മാണിയുമായുള്ള സഹകരണം അഴിമതിയോട് സന്ധിചെയ്യല്‍: കോടിയേരി (2015ല്‍)

മുമ്പ് മാണിക്ക് എതിരെ കോടിയേരി ബാലകൃഷ്ണന്‍ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റിലാണ് വിമര്‍ശകര്‍ കയറി പിടിച്ചിരിക്കുന്നത്
മാണിയുമായുള്ള സഹകരണം അഴിമതിയോട് സന്ധിചെയ്യല്‍: കോടിയേരി (2015ല്‍)

കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിനോടൊപ്പം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് എം മാണി വിഭാഗം അധികാരം പിടിച്ചതിനെതിരെ പലഭാഗത്ത് നിന്ന് വിമര്‍ശനങ്ങളും പരിഹാസങ്ങളും വരികയാണ്. സിപിഎം സംസ്ഥാന നേതൃത്വം മാണിയെ പറ്റി പണ്ട് പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ വിഴുങ്ങി എന്നാണ് പ്രധാന ആക്ഷേപം.സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെയാണ് കനത്ത പരിഹാസങ്ങള്‍ വരുന്നത്. മുമ്പ് മാണിക്ക് എതിരെ കോടിയേരി ബാലകൃഷ്ണന്‍ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റിലാണ് വിമര്‍ശകര്‍ കയറി പിടിച്ചിരിക്കുന്നത്.ജിഎസ്ടി ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി മാണിയെ നിയമിച്ചപ്പോള്‍ അഴിമതിയോട് സന്ധി ചെയ്യാനാണ് ബിജെപി മാണിയുമായി സഹകരിക്കുന്നത് എന്ന തരത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ഒരു പ്രസ്താവന ഫേസ്ബുക്കില്‍ ഇറക്കിയിരുന്നു. അത് ഇങ്ങനെയാണ്: 

മാണി ഗ്രൂപ്പുമായി സഹകരിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്താവന അഴിമതിയുടെ കാര്യത്തിലുള്ള ബിജെപിയുടെ ഇരട്ടമുഖമാണ് വെളിച്ചത്തൂകൊണ്ടുവരുന്നത്.
സ്ഥാനമാനങ്ങള്‍ക്ക് ഏത് അഴിമതിക്കാരനുമായും ചേരുമെന്നാണ് ബിജെപി പറയുന്നത്. മാണിയുമായി ബിജെപി കേന്ദ്രനേതൃത്വത്തിന് രഹസ്യധാരണയുണ്ട്. അഴിമതി ആരോപണം നേരിടുമ്പോഴും ജിഎസ്ടി ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി മാണിയെ നിയമിച്ചത് ഇതിനാലാണ്. രാജിവയ്ക്കുംവരെ മാണിയെ ആ സ്ഥാനത്ത് നിലനിര്‍ത്തി. അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലെത്തി മാണിയുടെ പുസ്തകം പ്രകാശനം ചെയ്തതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. ബാര്‍ കോഴക്കേസില്‍ യുവമോര്‍ച്ച ചെയ്ത സമരം വെറും നാടകം മാത്രമായിരിക്കും. അല്ലെങ്കില്‍ ബിജെപി മോര്‍ച്ചയോട് മാപ്പുപറയണം.
സോളാര്‍ സമരത്തിലും ബിജെപി നേതൃത്വം ഒളിച്ചോടുകയായിരുന്നു. സോളാര്‍ കമീഷനുമുന്നില്‍ തെളിവുനല്‍കാന്‍ ബിജെപി നേതാവ് തയ്യാറാവാത്തത് അതുകൊണ്ടാണ്. ത്രിപുരയില്‍ കോണ്‍ഗ്രസും ബി ജെ പിയും കൈകോര്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ കേരളത്തിലെ ബി ജെ പി നീക്കങ്ങളില്‍ അസ്വഭാവികതയില്ല.

ഈ പോസ്റ്റാണ് ഇപ്പോള്‍ കോടിയേരിക്കും കൂട്ടര്‍ക്കും തലവേദനയായിരിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെല്ലാം ഈ പോസ്റ്റ് ആണ് ആയുധമാക്കിയിരിക്കുന്നത്. ഇതുവരെ കോടിയേരി ബാലകൃഷണന്‍ ഇതിനെ പറ്റി പ്രതികരിച്ചിട്ടുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com