ആണവ നിലയങ്ങള്‍; ഇന്ത്യ നീങ്ങുന്നത് അപകടം നിറഞ്ഞ വഴികളിലേക്ക്

പുതിയ ആണവ നിലയങ്ങള്‍ തുടങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് എസ്.പി ഉദയകുമാറും കെ.വേണുവും സി.ആര്‍ നീലകണ്ഠനും സമകാലിക മലയാളത്തോട് പ്രതികരിക്കുന്നു 
ആണവ നിലയങ്ങള്‍; ഇന്ത്യ നീങ്ങുന്നത് അപകടം നിറഞ്ഞ വഴികളിലേക്ക്

രാജ്യത്ത് പുതിയതായി പത്ത് ആണവ നിലയങ്ങള്‍ കൂടി തുടങ്ങാന്‍  കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനമെടുത്തിയിരിക്കുകയാണ്. ഇതോടെ ആണവ നിലയങ്ങള്‍ക്കുള്ള പ്രസക്തിയെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ ആണവ നിലയങ്ങള്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍,ഇന്ത്യ സൗരോര്‍ജ മേഖലയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് പുതിയ പത്ത് ആണവ നിലയങ്ങള്‍ എന്ന സംശയമുയര്‍ത്തുകയാണ് സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍. ആണവ ലോബിയെ സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടിയെന്നും അവര്‍ സംശയം പ്രകടിപ്പിക്കുന്നു. വിഷയത്തെപ്പറ്റി കൂടംകുളം സമര നായകന്‍ എസ്.പി ഉദയകുമാറും സാമൂഹ്യ പ്രവര്‍ത്തകനായ കെ. വേണുവും
പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠനും സമകാലിക മലയാളത്തോട് പ്രതികരിക്കുന്നു. 


എസ്.പി ഉദയകുമാര്‍

കൂടംകുളം സമരവും അതുപോലെ രാജ്യത്തിന്റെ പലഭാഗത്ത് നടന്നുവരുന്ന ആണവ നിലയ വിരുദ്ധ സമരങ്ങളും ചെറുത്തുനില്‍പ്പുകളും ഒന്നും മോദി സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണാമായിവേണം ഈ പുതിയ പദ്ധതി പ്രഖ്യാപനത്തെ നോക്കിക്കാണേണ്ടത്. പുതിയതായി പത്ത് ആണവ നിലയങ്ങള്‍ കൂടി ആരംഭിക്കുവാന്‍ പോകുകയാണ്. ആര്‍ക്കുവേണ്ടിയാണ് ഇതെല്ലാം. രാജ്യത്തിന് വേണ്ടിയല്ല,കോര്‍പ്പറേറ്റുകളെ സഹായിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ദേശീയതയുടെ പേര് പറഞ്ഞ് ജനകീയ മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുകയാണ് ആര്‍എസ്എസും ബിജെപിയും. ഞങ്ങള്‍ നാടിനായാണ് സമരം ചെയ്യുന്നത്. നാടിനാവശ്യമില്ലാത്ത ആണവ നിലയം സര്‍ക്കാരിനെന്തിന്? ഞങ്ങളുടെ സമരത്തിലേക്ക് കൂടുതല്‍ രാഷ്ട്രീയ കക്ഷികള്‍ എത്തുകയാണ്.

സമരചരിത്രത്തിലാദ്യമായി സിപിഐയും സിപിഎമ്മും സമരത്തിന്‌
പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. അവര്‍ക്ക് മനസ്സിലായിരിക്കുന്നു ഞങ്ങള്‍ ചെയ്തതാണ് ശരിയെന്ന്. 

കേന്ദ്രസര്‍ക്കാരിന്റെ ഈ ആണവ നിലയ പദ്ധതിക്കെതിരെ ശക്തമായ ജനപ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. അതിന് കൂടംകുളം മുന്നില്‍ നില്‍ക്കും. മോദിയുടെ കപട ദേശീയ മുഖം തുറന്നുകാട്ടും. 

