സമാധാന ചര്‍ച്ച അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്: കോടിയേരി ബാലകൃഷ്ണന്‍; പട്ടാളനിയമം ബാലിശമാണ്

സമാധാന ചര്‍ച്ച അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്: കോടിയേരി ബാലകൃഷ്ണന്‍; പട്ടാളനിയമം ബാലിശമാണ്

രാമന്തളി സംഭവത്തില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന് ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് കോടിയേരി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സമാധാന ചര്‍ച്ചയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇതുവരെ അങ്ങനെത്തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ പട്ടാളനിയമമായ അഫ്‌സപ നടപ്പിലാക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത് പട്ടാളത്തെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാമെന്ന വ്യാമോഹമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ ചേരിതിരിവുകൊണ്ടുള്ള സംഘര്‍ഷമാണ് നടക്കുന്നത്. ഇവിടെ ഭരണപരവും രാഷ്ട്രീയപരവുമായ ഇടപെടലിലൂടെ സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് മുഖ്യമന്ത്രി സമാധാന ചര്‍ച്ച വിളിച്ചുചേര്‍ത്തതെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാനായിരുന്നു ആദ്യതീരുമാനം. തുടര്‍ന്ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. എന്നാല്‍ ആര്‍എസ്എസ് ഇതില്‍ പങ്കാളികളായിരുന്നില്ല. ആര്‍എസ്എസിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ആ യോഗത്തിലുണ്ടായി. തുടര്‍ന്നാണ് ആര്‍എസ്എസിനെയും ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നത്.
ആ സമാധാന ചര്‍ച്ചയില്‍ പ്രശ്‌നം കൂടുതലുള്ള ജില്ലകളില്‍ പ്രത്യേകയോഗം ചേരണം എന്നു തീരുമാനിച്ചു. അങ്ങനെ കണ്ണൂരില്‍ വച്ച് വിപുലമായ സമാധാന യോഗം ചേര്‍ന്നു. ആ സമാധാനയോഗത്തിന്റെ തീരുമാനം ലംഘിക്കുന്ന അവസ്ഥ ഇരുഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്. സിപിഎമ്മിന്റെ നിരവധി പാര്‍ട്ടി ഓഫീസുകള്‍, 200ലധികം പ്രവര്‍ത്തകരുടെ വീടുകള്‍ എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. കൊലപാതക ശ്രമങ്ങള്‍ ഏറെയുണ്ടായി. മുഖ്യമന്ത്രിയുടെ ചര്‍ച്ചയ്ക്കു ശേഷം 34 സംഭവങ്ങള്‍ സിപിഎമ്മിനെതിരായി ആര്‍എസ്എസിന്റെ ഭാഗത്തുനിന്നുമുണ്ടായി. എന്നിട്ടും സിപിഎമ്മിനെ കുറ്റപ്പെടുത്താനാണ് ബിജെപി - ആര്‍എസ്എസ് ശ്രമം. മുഖ്യമന്ത്രിയുടെ സമാധാനചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്. അതിലുണ്ടായ പ്രധാന തീരുമാനം ഇനിയൊരു ആക്രമസംഭവളുണ്ടായാല്‍ പ്രതികളെ ഒറ്റപ്പെടുത്തണമെന്നും തള്ളിപ്പറയണമെന്നും തീരുമാനിച്ചിരുന്നു. രാമന്തളിയിലുണ്ടായ സംഭവത്തില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന് ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യം സിപിഎം പയ്യന്നൂര്‍ ഏരിയാക്കമ്മിറ്റി നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ പട്ടാളനിയമം കൊണ്ടുവരണമെന്ന ബിജെപി ആവശ്യം സിപിഎമ്മിനെ പട്ടാളത്തെ ഉപയോഗിച്ച് തകര്‍ക്കാമെന്ന വ്യാമോഹമാണ്. ഇന്ത്യയില്‍ ഏഴ് സംസ്ഥാനങ്ങളില്‍ ഇത് ഭാഗീകമായോ പൂര്‍ണ്ണമായോ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ അവിടെയൊക്കെ സംഘര്‍ഷം കൂടിയതേയുള്ളു. പട്ടാളവും ജനങ്ങളും ഏറ്റുമുട്ടുന്ന അവസ്ഥ വരെയുണ്ടായി. ഗുജറാത്തില്‍ 2000 മുസ്ലീങ്ങള്‍ക്കെതിരെ വംശീയഹത്യ നടന്നപ്പോഴോ, അടുത്തിടെ സുഖ്മയില്‍ സൈന്യത്തിനെതിരെ മാവോയിസ്റ്റ് ആക്രമണമുണ്ടായപ്പോഴോ നടപ്പാക്കാത്ത അഫ്‌സപ കണ്ണൂരില്‍ നടത്താമെന്നത് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com