സെന്‍കുമാറിനെ മാറ്റിയപ്പോള്‍ ഞങ്ങളാരും അറിഞ്ഞില്ലെന്നു കാനം; തീരുമാനം ആഭ്യന്തരവകുപ്പിന്റേത്; അവധാനതയോടെ ചെയ്താല്‍ കുഴപ്പത്തിലാകുന്നത് ഒഴിവാക്കാം

എല്ലാം ശരിയാണെന്നു പറയാന്‍ പറ്റില്ല. എന്റെ സര്‍ക്കാര്‍ ഇതാണ് ഉദ്ദേശിക്കുന്നതെന്നു കൃത്യമായി അറിയിക്കാന്‍ പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രിക്കു കഴിഞ്ഞില്ല
സെന്‍കുമാറിനെ മാറ്റിയപ്പോള്‍ ഞങ്ങളാരും അറിഞ്ഞില്ലെന്നു കാനം; തീരുമാനം ആഭ്യന്തരവകുപ്പിന്റേത്; അവധാനതയോടെ ചെയ്താല്‍ കുഴപ്പത്തിലാകുന്നത് ഒഴിവാക്കാം

ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തു നിന്നു മാറ്റിയത് ഇടതു സര്‍ക്കാരിന്റെ രാഷ്ട്രീയതീരമാനം ആയിരുന്നില്ലെന്നു കാനം രാജേന്ദ്രന്‍. സമകാലിക മലയാളം വാരികയുടെ ഇന്നു പുറത്തിറങ്ങിയ ലക്കത്തിലുള്ള അഭിമുഖത്തിലാണ് കാനം വിഷയത്തില്‍ മനസ്സു തുറക്കുന്നത്. 

"സെന്‍കുമാറിനെ മാറ്റാനുള്ള തീരുമാനം രാഷ്ട്രീയമായിരുന്നില്ല. അത് ആഭ്യന്തര വകുപ്പിന്റെ മാത്രം തീരുമാനമായിരുന്നു. ഇത്തരം നടപടികളൊക്കെ കുറച്ചുകൂടി അവധാനതയോടു കൂടി കൈകാര്യം ചെയ്താല്‍ സര്‍ക്കാര്‍ അനാവശ്യമായ പ്രതിസന്ധിയിലാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാം." 

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്ന വാചകങ്ങളും അഭിമുഖത്തില്‍ കാനം രാജേന്ദ്രന്‍ പറയുന്നുണ്ട്:

"ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം തന്റെ സര്‍ക്കാരിന്റെ നയം എന്താണെന്ന സന്ദേശം അവരിലേക്ക് (പൊലീസിലേക്കു) പോയാല്‍ പിന്നെ അതു നടപ്പാക്കുന്നുണ്ടോ എന്നു മോനിറ്റര്‍ ചെയ്താല്‍ മാത്രം മതി. എന്നാല്‍ അങ്ങനെയൊരു സന്ദേശം പോയിട്ടുണ്ടോ എന്നു സംശയം ഉണ്ടാക്കുന്ന വിധത്തിലാണ് ഭരണപരമായ കാര്യങ്ങള്‍ ഓരോന്നെടുത്തു പരിശോധിക്കുമ്പോഴത്തെ സ്ഥിതി. എല്ലാം ശരിയാണെന്നു പറയാന്‍ പറ്റില്ല. എന്റെ സര്‍ക്കാര്‍ ഇതാണ് ഉദ്ദേശിക്കുന്നതെന്നു കൃത്യമായി അറിയിക്കാന്‍ പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രിക്കു കഴിഞ്ഞില്ല. ഇപ്പോള്‍ ചില മീറ്റിങ്ങുകളിലൊക്കെ മുഖ്യമന്ത്രി അതു പറയുന്നുണ്ട്. പക്ഷേ, അനുഭവിക്കേണ്ടതൊക്കെ അനുഭവിച്ച്, കേസെല്ലാം എടുത്തുകഴിഞ്ഞ് ഈ മാറ്റം നടപ്പില്‍ വരുമ്പോഴേക്കും സര്‍ക്കാരിനെക്കുറിച്ചു ജനങ്ങളുടെ മനസ്സിലെ പ്രതിച്ഛായയ്ക്കു വലിയ തകരാറ് സംഭവിച്ചിരിക്കും."

