സ്വാശ്രയമെഡിക്കല്‍ പിജി ഫീസ് വര്‍ധന എഐഎസ്എഫ് സമരരംഗത്തേക്ക്

സ്വാശ്രയ മെഡിക്കല്‍ പിജി ഫീസ് വര്‍ധനയ്‌ക്കെതിരെ സമരവുമായി എഐഎസ്എഫ് - വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം - ഫീസ് വര്‍ധന വിദ്യാര്‍ത്ഥി സംഘടനകളെ അറിയിച്ചില്ലെന്നും എഐഎസ്എഫ്
സ്വാശ്രയമെഡിക്കല്‍ പിജി ഫീസ് വര്‍ധന എഐഎസ്എഫ് സമരരംഗത്തേക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി ഇടതുവിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ്. സ്വാശ്രയമെഡിക്കല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ടാണ് എഐഎസ്എഫ് സമരരംഗത്തെത്തുന്നത്. ഇന്ന് ചേര്‍ന്ന എഐഎസ്എഫ് സംസ്ഥാനസമിതിയാണ് സര്‍ക്കാരിനെതിരെ സമരം നടത്താനുള്ള തീരുമാനമെടുത്തത്. ഫീസ് വര്‍ധന എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിനെതിരാണ്. സ്വാശ്രയമെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ ഇത് പകല്‍ക്കൊള്ളയ്ക്ക് വഴിയൊരുക്കുമെന്നാണ് എഐഎസ്എഫ് പറയുന്നത്. സര്‍ക്കാര്‍ ഇത്തരത്തിലൊരു സുപ്രധാനമായ തീരുമാനമെടുക്കുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തണമായിരുന്നെന്നും സംസ്ഥാനസമിതിയില്‍ അഭിപ്രായമുയര്‍ന്നു.

മെഡിക്കല്‍ പിജി സീറ്റുകളില്‍ ഫീസ് ഉയര്‍ത്തിയ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറി എം വിജിനും അഭിപ്രായപ്പെട്ടിരുന്നു. സാധാരണക്കാരുടെ മെറിറ്റ് സീറ്റിലെ മെഡിക്കല്‍ പിജി വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഫീസ് വര്‍ധനവെന്നും സമഗ്രമായി പരിഷ്‌കരിച്ച് മെറിറ്റ് ക്വാട്ട പരിഗണിക്കുന്നതാവണം ഫീസ് ഏകീകരണമെന്നായിരുന്നു ബിജിന്റെ അഭിപ്രായം

മെഡിക്കല്‍ പിജി ഫീസ് ഉയര്‍ത്തിയ നടപടിക്കെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. കെഎസ് യു സമരത്തിന് പിന്നാലെയാണ് ഫീസ് വര്‍ധനയ്‌ക്കെതിരെ സമരം നടത്താനുള്ള എഐഎസ്എഫ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com