കൊലപാതകത്തിന്റെ ചുരുളഴിയുന്നു; റെനീഷിന്‌ ധന്‍രാജുമായുള്ള ആത്മബന്ധം കൊലയ്ക്ക് പ്രേരണയായി

പാര്‍ട്ടി ബന്ധത്തിന് അപ്പുറത്ത് റെനീഷിന് പയ്യന്നൂരില്‍ കൊല്ലപ്പെട്ട ധന്‍രാജുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതാണ് ധന്‍രാജ് വധത്തില്‍ ഉള്‍പ്പെട്ട ബിജുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്‌
കൊലപാതകത്തിന്റെ ചുരുളഴിയുന്നു; റെനീഷിന്‌ ധന്‍രാജുമായുള്ള ആത്മബന്ധം കൊലയ്ക്ക് പ്രേരണയായി

കണ്ണൂര്‍: രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി പിടിയിലായ പ്രതികള്‍. ഒരു മാസം മുന്‍പ് തന്നെ ബിജുവിനെ കൊലപ്പെടുത്തുന്നതിനുള്ള ആസൂത്രണങ്ങള്‍ തുടങ്ങിയിരുന്നതായി മുഖ്യപ്രതി റെനീഷ് പൊലീസിന് മൊഴി നല്‍കി. ഇന്നോവ കാറുടമയും അറസ്റ്റിലായ മറ്റ് മൂന്ന് പേരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചത്. വാഹനം വാടകയ്‌ക്കെടുത്തതുമുതല്‍ ആക്രമികള്‍ ബിജുവിനെ പിന്തുടരുകയായിരുന്നു. ബിജു സുഹൃത്ത് രാജേഷിനൊപ്പം റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുന്നതും സുഹൃത്തിനൊടൊപ്പം മടങ്ങുന്നതും ആക്രമികള്‍ യഥാസമയം മനസിലാക്കിയിരുന്നതായും പൊലീസ് പറയുന്നു. 

മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിന്റെ വാഹനത്തില്‍ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന്റെ ഭാഗമായുണ്ടായ അപകടമാണെന്ന് കരുതി ബിജുവിന്റെ സുഹൃത്ത് രാജേഷ് ഇന്നോവ ഡ്രൈവറുമായി വഴക്കിട്ടു. ഈ സമയത്ത് കാറില്‍ നിന്നിറങ്ങിയ അക്രമി ബിജുവിനെ ക്രൂരമായി വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമികളില്‍ നിന്നും രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നെന്നുമാണ് രാജേഷ് പൊലീസിന് നല്‍കിയ മൊഴി. സംഘത്തില്‍ ഇത്രപേര്‍ ഉണ്ടെന്നും രാജേഷിന്റെ മൊഴിയില്‍ നിന്നാണ് പൊലീസ് മനസിലാക്കിയത്.കഴിഞ്ഞയാഴ്ചവരെ ബിജുവിന് പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. മംഗളൂരുവില്‍ സന്ദര്‍ശനം നടത്തി മണ്ടങ്ങിവരവെയാണ് ബിജുവിനു നേര്‍ക്ക് ആക്രമണം ഉണ്ടാവുന്നതും കൊല്ലപ്പെടുന്നതും.

ബിജുവിന്റെ കൊലപാതകത്തിലേക്ക് റെനീഷിനെ നയിച്ചത് പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജുമായുള്ള അടുത്ത ബന്ധമാണ്. ഇതാണ്  കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. കൊലപാതകം നടക്കുന്നതിന് മുന്‍പും ബിജുവിന് നേരെ വധശ്രമം ഉണ്ടായിരുന്നു. എന്നാല്‍ ബിജുവോ, ബിജുവിന് ഒപ്പമുള്ളവര്‍ക്കോ ഇത് മനസിലായിരുന്നില്ലെന്നും പൊലീസ് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കണമെന്ന നിലയില്‍ അക്രമസംഭവങ്ങളുടെ സൂത്രധാരന്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് നെയ്യാറ്റിന്‍കര സ്വദേശി കണ്ണന്‍ എന്ന എസ് ആര്‍ അജീഷാണെന്നു നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. രാമന്തളിയില്‍ മണ്ഡല്‍ കാര്യവാഹകായ ചൂരക്കാട് ബിജുവിന്റെ അറിവില്ലാതെയും സഹായമില്ലാതെയും രാമന്തളി പ്രദേശത്ത് വെച്ച് ധന്‍രാജിനെ കൊലപ്പെടുത്താനാകില്ലെന്നാണ് റെനീഷുള്‍പ്പടെയുള്ള ധന്‍രാജിന്റെ സുഹൃത്തക്കള്‍ കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലായ് പതിനൊന്നിനായിരുന്നു സിപിഎം പ്രവര്‍ത്തകനായ ധന്‍രാജ് കൊല്ലപ്പെടുന്നത്.രാത്രി പത്തുമണിയോടെ ധന്‍രാജിനെ പിന്തുടര്‍ന്നെത്തിയ ഏഴംഗ മുഖംമൂടി സംഘം വീട്ടുമുറ്റത്തു വച്ചാണ് കൊലപാതകം നടത്തിയത്. ബൈക്കില്‍ വന്നിറങ്ങിയ ധനരാജ് വീട്ടിലേക്കു കയറുന്നതിനിടെ മൂന്നു ബൈക്കുകളില്‍ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഡിവൈഎഫ്‌ഐ മുന്‍വില്ലേജ് സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട ധന്‍രാജ്


കൊലപാതകത്തില്‍ റെനീഷിനെ സഹായിച്ച വ്യക്തിയാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്ന പയ്യന്നൂര്‍ സ്വദേശി ജ്യോതിഷ്. ഏപ്രില്‍ 25ന് നിതിന്‍ എന്ന വ്യക്തിയില്‍ നിന്നും വാഹനം വാടകയ്‌ക്കെടുത്ത് കൊടുത്തത് ജ്യോതിഷ് ആയിരുന്നു. കൊലപാതകം നടക്കുന്ന ദിവസം വാഹനമോടിച്ചത് റെനീഷ് ആണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ പിടിയിലായിരിക്കുന്ന മൂന്ന് പേരില്‍ രണ്ട് പേര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളതെന്ന് പൊലീസ് പറയുന്നു.  കൊലപാതകവുമായി ബന്ധപ്പെട്ട അഞ്ച് പേരെ കൂടിയാണ് പൊലീസിന് ഇനി കണ്ടെത്തേണ്ടത്. നിലവില്‍ പിടിയിലായിരിക്കുന്നവരെ ചോദ്യം ചെയ്യുന്നതിലൂടെ ഇവരെ പിടികൂടാന്‍ സാധിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന മുഖ്യമന്ത്രിയടെ നിര്‍ദേശവും പൊലീസിന് പ്രതികളെ പിടികൂടുന്നതില്‍ തടസമാകില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com