സി ആര്‍ നീലകണ്ഠന്‍ 

പത്ത് ആണവ നിലയങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന്റെ കൂടെ ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞ താപനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഇതുരണ്ടും ഒരുമിച്ചുവേണം ചര്‍ച്ച ചെയ്യാന്‍ ആ താപനിലയങ്ങളില്‍ മിക്കതും പൊതുമേഖലാ താപനിലയങ്ങളാണ്. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന താപനിലയങ്ങളില്‍ പലതും ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞവയാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും കീഴിലുള്ള ഈ താപനിലയങ്ങള്‍ അടച്ചുപൂട്ടുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. എന്നാല്‍ പൂട്ടാതിരിക്കുന്ന സ്വകാര്യ താപനിലയങ്ങള്‍ വേറെയുണ്ട്. പൊതുമേഖലാ താപനിലയങ്ങള്‍ പൂട്ടുമ്പോള്‍ വന്‍തോതില്‍ വൈദ്യുതി വില്‍ക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഇലക്ട്രിസിറ്റി വകുപ്പുകള്‍ക്ക് വൈദ്യുതി വാങ്ങേണ്ടിവരും. ഇതാണ് ഈ തീരുമാനത്തിന്റെ ആദ്യ പ്രത്യാഘാതം. 

രണ്ടാമത്തെ വിഷയം ആണവ നിലയങ്ങളാണ്. ആണവ നിലയങ്ങള്‍ ക്ലീന്‍ എനര്‍ജി ആണ് എന്നത് വളരെ തെറ്റായ ധാരണയാണ്. പുകയുണ്ടാകില്ല എന്നതുകൊണ്ട് ഒരു സാധനം ക്ലീന്‍ ആകണം എന്നില്ല. ഇന്ധന ഖനനം മുതല്‍ അതിന്റെ സംസ്‌കരണവും എല്ലാം എടുത്തുനോക്കിയാല്‍ ആണവനിലയങ്ങള്‍ ദീര്‍ഘകാല മലിനീകരണകാരികളാണ്. വികസനം എന്ന് പറഞ്ഞ് ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അങ്ങ് മറക്കുകയാണ്. 

യുറേനിയം ഖനന കേന്ദ്രമായിരുന്ന ഝാര്‍ഖണ്ഡിലെ ജാദുഗോഡ ഇന്ന് മനുഷ്യവാസയോഗ്യമല്ലാതായി.ഇതിനൊക്കെ പുറമേ ആണവ നിലയങ്ങളില്‍ നിന്ന് ലഭിക്കുന്ന വേസ്റ്റ് വര്‍ഷങ്ങള്‍ സൂക്ഷിക്കേണ്ടിവരും. ഇതിനൊക്കെ വേണ്ട ചിലവ് കണക്കാക്കിയാല്‍ ഇതൊന്നും ക്ലീനുമല്ല ചീപ്പുമല്ല. 

പത്ത് ഇന്ത്യന്‍ നിര്‍മ്മിത ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇതുള്ളിടങ്ങളില്‍ ജനങ്ങള്‍ എതിര്‍ക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. മാത്രവുമവല്ല ഇതന്റെ നിര്‍മ്മാണ കാലാവധി എന്ന് പറയുന്നത് 25 വര്‍ഷമാണ്. 25 വര്‍ഷം കഴിഞ്ഞ് വരാന്‍ പോകുന്ന വൈദ്യുതിയെപ്പറ്റിയാണ് മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. അന്നേക്ക് ലോകത്ത് ആണവ നിലയങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഒരു ഹുക്കുഷിമ നമ്മുടെ മുന്നിലുണ്ട്, ഉദാഹരണമായി. ജപ്പാനില്‍ മാത്രം 54 എണ്ണം പൂട്ടി. ലോകരാജ്യങ്ങള്‍ ആണവനിലയങ്ങള്‍ അടച്ചുപൂട്ടുന്നു. പകരം സംവിധാനങ്ങള്‍ കണ്ടെത്തുന്നു. ജര്‍മ്മനി പൂര്‍ണ്ണമായും ആണവ നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു.അമേരിക്കയില്‍ 78ന് ശേഷം ആണവ നിലയങ്ങള്‍ വന്നിട്ടില്ല. ഒരു വികസിത രാജ്യവും ആണവനിലയങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകുന്നില്ല. പക്ഷേ ഇന്ത്യാ ഗവണ്‍മെന്റ് ഇതൊന്നും കാണുന്നില്ല. 

