ഒരു എം.എല്‍.എയുടെ പട്ടയം വ്യാജമാണോ എന്ന് പി.സി ജോര്‍ജ്ജ്; എസ്. രാജേന്ദ്രന്റെ പട്ടയം വ്യാജമെന്ന് മന്ത്രി

പട്ടയം വ്യാജമാണെന്നു കണ്ടെത്തി എസ്. രാജേന്ദ്രന്റെ അപേക്ഷ കലക്ടറും ലാന്‍ഡ് റവന്യു കമ്മിഷണറും തള്ളിയത്
ഒരു എം.എല്‍.എയുടെ പട്ടയം വ്യാജമാണോ എന്ന് പി.സി ജോര്‍ജ്ജ്; എസ്. രാജേന്ദ്രന്റെ പട്ടയം വ്യാജമെന്ന് മന്ത്രി

മൂന്നാറില്‍ ഒരു എം.എല്‍.എയുടെ വീട് ഇരിയ്ക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണോ എന്ന് കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യം നിയമസഭയില്‍ ഉന്നയിച്ചത് പി.സി ജോര്‍ജ്ജ്. അതിനുള്ള മറുപടിയായി എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ വീട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട് എന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ എഴുതി നല്‍കി.

ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡി.ജി.പി നടത്തിയ അന്വേഷണത്തിലാണ് പട്ടയം വ്യാജമാണെന്നു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പട്ടയ നമ്പര്‍ മാറ്റി നല്‍കണം എന്നാവശ്യപ്പെട്ടു രാജേന്ദ്രന്‍ നല്‍കിയ അപേക്ഷ ജില്ലാ കലക്ടറും പിന്നീടു നല്‍കിയ അപ്പീല്‍ അപേക്ഷ ലാന്‍ഡ് റവന്യു കമ്മിഷണറും തള്ളിയതാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പി.സി ജോര്‍ജ്ജിന്റെ ചോദ്യവും അതിനു മന്ത്രി നല്‍കിയ ഉത്തരവും:

പി.സി ജോര്‍ജ്: മൂന്നാറില്‍ ഒരു എം.എല്‍.എയുടെ വീട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുകമോ;  ഇതിനെതിരേ ലാന്‍ഡ് റവന്യു കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉള്ളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

മന്ത്രി ഇ. ചന്ദ്രശേഖരന്‍: മൂന്നാറിലെ പട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച ക്രംബ്രാഞ്ച് എഡിജിപി, എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. ആയത് പ്രകാരം ഇടുക്കി ജില്ലാ കലക്ടര്‍ രാജേന്ദ്രന്റെ പട്ടയരേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള പട്ടയ നമ്പര്‍ തിരുത്തിക്കിട്ടണമെന്ന അപേക്ഷ നമ്പര്‍ സി.4/45257/10 തീയതി 29.10.2011 പ്രകാരം തള്ളിയിട്ടുള്ളതാണ്. ഇതിന് എതിരേ ലാന്‍ഡ് റവന്യു കമ്മിഷണര്‍ മുന്‍പാകെ ഫയല്‍ ചെയ്ത അപ്പീല്‍ പെറ്റീഷന്‍ മേല്‍ വസ്തുതതകളുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ എല്‍.ആര്‍ ജെ3/53305/11 തീയതി  5/1/2015 പ്രകാരം നിരസിച്ചിട്ടുള്ളതാണ്. 

റവന്യു, വിജിലന്‍സ്, ആന്റി കറപ്ഷന്‍ ബ്യൂറോ എന്നിവ സംയുക്തമായി അന്വേഷണം നടത്തുകയാണെന്നും വ്യാജമെന്നു കണ്ടെത്തിയ പട്ടയങ്ങള്‍ റദ്ദാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ നിന്നു പിന്നോക്കം പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മറുപടിയില്‍ ഉണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com