പെമ്പിളൈ ഒരുമൈ എംഎം മണിക്കെതിരായ സമരം അവസാനിപ്പിച്ചു

എംഎം മണിയുടെ വിവാദമായ ഇരുപതേക്കര്‍ പ്രസംഗത്തിനു പിന്നാലെയാണ് പെമ്പിളൈ ഒരുമയിലെ ഒരു വിഭാഗം നേതാക്കള്‍ മൂന്നാറില്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്.
പെമ്പിളൈ ഒരുമൈ എംഎം മണിക്കെതിരായ സമരം അവസാനിപ്പിച്ചു

മൂന്നാര്‍: മൂന്നാറില്‍ മന്ത്രി എംഎം മണിക്കെതിരെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മഹിളാ കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് സമരം അവസാനിപ്പിച്ചുകൊണ്ടുളള പ്രഖ്യാപനമുണ്ടായത്. ഇരുപതു ദിവസമാണ് സമരം നീണ്ടുനിന്നത്.

എംഎം മണിയുടെ വിവാദമായ ഇരുപതേക്കര്‍ പ്രസംഗത്തിനു പിന്നാലെയാണ് പെമ്പിളൈ ഒരുമയിലെ ഒരു വിഭാഗം നേതാക്കള്‍ മൂന്നാറില്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്. പെമ്പിളൈ ഒരുമൈയില്‍നിന്ന ഇടക്കാലത്തു സിപിഎമ്മിലേക്കു പോയി തിരിച്ചെത്തിയ ഗോമതിയുടെ നേതൃത്വത്തില്‍ ആയിരുന്നു സമരം. ആംആദ്മി പാര്‍ട്ടി തുടക്കത്തില്‍ തന്നെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. എഎപി നേതാവ് സിആര്‍ നീലകണ്ഠന്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കൊപ്പം നിരാഹാരമിരിക്കുകയും ചെയ്തു. 

എംഎം മണി രാജിവയ്ക്കണം, മൂന്നാറിലെത്തി സ്ത്രീകളോടു മാപ്പു പറയണം എന്നിവയായിരുന്നു തുടക്കത്തില്‍ സമരത്തിലെ ആവശ്യങ്ങള്‍. അതിനിടെ മണിയുടെ പ്രസംഗം എഡിറ്റ് ചെയ്തതാണെന്നും അതില്‍ സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഇല്ലെന്നും വാദങ്ങള്‍ ഉയര്‍ന്നു. മണി നിയമസഭയില്‍ ഈ നിലപാടാണ് സ്വീകരിച്ചത്. ഇതിനിടെ സമരത്തിന് പിന്തുണ അറിയിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മൂന്നാറിലെത്തി. എന്നാല്‍ പെമ്പിളൈ ഒരുമയുടെ കൂടുതല്‍ പ്രവര്‍ത്തകരെയോ പിന്തുണ അറിയിച്ച കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെയോ സമരത്തിനെത്തിക്കാനായില്ല. ഗോമതിയുടെ നേതൃത്വത്തിലുള്ള സമരത്തെ തള്ളിപ്പറഞ്ഞ് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി രംഗത്തുവരികയും ചെയ്തു.

ജനപിന്തുണ ലഭിക്കാതാവുകയും മാധ്യമ ശ്രദ്ധ ഇല്ലാതാവുകയും ചെയ്തതോടെ എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരുര ഘട്ടത്തില്‍ എംഎം മണി മൂന്നാറിലെത്തി മാപ്പു പറയണമെന്ന ആവശ്യം ഉപേക്ഷിക്കുന്നതായി സമരക്കാര്‍ അറിയിച്ചു. അനാരോഗ്യത്തെത്തുടര്‍ന്ന് സിആര്‍ നീലകണ്ഠന്‍ സമരം അവസാനിപ്പിച്ചു. ഗോമതിയെയും കൂട്ടരെയും പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്കു നീക്കിയെങ്കിലും അന്നു തന്നെ അവര്‍ സമരപ്പന്തലില്‍ എത്തി സമരം തുടര്‍ന്നു. എന്നാല്‍ നാടകീയമായി നിരാഹാരം അവസാനിപ്പിച്ച അവര്‍ റിലേ സത്യഗ്രഹം തുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. 

മണിക്കെതിരെയല്ല, ഭൂസമരമാണ് മൂന്നാറില്‍ നടത്തുന്നതെന്ന് ഇടയ്ക്കു വച്ച് പെമ്പിളൈ ഒരുമയും ആംആദ്മി പാര്‍ട്ടിയും വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഭൂസമരം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് ഇപ്പോള്‍ സമരം അവസാനിപ്പിച്ചിരിക്കുന്നതും.

മണിയുടെ പ്രസംഗത്തിന്റെ പേരില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണ് എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഏതാനും മാധ്യമപ്രവര്‍ത്തകര്‍ സമരക്കാര്‍ക്കു പ്രോത്സാഹനമായി നില്‍ക്കുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നത്. പ്രസംഗം സ്ത്രീവിരുദ്ധമാണെന്ന വാദം ദുര്‍ബലപ്പെട്ടതോടെ ഇവര്‍ മുങ്ങിയെന്നും സമരക്കാര്‍ പെട്ടുപോവുകയായിരുന്നുവെന്നുമാണ് ആക്ഷേപം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com