കണ്ണൂരിനെ വിറപ്പിച്ച പുലി കാട്ടുപുലിയല്ല, വീട്ടുപുലി; ഇര തേടാന്‍ മടി, ആടിനെ കൂട്ടുകാരനാക്കി

പുലി വനത്തില്‍ വളര്‍ന്നതായുള്ള ലക്ഷണങ്ങള്‍ ഇല്ലെന്ന് വനംവകുപ്പ് വെറ്റിനറി സര്‍ജന്‍ കെ.ജയകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ പുലിയെ കാട്ടിലേക്ക് മടക്കി അയക്കാന്‍ കഴിയാതെ കുഴയുകയാണ് അധികൃതര്‍
കണ്ണൂരിനെ വിറപ്പിച്ച പുലി കാട്ടുപുലിയല്ല, വീട്ടുപുലി; ഇര തേടാന്‍ മടി, ആടിനെ കൂട്ടുകാരനാക്കി

രണ്ട് മാസം മുന്‍പ് കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച പുലി കാട്ടുപുലിയല്ല, വീട്ടുപുലിയെന്ന് നിഗമനം. വനംവകുപ്പ് വെറ്റിനറി സര്‍ജന്‍ ഇത് വളര്‍ത്തുപുലിയാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

മാര്‍ച്ച് അഞ്ചിന് തായ്‌ത്തൊരു മൊയ്തീന്‍ പള്ളിക്ക് സമീപത്തുവെച്ചാണ് പുലിയെ കണ്ടത്. എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു പുലിയെ പിടിക്കാനായത്. എന്നാല്‍ പുലി വനത്തില്‍ വളര്‍ന്നതായുള്ള ലക്ഷണങ്ങള്‍ ഇല്ലെന്ന് വനംവകുപ്പ് വെറ്റിനറി സര്‍ജന്‍ കെ.ജയകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ പുലിയെ കാട്ടിലേക്ക് മടക്കി അയക്കാന്‍ കഴിയാതെ കുഴയുകയാണ് അധികൃതര്‍.

കണ്ണൂരില്‍ നിന്നും പിടികൂടിയ പുലിയെ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തിരുവനന്തപുരം മൃഗശാലയില്‍ വെച്ച് പുലിക്ക് രണ്ട് മുയലിനേയും ആടിനേയും ജീവനോടെ കഴിക്കാന്‍ നല്‍കിയിരുന്നു. എന്നാല്‍ ഒരു മുയലിനെ കൊന്നതല്ലാതെ അതിനെ ഭക്ഷിച്ചില്ല. ഭക്ഷിക്കാനായി നല്‍കിയ ആടുമായി പുലി ചങ്ങാത്തത്തിലാവുകയും ചെയ്തു. 

കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപം കിടന്ന പുലി ട്രെയിനുകളുടെ ശബ്ദം കേട്ടിട്ടും പേടിച്ചിരുന്നില്ല. കുറ്റിക്കാടിനുള്ളില്‍ പുലി ഒളിച്ചിരുന്ന സമയത്ത് നാട്ടുകാര്‍ ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ചിട്ടും പുലിക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നതും ഈ പുലി വളര്‍ത്തു പുലിയാണെന്ന സൂചന നല്‍കുന്നു. 

പുലി ഇരതേടാന്‍ തയ്യാറാകാത്തതും പുലിയെ വനത്തിലേക്ക് വിടുന്നതിന് തടസമാകുന്നത്. ഷാമ്പു ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പുലിയുടെ ദേഹം വൃത്തിയാക്കിയതിന്റെ സൂചനകളും വെറ്റിനറി ഡോക്ടറിന്റെ റിപ്പോര്‍ട്ടിലുണ്ട്. 

കണ്ണൂരിലെ തന്നെ ഏതെങ്കിലും പ്രമാണിയുടെ വീട്ടില്‍ രഹസ്യമായി വളര്‍ത്തിയിരുന്നതായിരിക്കാം ഈ പുലിയെ എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഏതെങ്കിലും സാഹചര്യത്തില്‍ പുലി ചാടി പോയതായിരിക്കാനാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com