നോട്ടിനായി ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍; രണ്ടു ലക്ഷം ധനസഹായം നല്‍കാന്‍ തീരുമാനം

നോട്ടിനായി ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍; രണ്ടു ലക്ഷം ധനസഹായം നല്‍കാന്‍ തീരുമാനം

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തിരുമാനം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ 500,1000 നോട്ടുകള്‍ പിന്‍വലിക്കല്‍ നടപടിമൂലംം ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തിരുമാനം. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി എടിഎമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്കു ഇത്തരത്തില്‍ സഹായം ലഭിക്കും. 
സി. ചന്ദ്രശേഖരന്‍ (68, കൊല്ലം), കാര്‍ത്തികേയന്‍ (75, ആലപ്പുഴ), പി.പി. പരീത് (തിരൂര്‍, മലപ്പുറം), കെ  കെ. ഉണ്ണി (48, കെഎസ്ഇബി, കണ്ണൂര്‍) എന്നിവരാണു മരിച്ചത്. 

2016 നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. പിറ്റേന്ന് മുതല്‍ രാജ്യവ്യാപകമായി ക്യൂ നിന്ന് തളര്‍ന്നുവീണവരുടേയും മരണപ്പെട്ടവരുടേയും വാര്‍ത്തകകള്‍ പുറത്തുവന്നിരുന്നു. കേരളത്തിലും നോട്ട് നിരോധനം ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. നോട്ട് നിരോധനത്തിനെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഭരണത്തിലിരിക്കുന്ന ഇടത് നുന്നണിതന്നെ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടിമൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com