കൊച്ചി: സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി മുഖപ്രസംഗം. കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം ആ പാര്‍ടിയെയും യുഡിഎഫിനെയും വിഷമിപ്പിക്കുന്നതില്‍ അത്ഭുതത്തിന് അവകാശമില്ല. പക്ഷേ ,കോട്ടയത്തെ കോണ്‍ഗ്രസിന്റെ തോല്‍വി ഞങ്ങളുടെ സഹജീവികളില്‍ ഉള്‍പ്പെടെ ചിലകേന്ദ്രങ്ങളില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചതായി കണ്ടു.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍നിന്ന് ഉയര്‍ന്നതിനേക്കാള്‍ വലിയ വിലാപവും മുറവിളിയുമാണ് ഇത്തരം കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായതെന്ന് ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാണിയുടെ കേരള കോണ്‍ഗ്രസിന് വോട്ട് ചെയ്തതിനേയും മുഖപ്രസംഗത്തില്‍ ന്യായീകരിക്കുന്നുണ്ട്. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതായിരുന്നു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനങ്ങളില്‍ ഒന്ന്. അന്നത്തെ നിലപാടിലൂന്നിയ കാര്യം തന്നെയാണ് കോട്ടയത്ത് കണ്ടതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
കോട്ടയം മറയാക്കി സിപിഐ എമ്മിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ കോണ്‍ഗ്രസിന് ജയിക്കാനും കോണ്‍ഗ്രസിനെ ജയിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ വിഫലമായതിന്റെ വികാരപ്രകടനങ്ങള്‍ മാത്രമായേ കാണാനാകൂ. ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുപോയതിന് ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കേണ്ടതുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോയെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
തളരുന്ന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എങ്ങനെയെങ്കിലും താങ്ങിനിര്‍ത്താന്‍ വിവാദങ്ങളിലൂടെ ഊര്‍ജം പകരുന്ന മാധ്യമങ്ങള്‍ ഈയിടെയായി സമനില തെറ്റിയപോലെയാണ് പെരുമാറുന്നതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