ഒന്നില്‍ തുടങ്ങി രണ്ടേ മൂന്നേ എന്ന് പിടിച്ചു പത്തില്‍ എത്തുമ്പോഴേക്കും ഉണ്ടാവുമോ ഈ നിയമം? മലയാള ഭാഷാ പഠനത്തില്‍ വിമര്‍ശനവുമായി സേതു

ഏത് നിയമത്തിലും വെള്ളം ചേര്‍ക്കാന്‍ സമര്‍ത്ഥരാണ് നമ്മള്‍. സ്വന്തം ഭാഷ പഠിപ്പിക്കാനാണ് ഈ പാട് മുഴുവനും.
ഒന്നില്‍ തുടങ്ങി രണ്ടേ മൂന്നേ എന്ന് പിടിച്ചു പത്തില്‍ എത്തുമ്പോഴേക്കും ഉണ്ടാവുമോ ഈ നിയമം? മലയാള ഭാഷാ പഠനത്തില്‍ വിമര്‍ശനവുമായി സേതു


കൊച്ചി: സ്‌കൂളുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നത് ഈ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം മതിയെന്ന നിര്‍ദേശത്തിന് എതിരെ എഴുത്തുകാരന്‍ സേതുവിന്റെ വിമര്‍ശനം. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ തുടങ്ങി പത്തു വര്‍ഷം കൊണ്ട് എല്ലാ ക്ലാസിലും മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം. രണ്ടേ മൂന്നേ എന്നു പിടിച്ചു പത്തില്‍ എത്തുമ്പോഴേക്കും നിയമത്തില്‍ ആകെ വെള്ളം ചേര്‍ത്തിരിക്കുമെന്നാണ് സേതുവിന്റെ വിമര്‍ശനം.

ഒന്നില്‍ തുടങ്ങി രണ്ടേ മൂന്നേ എന്ന് പിടിച്ചു അവര്‍ പത്തില്‍ എത്തുമ്പോഴേക്കും മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും എത്ര മാറിയിരിക്കുമെനന് സേതു ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. പലവിധ ലോബികളും അതിനകം ശക്തിപ്പെട്ടിരിക്കും. ഏത് നിയമത്തിലും വെള്ളം ചേര്‍ക്കാന്‍ സമര്‍ത്ഥരാണ് നമ്മള്‍. സ്വന്തം ഭാഷ പഠിപ്പിക്കാനാണ് ഈ പാട് മുഴുവനും. ശാസ്ത്രം തൊട്ട് ചരിത്രം വരെ എല്ലാം മലയാളത്തില്‍ പഠിച്ചു ഇവിടം വരെ എത്താന്‍ കഴിഞ്ഞല്ലോ, ആശ്വാസം എന്നെഴുതിക്കൊണ്ടാണ് സേതു ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സ്‌കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്‍ ഈയാഴ്ച നിയമസഭ പാസാക്കുമെന്നാണ് കരുതുന്നത്. സബ്ജക്ട് കമ്മിറ്റി ശുപാര്‍ശകളോടെ നാളെ ബില്‍ വീണ്ടും സഭയുടെ പരിഗണനയ്ക്കു വരും. ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്നുമുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്നാണ് ബില്‍ നിര്‍ദേശിക്കുന്നത്. സബ്ജക്ട് കമ്മിറ്റി പരിഗണിച്ച ശേഷമുള്ള ബില്‍ പ്രകാരം നിലവില്‍ മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളില്‍ ആദ്യ വര്‍ഷം ഒന്നിലും തുടര്‍ന്ന് ഓരോ വര്‍ഷം തൊട്ടടുത്ത ക്ലാസുകളിലുമായി നിര്‍ബന്ധമായും മലയാള പഠനം ഏര്‍പ്പെടുത്തണം. തമിഴഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതിന് തമിഴ്‌നാട് സ്വീകരിച്ച മാതൃകയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു. 

സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും എയ്ഡഡ് സ്‌കൂളുകള്‍ക്കും എന്‍ഒസി നല്‍കുന്നതിന് മലയാള ഭാഷാപഠനം നിര്‍ബന്ധ  വ്യവസ്ഥയായി ഉള്‍പ്പെടുത്തും. സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നതു വിലക്കിയാല്‍ പ്രധാന അധ്യാപകരില്‍നിന്ന് 5000 രൂപ പിഴ ഇടാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. മറ്റേതെങ്കിലും ഭാഷ മാത്രമേ സംസാരിക്കാവൂ എന്നു നിര്‍ബന്ധിച്ചാലും ഇത്തരത്തില്‍ പിഴ ഈടാക്കും. 

മറ്റു സംസ്ഥാനങ്ങളില്‍നിന്നോ വിദേശത്തുനിന്നോ എത്തുന്ന കുട്ടികള്‍ക്കു മലയാള പാഠപുസ്തകം പഠി്ക്കാനാവുന്നില്ലെങ്കില്‍ അവരെ പത്താം ക്ലാസ് മലയാള പരീക്ഷയില്‍നിന്ന് ഒഴിവാക്കും. പ്രത്യേക പാഠപുസ്തകമാവും ഇവര്‍ക്കായി തയാറാക്കുക. ദ്വിഭാഷാ പദ്ധതിയുള്ള കുട്ടികള്‍ക്കായും എസ് സി ഇആര്‍ടി പ്രത്യേക പുസ്തകം തയാറാക്കും.

സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധിതമാക്കിയ സര്‍ക്കാര്‍ നടപടിക്കു  ഏകണ്ഠമായ പിന്തുണയാണ് പൊതുമണ്ഡലത്തില്‍നിന്നു ലഭിച്ചത്. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും നടപടിയെ അഭിനന്ദിച്ചു രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പഠനം ഓരോ ക്ലാസില്‍ വീതം മതിയെന്ന നിര്‍ദേശം വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com