നരേന്ദ്രമോദിയോ ഉമ്മന്‍ചാണ്ടിയോ ചെയ്തതുപോലെ ഭരിക്കാനല്ല പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതെന്നും കാനം പറഞ്ഞു. 

"വിവരാവകാശ നിയമത്തിന്റെ കാര്യത്തില്‍ നരേന്ദ്ര മോദിയേയും ഉമ്മന്‍ചാണ്ടിയേയും പോലെ പിണറായി വിജയന്‍ ആകരുത് എന്ന് ഞങ്ങള്‍ക്കു നിര്‍ബന്ധമുണ്ട്. കാരണം, ആ നിയമം ഇടതുപക്ഷത്തിന്റെ സൃഷ്ടിയാണ്. ഒന്നാം യു.പി.എ സര്‍ക്കാരില്‍ ഇടതുപക്ഷത്തിന് സ്വാധീനമുണ്ടായിരുന്ന സന്ദര്‍ഭത്തിലാണ് വിവരാവകാശ നിയമം ഉണ്ടായതും ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഉണ്ടായതും. ആ വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താന്‍ പിന്നീട് മന്‍മോഹന്‍ സിങ് ശ്രമിച്ചപ്പോള്‍ അതിനേതിരേ ഡല്‍ഹിയിലെ ജന്ദര്‍മന്ദിറിലേക്കു ജാഥ നയിച്ചത് അന്നത്തെ സി.പി.ഐ ജനറല്‍ സെക്രട്ടറിയായ എ.ബി ബര്‍ദനും സി.പി.എം ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടുമാണ്. എന്തുകൊണ്ടാണ് ഇവിടെ എല്‍.ഡി.എഫ് അധികാരത്തില്‍ ഇരിക്കുമ്പോള്‍, സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആ നിയമത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അതേ സമീപനം അദ്ദേഹവും സ്വീകരിക്കുന്നു?"

മൂന്നാറില്‍ കുരിശ് നീക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി വേണ്ടത്ര അന്വേഷിക്കാത്തതുകൊണ്ടു പറഞ്ഞതാണ് വിയോജിപ്പുകള്‍ എന്നും കാനം പറയുന്നു:

"നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. അദ്ദേഹം (മുഖ്യമന്ത്രി)  ആ കാര്യങ്ങളൊക്കെ അന്വേഷിക്കാത്തതു കൊണ്ടാണ്. മൂന്നുമാസക്കാലമായി ഈ പ്രക്രിയ നടക്കുകയാണ്. നോട്ടീസ് അയയ്ക്കലും പതിച്ചു നടത്തലും കലക്ടര്‍ അപേക്ഷ കേള്‍ക്കലും എല്ലാം നടന്നു. അതിനു ശേഷം ഇതു സര്‍ക്കാര്‍ ഭൂമിയാണെന്നും പതിച്ചു തരാന്‍ സാധ്യമല്ലെന്നും ഏഴു ദിവസത്തിനകം കുരിശ് പൊളിച്ചു മാറ്റണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയതാണ്. റവന്യു നിയമത്തില്‍ സമ്മറി എവിക് ഷന്‍ എന്ന പ്രൊവിഷനുണ്ട്. അതിന് ഉത്തരവിട്ടാല്‍ പൊലീസുമായി പോയി ഇടിച്ചു പൊളിക്കാം. പക്ഷേ, അതു ചെയ്തില്ല. ഏഴു ദിവസമായിട്ടും അവര്‍
പൊളിച്ചില്ല. പന്ത്രണ്ടാം ദിവസമാണ് സര്‍ക്കാര്‍ പോയി പൊളിച്ചത്. ആ കുരിശിന് ഒരു ത്യാഗത്തിന്റെയും കഥ പറയാനില്ല."

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടകേസില്‍ അമ്മ മഹിജ നടത്തിയ സമരത്തില്‍ ഇടപെടാന്‍ ഉണ്ടായ സാഹചര്യവും ദീര്‍ഘസംഭാഷണത്തില്‍ കാനം വിശദീകരിക്കുന്നുണ്ട്. ഒപ്പം സര്‍ക്കാരുമായി സി.പി.ഐക്കു വിയോജിക്കേണ്ടി വന്ന നാലുകാര്യങ്ങള്‍ അക്കമിട്ടു പറയുകയും ചെയ്യുന്നു. 

(അഭിമുഖത്തിന്റെ പൂര്‍ണരൂപം ഈ ലക്കം സമകാലിക മലയാളം വാരികയില്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com