ഞങ്ങളെല്ലാം പുറത്തിരിക്കുമ്പോള്‍ പുസ്തകങ്ങള്‍ക്ക് അകത്തായിരുന്നു അവന്‍

അന്തരിച്ച നാടക, ചലച്ചിത്ര പ്രവര്‍ത്തകന്‍ എവി ശശിധരനെ സംവിധായകന്‍ പ്രിയനന്ദനന്‍ ഓര്‍ക്കുന്നു
ഫോട്ടോ കടപ്പാട്:  ഇമ ബാബു/ ഫെയ്‌സ്ബുക്ക്
ഫോട്ടോ കടപ്പാട്: ഇമ ബാബു/ ഫെയ്‌സ്ബുക്ക്

(അന്തരിച്ച നാടക, ചലച്ചിത്ര പ്രവര്‍ത്തകന്‍ എവി ശശിധരനെ സംവിധായകന്‍ പ്രിയനന്ദനന്‍ ഓര്‍ക്കുന്നു)

ഞങ്ങളെല്ലാം സാഹിത്യ അക്കാദമി വളപ്പിലെ മരത്തണലില്‍ സംസാരിച്ചിരിക്കുമ്പോള്‍ അക്കാദമി പുസ്തകശാലയ്ക്ക് അകത്തായിരുന്നു അവന്‍. പുസ്തകങ്ങളുമായി ആയിരുന്നു അവന്റെ സംവാദം. വായിക്കുന്നവരെയും നന്നായി വായിക്കുന്നവരെയുമൊക്കെ നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. എന്നാല്‍ വായനയിലേക്കുള്ള, ഗൗരവമായ വായനയിലേക്കുള്ള ശശിധരന്റെ പരിണാമം അദ്ഭുതപ്പെടുത്തുന്നതായിരുന്നു.

ജോയ് മാത്യുവിന്റെ സങ്കടക്കടല്‍ വേദിയിലവതരിപ്പിക്കുന്ന കാലത്താണ് ശശിധരന്‍ എന്നോടൊപ്പം ചേരുന്നത്. സാധാരണ നമ്മളെല്ലാം കാണുന്ന പോലുള്ള ഒരു നാട്ടുമ്പുറത്തുകാരന്‍. ഗൗരവമുള്ള ചിന്തയോ രാഷ്ട്രീയ ബോധമോ അത്രയൊന്നും പ്രകടിപ്പിക്കാത്ത ഒരാള്‍. കൊമേഴ്‌സ്യല്‍ നാടകപ്രവര്‍ത്തനവും രാഷ്ട്രീയവുമൊക്കെയായി നടന്ന അങ്ങനെയൊരാള്‍ക്കു കലയുടെയും സൗഹൃദത്തിന്റെയും വേറൊരു ലോകത്തെത്തിയ ശേഷമുള്ള മാറ്റം വിസ്മയിപ്പിച്ചിട്ടുണ്ട്. 

നമ്മുടെ ഈ കാലത്ത് ഇത്ര ഗൗരവത്തോടെ പുസ്തകങ്ങളെ സമീപിക്കുന്നയാളെ അധികമൊന്നും കണ്ടിട്ടില്ല, ഞാന്‍. പുസ്തകങ്ങളില്‍നിന്നും സൗഹൃദങ്ങളില്‍നിന്നും ഉന്നതമായ രാഷ്്ട്രീയബോധ്യങ്ങളിലേക്ക് എത്തുകയായിരുന്നു ശശിധരന്‍. ലോകത്തെ തന്നെ വലിയ എഴുത്തുകാരുടെ രചനകളുടെ വായനയിലൂടെ സ്വന്തമായി ഒരു ബൗദ്ധികതലം ആര്‍ജിച്ചെടുത്തു അവന്‍. ചങ്ങാത്തങ്ങളും ചങ്ങാത്ത സദസുകളിലെ ചര്‍ച്ചകളുമെല്ലാം അതിനു പശ്ചാത്തലമൊരുക്കിയെന്നു പറയാം. 

ഒളിപ്പോര് എന്ന അവന്റെ ആദ്യ സിനിമയെ വിലയിരുത്താനോ നിരൂപിക്കാനോ ഞാന്‍ മുതിരുന്നില്ല. ആദ്യസിനിമയുടേതായ പിഴവുകള്‍ അതിനുണ്ടാവാം. അവന്റെ ഉള്ളില്‍ വേറെ സിനിമ, ഗൗരവമുള്ള സിനിമ ഉണ്ടായിരുന്നെന്നും എനിക്കറിയാം. അവന്‍ ചെയ്ത ഡോക്യുമെന്ററികളില്‍ അതുണ്ട്. ഉന്നതമായ ബോധ്യങ്ങളും ഒരുപടി മുന്നില്‍നിന്ന സമീപനങ്ങളുമുണ്ട് അവയില്‍. 

സങ്കടക്കടലില്‍ തുടങ്ങി പിന്നീടു തീയറ്ററിലും സിനിമയിലുമൊക്കെ കൂടെയുണ്ടായിരുന്നു അവന്‍. അഷ്ടമൂര്‍ത്തി കഥകള്‍, നെയ്ത്തുകാരന്‍, പുലിജന്മം ഇവയിലൊക്കെ സഹായിയായി. ഒപ്പം സൗഹൃദങ്ങളില്‍ സജീവമായി. ചുറ്റുമുളളവരോട് ഒപ്പം ചേര്‍ന്ന്, സമൂഹത്തോട ഇടപഴി, അങ്ങനെയൊക്കെയാണ് അവനുണ്ടായത്. അങ്ങനെയൊക്കെത്തന്നെയായിരുന്നു അവന്‍.

(പ്രിയനന്ദനനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com