ഞങ്ങടെ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം; മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ എഴുതുന്നു

പ്രകീര്‍ത്തിച്ചാലും പ്രകീര്‍ത്തിച്ചാലും മതിയാവാത്ത ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയായ ഞങ്ങടെ പ്രിന്‍സിപ്പാലിനു ഒരു സില്ലി ആയുധ കഥ മെനയാലൊക്കെ എത്രയോ സിമ്പിള്‍ ആണ്
ഞങ്ങടെ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം; മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ എഴുതുന്നു

മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. ഇത് തങ്ങളെ പുറത്താക്കുവാനുള്ള പ്രിന്‍സിപ്പാളിന്റെ നാടകമാണെന്നു വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
പിന്നെ , ഒരു കോളേജ് പ്രിന്‍സിപ്പാള്‍ കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുവാന്‍ വടിക്കഷ്ണങ്ങള്‍ എടുത്തു പൊതിഞ്ഞു വെക്കുവാന്‍ മാത്രം തരംതാഴുമോ ?
വാര്‍ത്ത കേള്‍ക്കുന്ന ഏതൊരു വ്യക്തിക്കും തോന്നാവുന്ന ഒരു സംശയമാണിത്.
എന്നാല്‍ വനിതാദിന സന്ദേശമായി പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മുഖത്തുനോക്കി സംസാരിക്കരുതെന്നു സ്‌റ്റേജില്‍ കയറി പ്രസംഗിച്ച മാതൃസ്‌നേഹത്തിന്റെ പ്രതീകമായ ഞങ്ങടെ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
അടുത്ത കലോത്സവത്തില്‍ പങ്കെടുക്കില്ലെന്നു നിങ്ങള്‍ എഴുതി ഒപ്പിട്ടു തന്നാല്‍ ഈ വര്‍ഷത്തെ കലോത്സവത്തിന്റെ അറ്റന്റന്‍സ്
തരാമെന്നു പറഞ്ഞ ഉദാരമതിയായ ഞങ്ങടെ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ചൂടുപറ്റുവാനാണ് കോളേജില്‍ വരുന്നതെന്ന് ക്ലാസ്സില്‍ കയറി പെണ്‍കുട്ടികളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി പറഞ്ഞ ഫെമിനിസ്റ്റായ ഞങ്ങടെ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
ന്യായമായി ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്ത്രീ പീഡനത്തിന് കേസ് കൊടുക്കുകയും വനിതാ കമ്മീഷനില്‍ പരാതിപ്പെടുകയും ചെയ്തു വിദ്യാര്‍ത്ഥികളുടെ ഭാവി ശോഭനമാക്കുന്ന ഞങ്ങടെ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
ക്യാമ്പസ് തലത്തില്‍ തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ പോലീസ് കേസുകളില്‍ കൊണ്ടെത്തിച്ചും വ്യക്തി വൈരാഗ്യമുള്ളവരെ തിരഞ്ഞുപിടിച്ചു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കള്ളക്കേസില്‍ കുടുക്കി നല്ലനടപ്പു കാട്ടിത്തരുന്ന പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
കലോത്സവത്തിന് പോകാന്‍ പണമില്ലാതെ ബക്കറ്റ് പിരിവിനിറങ്ങിയ വിദ്യാര്‍ത്ഥികളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഗുണ്ടാ പിരിവുകാരെന്നു പറഞ്ഞു അനുമോദിച്ച പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം. 
സഹായമഭ്യര്‍ത്ഥിച്ചു കോളേജിലെത്തുന്ന അശരണര്‍ക്കു വേണ്ടി പിരിവുനടത്തിയ വിദ്യാര്‍ത്ഥികളെ തെണ്ടിപ്പിള്ളേരെന്നു വിളിച്ചഭിനന്ദിച്ച പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
പ്രായപരിധി വിഷയത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വന്തമായി നിലപാടെടുത്തു സമരം ചെയ്തവര്‍ക്ക് ഹോസ്റ്റല്‍ അടപ്പിച്ചു തെരുവിലിറങ്ങാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി കൊടുത്ത പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
െ്രെപവറ്റ് ഹോസ്റ്റലില്‍ താമസിക്കാന്‍ പണമില്ലെങ്കില്‍ റോഡില്‍ പാ വിരിച്ചു കിടക്കാന്‍ ബുദ്ധി ഉപദേശിച്ച മാര്‍ഗ ദര്‍ശിയായ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
അട്ടപ്പാടിയില്‍ നിന്നും ഇടമലക്കുടിയില്‍ നിന്നും വന്നെത്തിയ നിര്‍ധനരായ ആദിവാസി വിദ്യാര്‍ത്ഥികള്‍ പഠിത്തം നിര്‍ത്തിയിട്ടും മനസലിയാതെ പോയ കാരുണ്യ നിധിയായ ഞങ്ങടെ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
ഹാള്‍ ടിക്കറ്റ് വന്നിട്ടും മതിയായ അറ്റന്റന്‍സില്ലന്നു പറഞ്ഞു അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതുവാന്‍ അനുവദിക്കാതിരുന്ന നിയമപാലകയായ ഞങ്ങടെ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
ചര്‍ച്ചക്ക് കയറി ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉത്തരം മുട്ടുമ്പോള്‍ പുച്ഛഭാവത്തില്‍ മുഖം കുമ്പിട്ടു ഡെസ്‌കില്‍ ചൊറിയുന്ന ഉത്തരവാദിത്വ ബോധമുള്ള ഞങ്ങടെ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
സ്വന്തം സഹപ്രവര്‍ത്തകയെ കുടുക്കുവാന്‍ ഒരു വിദ്യാര്‍ത്ഥിയെ കരുവാക്കി ഊമക്കത്തും ആത്മഹത്യ ഭീഷണിയുമടക്കം തിരക്കഥയെഴുതി സംവിധാനം ചെയ്ത ബുദ്ധിമതിയായ ഞങ്ങടെ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
ഊമക്കത്തിലും ആത്മഹത്യ ഭീഷണിയിലും കഴമ്പില്ലെന്ന് അതെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും എഴുതി ഒപ്പിട്ടു തന്ന കത്തില്‍ ബലപ്രയോഗത്തിലൂടെ ഒപ്പിട്ടു വാങ്ങിയതാണെന്നു എഴുതി ചേര്‍ത്ത മഹാമനസ്‌കയായ ഞങ്ങടെ പ്രിസിപ്പാളിനെ നിങ്ങള്‍ അറിയണം.
കോളേജിന് മുകളിലേക്ക് ഒടിഞ്ഞു വീണ മരം കുട്ടികളുടെ ജീവന് ഭീഷണിയായപ്പോള്‍ നിലനില്‍പ്പിനായി സമരം ചെയ്യാന്‍ പഠിപ്പിച്ച വിപ്ലവകാരിയായ ഞങ്ങടെ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കാന്‍ തണല്‍ ഒരുക്കിയെന്ന കുറ്റത്തിന് മരത്തിനു വധശിക്ഷ വിധിച്ച നീതിപതിയായ ഞങ്ങടെ പ്രിന്‍സിപ്പാളിനെ നിങ്ങള്‍ അറിയണം.
ഇങ്ങനെ പ്രകീര്‍ത്തിച്ചാലും പ്രകീര്‍ത്തിച്ചാലും മതിയാവാത്ത ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയായ ഞങ്ങടെ പ്രിന്‍സിപ്പാലിനു ഒരു സില്ലി ആയുധ കഥ മെനയാലൊക്കെ എത്രയോ സിമ്പിള്‍ ആണ്.

(മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ ദിനേശ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com