാഹചര്യം, ആരാണ് ഇതിന് ഉത്തരവാദികള്‍ എന്നിവ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 
     
ടി.പി.സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയതുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ വിധിയില്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിനു ശേഷം ബന്ധപ്പെട്ട തുടര്‍ നടപടികള്‍ എടുക്കുന്നതില്‍ അന്നത്തെ മുഖ്യമന്ത്രിക്ക് വീഴ്ചപറ്റിയെന്നും ഫയല്‍ വച്ചുതാമസിപ്പിച്ചെന്നും ധ്വനിപ്പിക്കുന്ന  പരാമര്‍ശം ഉണ്ടായിട്ടുണ്ട്. പരാമര്‍ശം നീക്കുന്നതിന് താഴെ പറയുന്ന ചില കാര്യങ്ങളില്‍ ഉന്നതതലത്തിലുള്ള അനേ്വഷണം അടിയന്തിരമായി നടത്തണമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. 
    
പുറ്റിങ്ങല്‍ വെടിക്കെട്ടപകടം സംബന്ധിച്ച സെക്രട്ടേറിയറ്റ് ഫയലില്‍ (നമ്പര്‍ 32931/ എഫ്1/ ആഭ്യന്തരം) 13.04.2016-ല്‍ അന്നത്തെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങള്‍, ആഭ്യന്തര വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി  രമേശ് ചെന്നിത്തല, ഇത് ഡിജിപിയുമായി ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി ഫയല്‍ കാണണമെന്നും തൊട്ടടുത്ത ദിവസം  നിര്‍ദേശിച്ചു. താന്‍  ഉടന്‍തന്നെ ആ നിര്‍ദ്ദേശം അംഗീകരിക്കുകയും, ഫയല്‍ പോലീസ് ആസ്ഥാനത്തേയ്ക്ക് ഉച്ചയോടെ  കൊടുത്തയയ്ക്കുകയും ചെയ്തു. ഡിജിപി  ടി.പി.സെന്‍കുമാറിന് അയച്ചുകൊടുത്ത ഫയല്‍ ഒരു മണിക്കൂറിനകം അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരികെ വന്നു. അന്നേദിവസം  കേരള ഹൈക്കോടതി ഇക്കാര്യത്തിന് മാത്രമായി പ്രതേ്യക സിറ്റിംഗ് നടത്തുന്നുണ്ടെന്നും അതിലെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചശേഷം മാത്രം തുടര്‍ നടപടി സ്വീകരിക്കുന്നതാണ് ഉത്തമമെന്നും ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നു. ഡിജിപിയുടെ  ഈ നിര്‍ദ്ദേശങ്ങള്‍ സഹിതം താന്‍ അന്നുതന്നെ ഫയല്‍ മടക്കി നല്‍കുകയാണ് ചെയ്തത്. 
     
സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല എന്ന പരാമര്‍ശം വന്നപ്പോള്‍ മാത്രമാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുന്നത്. മേല്‍പറഞ്ഞ ഫയലിലെ ഡിജിപിയുടെ നിര്‍ദ്ദേശങ്ങളും കുറിപ്പുകളും കണ്ടിരുന്നുവെങ്കില്‍, തന്നെക്കുറിച്ച് ഇപ്പോഴുണ്ടായ പരാമര്‍ശം ഉണ്ടാകുകയില്ലായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. എന്നാല്‍ ഡിജിപിയുടെ  നിര്‍ദേശങ്ങള്‍ പ്രസ്തുത ഫയലില്‍ ഇപ്പോള്‍ ലഭ്യമല്ല. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദേ്യാഗസ്ഥരും, മുഖ്യമന്ത്രിയും, മന്ത്രിമാരും മാത്രം കൈകാര്യം ചെയ്ത ഈ ഫയലില്‍ നിന്ന് ഡിജിപിയുടെ നിര്‍ദ്ദേശങ്ങള്‍ എങ്ങനെയാണ് അപ്രത്യക്ഷമാകുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. 
     
പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ ദാരുണമായ വെടിക്കെട്ടപകടത്തോട് അനുബന്ധിച്ച് ഉടന്‍ തന്നെ ജൂഡീഷ്യല്‍ അനേ്വഷണം പ്രഖ്യാപിക്കുകയും, കേസനേ്വഷണം ഉടന്‍ തന്നെ സംസ്ഥാന സി.ബി.സി.ഐ.ഡി.യെ ഏല്‍പ്പിക്കുകയും ചെയ്തു. കൂടാതെ 12.04.2016 മുതല്‍ ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെടുകയും  അനേ്വഷണം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആയിരിക്കുമെന്ന് വിധി പ്രസ്താവിച്ചിട്ടുള്ളതുമാണ്. പുറ്റിങ്ങല്‍ അപകടവുമായി ബന്ധപ്പെട്ട് നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും കാലവിളംബം കൂടാതെ സ്വീകരിച്ചിരുന്നെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com