നിയമോപദേശം മാനിച്ചില്ല, നീതിപീഠത്തില്‍നിന്ന് അടി ഇരന്നു വാങ്ങി 

നിയമോപദേശം മാനിച്ചില്ല, നീതിപീഠത്തില്‍നിന്ന് അടി ഇരന്നു വാങ്ങി 

ന്യൂഡല്‍ഹി: ടിപി സെന്‍കുമാര്‍ കേസിലെ വിധി നടപ്പാക്കുന്നതു വൈകിച്ച് വീണ്ടും കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിയമോപദേശം മറികടന്ന് എന്നു സൂചന. കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എത്രയും വേഗം വിധി നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തതാ അപേക്ഷയുമായി കോടതി സമീപിച്ചപ്പോള്‍ സാല്‍വെ സര്‍ക്കാരിനു വേണ്ടി ഹാജരായിരുന്നില്ല.

കോടതി വിധി നടപ്പാക്കുക, അതിനു ശേഷം വ്യക്തതാ അപേക്ഷ നല്‍കുക എന്ന അഭിപ്രായമാണ് സാല്‍വെ സര്‍ക്കാര്‍ അഭിഭാഷകരുമായി പങ്കുവച്ചത് എന്നാണ് അറിയുന്നത്. എന്നാല്‍ ഇതു മറികടന്ന് വിധി നടപ്പാക്കുന്നതിനുള്ള നടപടികള്‍ മരവിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് സുപ്രീം കോടതിയില്‍ നിന്ന് കനത്ത പ്രഹരം ഏറ്റുവാങ്ങുന്നതിന് ഇടയാക്കുകയും ചെയ്തു. ്അതേസമയം നിയമന നടപടികള്‍ മരവിപ്പിക്കണമെന്ന് സുപ്രിം കോടതിയിലെ തന്നെ ചില അഭിഭാഷകര്‍ അഭിപ്രായപ്പെട്ടിരുന്നതായും സൂചനകളുണ്ട്.

സെന്‍കുമാറിനെ എത്രയും വേഗം പൊലീസ് മേധാവി സ്ഥാനത്തു നിയമിക്കുകയാണ് സര്‍ക്കാരിനു മുന്നിലുള്ള പോംവഴിയെന്ന ഉപദേശമാണ് വിധി വന്നതിനു പിന്നാലെ നിയമസെക്രട്ടറി നല്‍കിയിരുന്നത്. എന്നാല്‍ ഇതു പരിഗണിക്കാതെയായിരുന്നു സര്‍ക്കാരിന്റെ നടപടികള്‍.

കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. കോടതി വിധി നടപ്പാക്കുന്നതിന് നടപടിക്രമങ്ങള്‍ തുടങ്ങിയതായും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എന്നാല്‍ അഡ്വക്കറ്റ് ജനറല്‍ എന്തു നിയമോപദേശമാണ് നല്‍കിയത് എ്ന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നില്ല. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം അനുസരിച്ചാണോ വ്യക്തതാ അപേക്ഷയും റിവ്യു പെറ്റിഷനും നല്‍കിയത് എന്ന കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com