ഈ സര്‍ക്കാര്‍ നടത്തുന്നത് വാചകമടി മാത്രം: ചെന്നിത്തല

സിപിഐ സിപിഎം തര്‍ക്കം ഭരണത്തെ ബാധിച്ചുവെന്ന് ചെന്നിത്തല ആരോപിച്ചു
ഈ സര്‍ക്കാര്‍ നടത്തുന്നത് വാചകമടി മാത്രം: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ദീര്‍ഘമായ വാര്‍ത്താ സമ്മേളനത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. ഒന്നും എടുത്തുകാട്ടാനില്ലാതെ, വാചകമടി മാത്രം നടത്തുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

സിപിഐ സിപിഎം തര്‍ക്കം ഭരണത്തെ ബാധിച്ചുവെന്ന് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തമില്ല. അധികാരം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകന്നുപോയതായും രമേശ് ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി പദ്ധതികളെല്ലാം യുഡിഎഫിന്റേതാണ്. കൊച്ചി മെട്രൊ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവയെല്ലാം യുഡിഎഫിന്റെ പദ്ധതികളാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഭരിച്ചിട്ടും ഒരു പദ്ധതി പോലും സര്‍ക്കാരിന് എടുത്തുകാട്ടാനില്ല. എല്ലാം കിഫ്ബിയിലൂടെ നടക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത. കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ് ചൂണ്ടിക്കാട്ടിയതാണെന്ന് ചെന്നിത്തല പറഞ്ഞു.

അഴിമതി കേസിലെ വാദിക്കും പ്രതിക്കും ക്യാബിനറ്റ് റാങ്ക് നല്‍കിയതാണ് പിണറായി സര്‍ക്കാരിന്റെ നേട്ടം. ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും അദ്ദേഹത്തിനെതിരെ കേസ് നടത്തിയ വിഎസ് അച്യുതാനന്ദനും സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്ക് നല്‍കി. ഇപ്പോള്‍ വിഎസ് ഒരു പ്രതികരണത്തിനു പോലും മുതിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. 

വിദ്യാഭ്യാസ രംഗത്ത് എന്തൊക്കെയോ ചെയ്തതായാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. വാചകമടി മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന 25 ന് സംസഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com