ഇപ്പോള്‍ നമുക്ക് എത്ര മന്ത്രിമാരുണ്ട്?, എത്ര പേര്‍ രാജിവച്ചു? മുഖ്യമന്ത്രിക്ക് ഉപദേശകര്‍ എത്ര? നിയമസഭയിലെ ചോദ്യോത്തര പംക്തിയില്‍ കണ്ടത്...

നിയമസഭയിലെ ചോദ്യോത്തര പംക്തിയില്‍ കണ്ടത്...
ഇപ്പോള്‍ നമുക്ക് എത്ര മന്ത്രിമാരുണ്ട്?, എത്ര പേര്‍ രാജിവച്ചു? മുഖ്യമന്ത്രിക്ക് ഉപദേശകര്‍ എത്ര? നിയമസഭയിലെ ചോദ്യോത്തര പംക്തിയില്‍ കണ്ടത്...

ഈ സര്‍ക്കാരില്‍ എത്ര മന്ത്രിമാര്‍ ഉണ്ട്, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര മന്ത്രിമാര്‍ ഉണ്ടായിരുന്നു, ഈ സര്‍ക്കാരില്‍നിന്ന് എത്ര മന്ത്രിമാര്‍ രാജിവച്ചിട്ടുണ്ട്? ചോറുണ്ണുന്ന ഇലയേത് എന്ന മട്ടിലുള്ള, കോടീശ്വരന്‍ പരിപാടിയുടെ ഏറ്റവും എളുപ്പമുള്ള ആദ്യപടിയുടെ കൂട്ടത്തില്‍ വന്നവയല്ല ഈ ചോദ്യങ്ങള്‍. ഇതെല്ലാം കേരള നിയമസഭയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചോദിക്കപ്പെട്ടവയാണ്. സര്‍ക്കാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ലെന്ന പരാതി വ്യാപകമാവുകയും സ്പീക്കര്‍ ഇടപെട്ട് അതില്‍ റൂളിങ് നല്‍കുകയുമൊക്കെ ചെയ്യുമ്പോള്‍ എന്താണീ ചോദ്യങ്ങള്‍ ഒന്നു വെറുതെ കണ്ണോടിച്ചാല്‍ കിട്ടുന്നവയാണ് ഇവയെല്ലാം. 

ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിക്കുന്നതിന് എത്ര ചെലവായി എന്ന ഒ രാജഗോപാലിന്റെ അബദ്ധചോദ്യം നിറഞ്ഞോടുകയാണ് സോഷ്യല്‍ മീഡിയയില്‍. രാജ്‌ഗോപാലിന്റേത് നാക്കുപിഴയും വാക്കുപിഴയുമാണെന്ന് ന്യായീകരണത്തില്‍ പിടിച്ചുതൂങ്ങുകയാണ് സാമൂഹ്യമാധ്യമങ്ങളിലെ സംഘപരിവാറുകാര്‍. സെന്‍കുമാര്‍ കേസ് ആണത്രെ രാജഗോപാല്‍ ഉദ്ദേശിച്ചത്. എന്തായാലും ഇനിയൊരു വാക്കുപിഴയുണ്ടാവാത്ത വിധം രാജഗോപാലിനെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ് ട്രോളര്‍മാര്‍. 

കേരള നിയമസഭ ഒരു ദിവസം സമ്മേളിക്കുന്നതിന് 26 ലക്ഷം രൂപയുടെ ചെലവുണ്ടെന്നാണ് കണക്കുകള്‍. ഇങ്ങനെ വലിയ ചെലവേറിയ സമ്മേളനത്തിലാണ് പ്രാഥമിക ജാഗ്രത പോലും പ്രകടിപ്പിക്കാതെയുള്ള അംഗങ്ങളുടെ പെര്‍ഫോമന്‍സുകള്‍. പല ചോദ്യങ്ങളും പത്തു രൂപ ചെലവാക്കി വിവരാവകാശം കൊടുത്താന്‍ കിട്ടുന്ന രീതിയിലുള്ളവ. അവയില്‍ തന്നെ വിവരാവകാശ അപേക്ഷയ്ക്കു വേണ്ട മുന്നൊരുക്കം പോലും നടത്താത്തവ ഇഷ്ടം പോലെ. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിനിര്‍ത്തുന്നതിനുള്ള സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ എന്നാണ് പി അബ്ദുല്‍ ഹമീദ് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഉത്തരം. സാങ്കേതികമായി വിജിലന്‍സ് ഡയറക്ടര്‍ അവധിയിലാണെന്ന കാര്യം മറന്നുകൊണ്ടാവണം അംഗം നിയമസഭയില്‍ ചോദ്യവുമായി വന്നത്.

ഈ സര്‍ക്കാരില്‍ എത്ര മന്ത്രിമാര്‍ ഉണ്ടെന്നു മുഖ്യമന്ത്രിയോടു ചോദിച്ചു മനസിലാക്കാന്‍ ശ്രമിച്ചത് വികെസി മമ്മത് കോയയാണ്. ഓരോ മന്ത്രിമാര്‍ക്കും എത്രവീതം പേഴ്‌സണല്‍സ്റ്റാഫാണ് ഉള്ളത്, കഴിഞ്ഞ സര്‍ക്കാരില്‍ എത്ര മന്ത്രിമാര്‍ ഉണ്ടായിരുന്നു എന്നും ചോദ്യം ഉന്നയിച്ചു വികെസി. 

ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര മന്ത്രിമാര്‍ രാജിവച്ചു എന്നു മുഖ്യമന്ത്രിയില്‍നിന്ന് അറിയാന്‍ ആഗ്രഹിച്ചത് അന്‍വര്‍ സാദത്ത് ആണ്. ഇവര്‍ രാജിവയ്ക്കാനുണ്ടായ കാരണങ്ങളും സാഹചര്യങ്ങളും വിശദീകരിക്കുമോ എന്നും അന്‍വര്‍ സാദത്തിന്റെ ചോദ്യത്തിലുണ്ട്്. 

അധികാരമേറ്റ ശേഷം മുഖ്യമന്ത്രി എത്രവട്ടം ഡല്‍ഹിയില്‍ പോയി, എത്രതവണ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇങ്ങനെയെല്ലാം ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് സഭയില്‍. അവസാനമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരെ കാണാന്‍ പോയപ്പോള്‍ ഏതെല്ലാം മന്ത്രിമാരാണ് കൂടെയുണ്ടായിരുന്ന എന്നാണ് എം വിന്‍സെന്റ് സഭയില്‍ ഉന്നയിച്ച ചോദ്യം. 

മന്ത്രിമാരുടെ യാത്രാചെലവ്, സല്‍ക്കാരച്ചെലവ്, വീടു നന്നാക്കാനെടുത്ത ചെലവ്, പേഴ്‌സണല്‍ സ്റ്റാഫിന്റെ ചെലവ് ഇതൊക്കെ നിയമസഭയിലെ പതിവു ചോദ്യങ്ങളാണ്. പ്രത്യേകിച്ചുകാര്യമൊന്നുമില്ലെങ്കിലും കൗതുക വാര്‍ത്തയാവുന്ന ഇത്തരം ചോദ്യങ്ങള്‍ അംഗങ്ങള്‍ ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ട്. മറ്റു പലരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചെലവു തേടിയപ്പോള്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനു വേണ്ടി ചെലവായ തുകയാണ് കെഎസ് ശബരിനാഥന്‍ അന്വേഷിച്ചത്. ശബരീനാഥന്‍ മുഖ്യമന്ത്രിയോടു ചോദിച്ച ചോദ്യം ഇങ്ങനെ: 
ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കുന്നതിനും അറ്റകുറ്റപണികള്‍ക്കുമായി ഈ സര്‍ക്കാരിന്റെ കാലത്ത് എന്തു തുക ചെലവായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; (ബി)ഔദ്യോഗിക വസതിയിലേക്ക് സാധനസാമഗ്രികള്‍ വാങ്ങിയതിന് ചെലവായ തുക എത്രയെന്ന് വ്യക്തമാക്കുമോ; (സി)    അതിഥി സല്‍ക്കാരം, യാത്രബത്ത എന്നീ ഇനങ്ങളില്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ എത്ര തുക വീതം ചെലവഴിച്ചുവെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ; (ഡി)    ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍, ഔദ്യോഗിക വസതികളിലേയും ഓഫീസുകളിലെയും ഫോണുകള്‍ എന്നിവയുടെ ബില്ലുകള്‍ എത്രയെന്ന് തരം തിരിച്ച് വ്യക്തമാക്കുമോ; (ഇ)    ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരില്‍ ആരൊക്കെ വിദേശ യാത്ര നടത്തിയിട്ടുണ്ട്, അവരെ അനുഗമിച്ചത് ആരൊക്കെയാണ്; എവിടെയാക്കെയാണ് അവര്‍ പോയതെന്നും ഇതിന് എന്തു തുക ചിലവായെന്നും വെളിപ്പെടുത്തുമോ?

പല ചോദ്യങ്ങളും ദുരുദ്ദേശ്യപരവും കഴമ്പില്ലാത്തതും എന്നൊക്കെ തള്ളാമെങ്കിലും ടിവി ഇബ്രാഹിം മുഖ്യമന്ത്രിയോടു ചോദിച്ച ഈ ചോദ്യം ഒ്‌ന്നൊന്നര ചോദ്യം തന്നെയായിരുന്നു. നാട്ടുകാര്‍ മൊത്തം അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചുകൊണ്ടിരുന്ന ചോദ്യമാണ് ഇബ്രാഹിം മുഖ്യമന്ത്രിയോടു ചോദിച്ചത്. മുഖ്യമന്ത്രിക്ക് എത്ര ഉപദേശകരുണ്ട്? ആരൊക്കെ? ്അവരുടെ ശമ്പളം, മറ്റു ചെലവുകള്‍ എത്ര? ഇബ്രാഹിമിന്റെ ചോദ്യവും മുഖ്യമന്ത്രിയുടെ ഉത്തവും ഇതാ:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com