ബെഹ്‌റയുടെ ഉത്തരവുകള്‍ പിന്‍വലിച്ച് സെന്‍കുമാര്‍ പണി തുടങ്ങി; "നിരീക്ഷകരായി" സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ കാഴ്ചക്കാര്‍

ബെഹ്‌റ ഇറക്കിയ ചില വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചതിന് പുറമെ ഈ ഉത്തരവുകളില്‍ അന്വേഷണവും സെന്‍കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബെഹ്‌റയുടെ ഉത്തരവുകള്‍ പിന്‍വലിച്ച് സെന്‍കുമാര്‍ പണി തുടങ്ങി; "നിരീക്ഷകരായി" സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ കാഴ്ചക്കാര്‍

തിരുവനന്തപുരം: പൊലീസ് മേധാവിയെ നിരീക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെ വരെ കാഴ്ചക്കാരാക്കി സെന്‍കുമാര്‍ ജോലി ആരംഭിച്ചു. പൊലീസ് മേധാവി ആയിരിക്കെ ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ചില വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചതിന് പുറമെ ഈ ഉത്തരവുകളില്‍ അന്വേഷണവും പ്രഖ്യാപിച്ചാണ് സെന്‍കുമാര്‍ തന്റെ വരവറിയിക്കുന്നത്.

ഹെഡ്‌കോര്‍ട്ടേഴ്‌സ് എഐജിയായിരുന്നു പൊലീസ് മേധാവി ഫയലില്‍ ഒപ്പിട്ട ഉത്തരുവുകള്‍ പുറത്തിറക്കുന്നത്. സെന്‍കുമാര്‍ വരുന്നതിന് തൊട്ടുമുന്‍പ് ഹെഡ്‌കോര്‍ട്ടേഴ്‌സ് എഐജി, ഡിഐജി, ഐജി, എഡിജിപി എന്നിവരെ സര്‍ക്കാര്‍ മാറ്റുകയും തങ്ങളുടെ വിശ്വസ്തരെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സെന്‍കുമാറിന്റെ ഉത്തരവുകള്‍ പുറത്തിറങ്ങിയതിന് ശേഷം മാത്രമാണ് ഇവരെല്ലാം കാണുന്നത്.

പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്‍പ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ബ്രൗണ്‍ പെയിന്റ് അടിക്കണമെന്നായിരുന്നു ബെഹ്‌റയുടെ ഒരു ഉത്തരവ്. ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് പിന്‍വലിച്ചാണ്‍ സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ എഐജി ഹരിശങ്കറിനാണ് അന്വേഷണ ചുമതല. 

പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിലെ മേധാവിയെ മാറ്റിയതായിരുന്നു സെന്‍കുമാറിന്റെ മറ്റൊരു പ്രധാനപ്പെട്ട നടപടി. അതീവ രഹസ്യമേഖലയായ ടീ ബ്രാഞ്ച് മേധാവിയായിരുന്ന ജൂനിയര്‍ സൂപ്രണ്ട് കുമാരി ബിനയെ മാറ്റിയാണ് സെന്‍കുമാര്‍ ഉത്തരവിറക്കിയത്. അപ്രധാന ബ്രാഞ്ചിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. തുടര്‍ന്ന് ഈ സ്ഥാനത്ത് എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ്.സജീവ് ചന്ദ്രനെ നിയമിച്ചെങ്കിലും അദ്ധേഹം ചുമതലയേല്‍ക്കാന്‍ തയ്യാറായില്ല. എന്നാല്‍ അന്നു തന്നെ പേരൂര്‍ക്കട എസ്എസ്പിയിലെ ജൂനിയര്‍ സുപ്രണ്ട് സുരേഷ് കൃഷ്ണയെ ഈ സ്ഥാനത്ത് നിയമിച്ചുകൊണ്ട് സെന്‍കുമാര്‍ വീണ്ടും ഉത്തരവിറക്കി. എന്നാല്‍ ടി ബ്രാഞ്ച് മേധാവിയെ മാറ്റിയതില്‍ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തിയുണ്ട്‌

അച്ചടക്ക നടപടിയുടെ പേരില്‍ ഐജി സുരേഷ് രാജ് പുരോഹിത് എസ്എപിയിലേക്ക് മാറ്റിയ ഉദ്യോഗസ്ഥനാണ് സുരേഷ് കൃഷ്ണ. ചില രഹസ്യ ഫയലുകളുടെ പകര്‍പ്പ് എടുത്തതിനെ തുടര്‍ന്നായിരുന്നു ഐജി സുരേഷ് കൃഷ്ണയ്‌ക്കെതിരെ നടപടി എടുത്തതെന്നും ആരോപണമുണ്ട്.

പൂറ്റിങ്ങല്‍ അപകടം, ജിഷ കേസ് എന്നിവ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ആരോ സമീപിച്ചെന്നും, ഇതിന് മറുപടി നല്‍കിയില്ലെന്നും ആരോപിച്ചാണ് ടി ബ്രാഞ്ച് മേധാവിയെ സെന്‍കുമാര്‍ മാറ്റിയത്. എന്നാല്‍ ടി ബ്രാഞ്ചിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം പോലും ലഭ്യമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com