ആണവനിലയങ്ങളുടെ പേരില്‍ എന്നും വലിയ തോതിലുള്ള അഴിമതികള്‍ നടന്നിട്ടുണ്ട്. അഴിമതി തന്നെയാണ് ഇപ്പോഴുള്ള പ്രഖ്യാപനത്തിന്റെയും ലക്ഷ്യം. സ്വകാര്യ ആണവ നിലയ ലോബികളെ സഹായിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. കമ്പനികളെയാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഏല്‍പ്പിക്കാന്‍ പോകുന്നത്.അവര്‍ക്ക് പറയുന്ന തുകയും നല്‍കും. വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കുക എന്നതാണ് ലക്ഷ്യം. മോദി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് താപനിലയങ്ങള്‍ അടച്ചുപൂട്ടണം എന്നതുകൂടിയാണ്.അപ്പോള്‍ ഏത് വിധേനയും വൈദ്യുതി ലഭിച്ചാല്‍ മതിയെന്ന ചിന്ത വരും. അങ്ങനെ സ്വകാര്യ താപനിലയത്തില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും. സ്വകാര്യ കമ്പനികള്‍ കൊള്ള ലാഭം കൊയ്യുകയും ചെയ്യും. ആണവനിലയങ്ങള്‍ നമ്മുടെ പ്രയോറിറ്റിയാണോ എന്ന ചിന്ത ഉയര്‍ന്നുവരണം. സോളാര്‍ ഉള്‍പ്പെടെ മുന്നിലുണ്ട്. അതിനെപ്പറ്റിയൊന്നും മോദി ചിന്തിക്കുന്നതേയില്ല. 


കെ വേണു

ഈ കാലഘട്ടത്തില്‍ ആണവ നിലയങ്ങളുടെ ആവശ്യമില്ല എന്നതാണ് യാത്ഥാര്‍ത്ഥ്യം. സൗരോര്‍ജമുള്‍പ്പെടെ നിര്‍മ്മാണ ചിലവ് ഏറ്റവും കുറഞ്ഞ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ വളരെ അപകടം നിറഞ്ഞ വഴികളിലേക്കാണ് ഭരണകൂടം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്രയും ആണവനിലയങ്ങള്‍ക്ക് ഒറ്റയടിക്ക് അനുമതി നല്‍കേണ്ട ആവശ്യവുമില്ല. ശക്തമായ പ്രതിഷേധം അതിനെതിരെ ഉണ്ടാകേണ്ടതുണ്ട്. സാധരണനിലയില്‍ മലിനീകരണം കുറഞ്ഞ പദ്ധതികളാണ് ആണവനിലയങ്ങള്‍ എന്ന് തെറ്റിദ്ധാരണ പരത്തുകായണ്. 

പത്തുകൊല്ലം കൊണ്ട് മൊത്തം ലോകത്തിനാവശ്യമുള്ളതിന്റെ അമ്പത് ശതമാനം എനര്‍ജിയും സോളാറില്‍ നിന്ന് ലഭിക്കുമെന്ന ബോധ്യം വന്നുകഴിഞ്ഞു. ഏറ്റവും ചിലവ് കുറഞ്ഞും പരിസ്ഥിതിക്ക് ദോഷം വരാത്തതും മലിനീകരണമില്ലാത്തതുമായ സംവിധാനം ഉണ്ടായിട്ടും ഭരണകൂടത്തിന്റെ ചിന്ത എങ്ങനെ മനുഷ്യനേയും പരിസ്ഥിതിയേയും ദുരിതത്തിലാക്കാം എന്നുള്ളതാണ്. 

ഒഴിവാക്കാന്‍ കഴിയാത്തതാണെങ്കില്‍ സമ്മതിച്ചുകൊടുക്കാം.പക്ഷേ, തീര്‍ച്ചയായും പകരം സംവിധാനമുള്ളപ്പോള്‍ ഇത്രയും അപകടം നിറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് എന്തിന്? പ്രത്യേകിച്ച ഇന്ത്യ സൗരോര്‍ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയിരിക്കുന്ന ഈ സമയത്ത്. ആണവ വ്യവസായത്തില്‍ പണം മുടക്കിയ നിരവധിപേരുണ്ട്,അവരെ സഹായിക്കാന്‍ വേണ്ടിമാത്രമാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ പോക്കുന്നത്. അല്ലാതെ രാജ്യതാത്പര്യത്തിന് വേണ്ടിയോ രാജ്യ നന്‍മയ്ക്ക് വേണ്ടിയോ അല്ല എന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com