സര്‍ക്കാര്‍ അയയുന്നു, സെന്‍കുമാറിന്റെ നിയമനത്തില്‍ തീരുമാനം ഇന്ന്

സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഇന്നു ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും
സര്‍ക്കാര്‍ അയയുന്നു, സെന്‍കുമാറിന്റെ നിയമനത്തില്‍ തീരുമാനം ഇന്ന്

തിരുവനനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഇന്നു ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശവും മന്ത്രിസഭ ചര്‍ച്ചചെയ്യും. ഇതിനു ശേഷമായിരിക്കും വിധിയില്‍ വ്യക്തത നേടി സുപ്രിം കോടതിയെ സമീപിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ടിപി സെന്‍കുമാറിനെ നീക്കി ലോക്‌നാഥ് ബെഹറയെ പൊലീസ് മേധാവിയായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദുചെയ്തുകൊണ്ടാണ് കഴിഞ്ഞ 24ന് സുപ്രീം കോടതി ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശങ്കര്‍ റെഡ്ഡിയെ മാറ്റി ജേക്കബ് തോമസിനെ നിയമിക്കാനുള്ള തീരുമാനവും ഈ സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമാണ്. ഉത്തരവ് റദ്ദായതോടെ ബെഹറയുടെയും ജേക്കബ് തോമസിന്റെയും കാര്യത്തില്‍ തുടര്‍ നടപടിയില്‍ അവ്യക്തതയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ലോക്്‌നാഥ് ബെഹറയെ മുന്‍പുണ്ടായിരുന്ന തസ്തികയിലേക്കു മാറ്റണോ, സംസ്ഥാനത്ത് രണ്ട് കേഡര്‍ ഡിജിപി തസ്തികകളാണ് ഉളളതെന്നിരിക്കെ കേഡല്‍ തസ്തികയിലുള്ള ബെഹറയെ നോണ്‍ കേഡര്‍് തസ്തികയിലേക്കു മാറ്റുന്നതിലുള്ള പ്രായോഗിക പ്രശ്‌നം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതത തേടിയാണ് കോടതിയെ സമീപിക്കുന്നതെന്ന് അവര്‍ പറയുന്നു. ഇന്നു കോടതിയെ സമീപിക്കുമെന്നാണ് നേരത്തെ സൂചനകള്‍ വന്നിരുന്നത് എങ്കിലും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം മതിയെന്നാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ധാരണ.

സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി ഉടന്‍ നിയമിക്കണം എന്നായിരുന്നു ഇക്കാര്യത്തില്‍ നിയമ സെക്രട്ടറി സര്‍ക്കാരിനു നല്‍കിയ ഉപദേശം. എന്നാല്‍ അവ്യക്തത തീര്‍ക്കാന്‍ ക്ലാരിഫിക്കേഷന്‍ അപേക്ഷ നല്‍കാമെന്ന് അഡ്വക്കറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് നിയമോപദേശം നല്‍കിയിട്ടുണ്ട്. ഇതു രണ്ടും ഇന്നത്തെ മ്ന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തേക്കും.

അതിനിടെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ അംഗങ്ങളായി നിയമിക്കാന്‍ ടിപി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഇന്നലെ ഗവര്‍ണക്കു കൈമാറി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സെലക്്ഷന്‍ കമ്മിറ്റി ശരിവച്ച പാനല്‍ അംഗീകരിക്കണമെന്ന ശുപാര്‍ശയോടെയാണ് പട്ടിക കൈമാറിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com