ലീഗിന് ഇതൊന്നും പ്രശ്‌നമല്ല, ഖമറുന്നീസയ്‌ക്കെതിരെ നടപടിയില്ലെന്ന് കെപിഎ മജീദ്
Published: 05th May 2017 03:30 PM |
Last Updated: 05th May 2017 03:41 PM | A+A A- |

ബിജെപി പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം ചെയ്ത വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റിനെതിരെ നടപടിയില്ല. ഖമറുന്നീസ അന്‍വര്‍ നലകിയ മാപ്പപേക്ഷ അംഗീകരിച്ചതായി ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ബിജെപിയെ പ്രശംസിച്ച് ഖമറുന്നീസ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഗൗരവമായി എടുക്കമെന്നായിരുന്നു ഇക്കാര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംഭാവന നല്‍കുന്നതും ഉദ്ഘാടനം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും പാണക്കാട് തങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഖമറുന്നീസയുടെ വീട്ടില്‍ ബിജെപി പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം നടന്നത്. രണ്ടായിരം രൂപ സംഭാവന നല്‍കിയശേഷം ചടങ്ങില്‍ ബിജെപിയെ വാനോളം പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപിക്ക് എല്ലാവിജയങ്ങളും നേരുന്നുവെന്നായിരുന്നു ഖമറുന്നീസയുടെ വാക്കുകള്‍. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ തുടരുന്നതിനിടെയാണ് മാപ്പപേക്ഷ അംഗീകരിക്കാനുള്ള പാര്‍ട്ടി തീരുമാനം