ട്രാന്‍സ്ജന്‍ഡേഴ്‌സിന് ജോലി നല്‍കി കൊച്ചി മെട്രോ, ഈ മാതൃക മറ്റുള്ളവര്‍ക്കും പാഠമാകട്ടെ

പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമായിരിക്കും തൊഴിലാളികളെ തെരഞ്ഞെടുക്കുക - തെരഞ്ഞെടുക്കപ്പെടുന്നവകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും - വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചാകും ജോലി ലഭിക്കുക
ട്രാന്‍സ്ജന്‍ഡേഴ്‌സിന് ജോലി നല്‍കി കൊച്ചി മെട്രോ, ഈ മാതൃക മറ്റുള്ളവര്‍ക്കും പാഠമാകട്ടെ

കൊച്ചി: കൊച്ചി മെട്രോ ഓടിത്തുടങ്ങുന്നതിനുമുമ്പെ ചരിത്രമായി. ലിംഗസമത്വത്തിന്റെ പെരുമ വിളിച്ചോതിയാണ് ആദ്യഘട്ടത്തില്‍ കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 23 പേര്‍ക്ക് ജോലി നല്‍കിക്കൊണ്ടുള്ള തീരുമാനം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക്  ജോലി നല്‍കുമെന്ന് നേരത്തേ തന്നെ കെഎംആര്‍എല്‍  അഭിപ്രായപ്പെട്ടിരുന്നു. കുടുംബശ്രീ വഴിയാണ്  കൊച്ചി മെട്രോയിലേക്ക് 530 തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത്. ഇവര്‍ക്കൊപ്പമായിരിക്കും ഇവരും ജോലി ചെയ്യുക. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ മുതല്‍ ഹൗസ് കീപ്പിംഗ് വരെയായിരിക്കും ഇവരുടെ ജോലി. 

പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമായിരിക്കും തൊഴിലാളികളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചാകും ജോലി ലഭിക്കുക. വിദ്യാഭ്യാസ യോഗ്യത കൂടുതലുള്ളവര്‍ക്ക് ടിക്കറ്റ് കൗണ്ടറിലും ബാക്കിയുള്ളവര്‍ക്ക് ഹൗസ് കീപ്പിംഗ് വിഭാഗത്തിലുമാണ് ജോലി നല്‍കുക. തൊഴിലാളികളായ സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ക്കിടയില്‍ യാതൊരു വിവേചനവും ഉണ്ടാകില്ലെന്നും ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു. 

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവുമായി നേരിട്ടുള്ള ഇടപാടുകള്‍ ഉണ്ടായാലേ ഇവരെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വരൂ, ട്രാന്‍സ്‌ജെന്‍ഡറുമാരെ ജോലിയ്‌ക്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണു കൊച്ചി മെട്രോ. കേരളത്തിലെ മറ്റു സ്ഥാപനങ്ങളും ട്രാന്‍ജെന്‍ഡര്‍മാര്‍ക്കു തൊഴിലവസരങ്ങള്‍ കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഏലിയാസ് ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു

കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി ലഭിച്ചത് ഈ ആഴ്ചയാണ്. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യഘട്ടം മെട്രോ ഓടുക.  ചെന്നൈ, ബംഗളൂരു മെട്രോ സ്‌റ്റേഷനുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കൊച്ചിയിലെ സ്‌റ്റേഷനെന്നും സുരക്ഷാ കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു. മെട്രോയുടെ ഉദ്ഘാടനം ഈ മാസം അവസാനം പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com