മാണി പോയതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ്, കാര്യങ്ങള്‍ വ്യക്തമായെന്ന് ഡിസിസി പ്രസിഡന്റ്

രാഷ്ട്രീയ അധികാരമോഹത്തിന്റെ ജാരസന്തതിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം നേടിയ വിജയമെന്ന് കോണ്‍ഗ്രസ്
മാണി പോയതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ്, കാര്യങ്ങള്‍ വ്യക്തമായെന്ന് ഡിസിസി പ്രസിഡന്റ്

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിട്ടുപോയതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ്. രാഷ്ട്രീയ അവ്യക്തത നീങ്ങിയതില്‍ സന്തോഷമുണ്ടെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് പറഞ്ഞു. രാഷ്ട്രീയ അധികാരമോഹത്തിന്റെ ജാരസന്തതിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം നേടിയ വിജയമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കെഎം മാണി യുഡിഎഫ് വിട്ടുപോയിട്ടും പലയിടത്തും പ്രാദേശിക ധാരണകളുമായി മുന്നോട്ടുപോവുകയായിരുന്നു. കോട്ടയം ജില്ലയില്‍ പല തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ ധാരണയുണ്ട്. സിപിഎമ്മിന് ഒപ്പം ചേരാനുള്ള കെഎം മാണിയുടെ തീരുമാനത്തോടെ ഇക്കാര്യത്തിലെ അവ്യക്തത നീങ്ങുകയാണ് ചെയ്തത്. ജില്ലാ പഞ്ചായത്തില്‍ അവര്‍ സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തില്‍ മറ്റു തദ്ദേശ സ്ഥപാനങ്ങളിലെ ധാരണ എങ്ങനെ തുടരണം എന്നകാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്ന് ജോഷി ഫിലിപ് അറിയിച്ചു.

ഒരു മാസം മുമ്പ് കോണ്‍ഗ്രസുമായുണ്ടാക്കിയ എഴുതി തയാറാക്കിയ ധാരണ ലംഘിച്ചാണ് മാണി വിഭാഗം സിപിഎമ്മുമായി ചേരാന്‍ തീരുമാനിച്ചത്. ജോസ് കെ മാണിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ കൂടി പിന്തുണയോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ച ജോസ് കെ മാണി രാജി വയ്ക്കണമെന്ന് ജോഷി ഫിലിപ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com