കൈയേറ്റ വിവാദം കൊഴുക്കട്ടെ, ഇടുക്കിയിലെ തേയില കര്‍ഷകരുടെ ഈ അവസ്ഥ കൂടി കാണണം നേതാക്കള്‍

കിലോയ്ക്കു രണ്ടു രൂപയ്ക്കു പോലും തേയില വാങ്ങാന്‍ ആളില്ലന്ന് കര്‍ഷകര്‍ പറയുന്നു
കൈയേറ്റ വിവാദം കൊഴുക്കട്ടെ, ഇടുക്കിയിലെ തേയില കര്‍ഷകരുടെ ഈ അവസ്ഥ കൂടി കാണണം നേതാക്കള്‍

മൂന്നാര്‍: ഭൂമി കൈയേറ്റങ്ങളും അതൊഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദവും കൊടുമ്പിരിക്കൊള്ളുമ്പോള്‍ അനുദിനം ദുരിതത്തിലേക്കു നീങ്ങുകയാണ് ഇടുക്കിയിലെ ചെറുകിട തേയില കര്‍ഷകര്‍. ഫാക്ടറികള്‍ തേയില വാങ്ങാതായതോടെ ചെടികള്‍ വെട്ടിനശിപ്പിക്കുകയാണ് കര്‍ഷകര്‍ പലയിടത്തും. കിലോയ്ക്കു രണ്ടു രൂപയ്ക്കു പോലും തേയില വാങ്ങാന്‍ ആളില്ലന്ന് കര്‍ഷകര്‍ പറയുന്നു. കൈയേറ്റ വിവാദം കൊഴുക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ ആരും ഇക്കാര്യത്തില്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ ഉന്നയിക്കുന്നു.

കുറച്ചു ദിവസം മുമ്പു വരെ കുറഞ്ഞ വിലയ്ക്കാണെങ്കിലും ഫാക്ടറികള്‍ കര്‍ഷകരില്‍നിന്ന് തേയില വാങ്ങിയിരുന്നു. ഫെബ്രുവരി മാര്‍ച്ച് കാലയളവില്‍ കിലോയ്ക്ക് 21 രൂപ കിട്ടിയിരുന്ന തേയിലയ്ക്ക് അഞ്ചു രൂപയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കിട്ടിയത്. പച്ചക്കൊളുന്തിന് ആവശ്യം കുറഞ്ഞതോടെ സ്വന്തം തോട്ടത്തില്‍നിന്നുള്ള തേയില മാത്രം ഉപയോഗിച്ചാണ് ഫാക്ടറികളുടെ ഉത്പാദനം. ഇതോടെ കിലോയ്ക്കു രണ്ടു രൂപയ്ക്കുപോലും തേയില വിറ്റുപോവുന്നില്ലൊണ് ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍ പറയുന്നത്.

കുറഞ്ഞത് കിലോയ്ക്ക് 120 രൂപയാണ് തേയിലപ്പൊടിക്ക് വിപണിയില്‍ വില. നാലര കിലോ ഇലയുണ്ടെങ്കില്‍ ഒരു കിലോ തേയിലപ്പൊലി ഉണ്ടാക്കാനാവും. വിപിണി വില ഇതായിരിക്കെയാണ് രണ്ടു രൂപ പോലും കിട്ടാതെ കര്‍ഷകര്‍ തേയിലച്ചെടികള്‍ വെട്ടിക്കളയേണ്ടി വരുന്നത്. സമയത്ത് ഇല നുള്ളിയില്ലെങ്കില്‍ വെട്ടിനശിപ്പിക്കുകയല്ലാതെ മാര്‍ഗമില്ല. അതിനും കര്‍ഷകര്‍ സ്വന്തം കൈയില്‍നിന്ന് പണം മുടക്കേണ്ട അവസ്ഥയാണെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.

അന്‍പതു സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെയുള്ള സ്ഥലത്ത് കൃഷിചെയ്യുന്നവരെയാണ് ചെറുകിട തേയില കര്‍ഷകരാണ് പരിഗണിക്കുന്നത്. ഇത്തരത്തില്‍ 12,700 കര്‍ഷകര്‍ ഇടുക്കി ജില്ലയില്‍ ഉണ്ടെന്നാണ് കണക്ക്. പീരുമേട്, ഉപ്പുതറ, വാഗമണ്‍, പുള്ളിക്കാനം, ആനച്ചാല്‍, തോപ്രാംകുടി തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ ഗണത്തില്‍ പെട്ട കര്‍ഷകര്‍ കൂടുതലുള്ളത്. ഇവരില്‍നിന്ന് ഏജന്റുമാര്‍ മുഖേനയാണ് ഫാക്ടറികള്‍ കൊളുന്തു വാങ്ങുന്നത്. രണ്ടു ദിവസമായി ഏജന്റുമാര്‍ തേയിലയെടുക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഭൂമി കൈയേറ്റത്തെച്ചൊല്ലി ഇടുക്കി രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമായി മാറുമ്പോഴും ഈ കര്‍ഷകരുടെ പ്രശനങ്ങളില്‍ ഒരു രാഷ്ട്രീയകക്ഷിയും ഇടപെട്ടിട്ടില്ല. കൈയെറ്റ ഒഴിപ്പിക്കലിന്റെ ഭാഗമായ പ്രക്ഷോഭങ്ങളെ എതിര്‍ത്തും അനുകൂലിച്ചും ഇടുക്കിയില്‍ നിരന്തരമായി സന്ദര്‍ശനം നടത്തുന്ന രാഷ്ട്രീയനേതാക്കള്‍ ആരും തങ്ങളുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com