സുധാകരന്റെ കിഫ്ബി പ്രസംഗം: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല
സുധാകരന്റെ കിഫ്ബി പ്രസംഗം: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

 
തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ കിഫ്ബി പ്രസംഗത്തെച്ചൊല്ലി നിയമസഭയില്‍ ബഹളം. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. വിഷയം അടിയന്തര പ്രാധാന്യമുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു.

പ്രതിപക്ഷത്ത് നിന്ന് വിഡി സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. കിഫ്ബിക്കെതിരെ ജി സുധാകരന്‍ നടത്തിയെന്നു റിപ്പോര്‍ട്ടുകള്‍ വന്ന പ്രസംഗത്തിന്റെ സിഡിയും സതീശന്‍ സഭയില്‍ വച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്നും ആദ്യ സബ്മിഷനായി വിഷയം പരിഗണിക്കാമെന്നും പി. ശ്രീരാമകൃഷ്ണന്‍ സഭയെ അറിയിച്ചു. പ്രധാന്യമില്ലാത്ത വിഷയങ്ങള്‍ ചട്ടം ലംഘിച്ച് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ അവകാശം സ്പീക്കര്‍ സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൂട്ടുത്തരവാദിത്തം നഷ്ടപ്പെടത് സംബന്ധിച്ച വിഷയം സഭയിലല്ലാതെ എവിടെയാണ് പറയേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട വിഷയത്തില്‍ സ്പീക്കര്‍ എന്തിനാണ് കക്ഷി ചേരുന്നത്. ഇതില്‍ സ്പീക്കര്‍ക്ക് എന്താണ് കാര്യമെന്നും ചെന്നിത്തല ചോദിച്ചു. കിഫ്ബിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍ സഭയില്‍ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍, ധനമന്ത്രി തോമസ് ഐസകിന്റെ ആശയമായ കിഫ്ബിയെ സുധാകരന്‍ പരിഹസിച്ചതായാണ് വാര്‍ത്തകള്‍ വന്നത്. ബജറ്റില്‍ പണം അനുവദിക്കാതെ കിഫ്ബി വഴി പദ്ധതികള്‍ നടപ്പാക്കുന്നതിന് എതിരെയായിരുന്നു സുധാകരന്റെ പരാമര്‍ശങ്ങള്‍. എന്നാല്‍ കിഫ്ബിക്കെതിരെ പ്രസംഗിച്ചിട്ടില്ലെന്നും മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നുമാണ് സുധാകരന്‍ പ്രതികരിച്ചത്. സുധാകരന്റെ പ്രസംഗത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ നോ കമന്റ്‌സ് എന്നായിരുന്നു മന്ത്രി തോമസ് ഐസകിന്റെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com